തിരുവനന്തപുരം: എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയവർ വന്നിട്ട് എന്തായി എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വിവാദങ്ങളല്ലാതെ എന്താണ് ഈ സർക്കാർ ഉൽപാദിപ്പിക്കുന്നത്? ബന്ധുനിയമന വിവാദം മുതൽ കണ്ണടവിവാദം വരെ പലതരം വിവാദങ്ങൾ സർക്കാരിനെ വേട്ടയാടി.

ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടിയും, സിപിഎം സിപിഐ തർക്കവും സർക്കാരിനെ പിടിച്ചുലച്ചു. എന്നാൽ, ക്ഷേമ പദ്ധതികൾക്കെല്ലാം ബജററിൽ വാരിക്കൊടുത്തിട്ടുമുണ്ട്. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതും, വിദ്യാഭ്യാസ ലോൺ എഴുതി തള്ളാനെടുത്ത തീരുമാനവും ഒന്നാവർഷത്തെ നേട്ടങ്ങളിൽ മുമ്പിൽ നിൽക്കുന്നവയായിരുന്നു. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച സഹായത്തിന്റെ കണക്ക് അദ്ദേഹം തന്നെ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. വിവിധ മേഖലകളിൽ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേർക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇതേ കാലയളവിൽ 2011 ജൂൺ മുതൽ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്തത്. കൂടുതൽ ആളുകളിലേക്ക് ധനസഹായം എത്തിക്കാൻ ഇത്തവണ കഴിഞ്ഞതായാണ് പിണറായി വിജയൻ അവകാശപ്പെടുന്നത്.

ദുരിതാശ്വാസനിധിയിൽ നിന്നും വേഗത്തിൽ സഹായധനം അനുവദിക്കാൻ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈനായി അപേക്ഷ നൽകാനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടേറിയറ്റിൽ നേരിട്ട് എത്തണമെന്നില്ലെന്നും മുഖ്യമന്ത്രി കുറിച്ചു.

ചികിത്സാ രേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.അപേക്ഷയിന്മേൽ റിപ്പോർട്ട് ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവിൽ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാൻ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണോടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അപേക്ഷിക്കുന്നത് എങ്ങനെ

ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങൾക്കുണ്ടാകുന്ന മാരകമായ രോഗങ്ങൾക്ക് ചികിത്സാ സഹായം നൽകുക, അപകടമരണങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതർക്ക് അടിയന്തിര ധനസഹായം നൽകുക, തൊഴിൽ കുഴപ്പം ഉണ്ടാകുമ്പോൾ ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് .

നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി 6 മാസത്തിൽ കവിയാത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സമർപ്പിക്കണം. അപകടമരണം സംബന്ധിച്ച ധനസഹായതത്തിന് മരണസർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് എ?ന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ തുക അനുവദിക്കുകയുള്ളു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000 രുപക്ക് തായെയായിരിക്കണം.

ക്യാൻസർ, കിഡ്‌നി,ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ മാരക രോഗങ്ങൾക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കൽ ധനസഹായം ലഭിച്ച് 2 വർഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.അപേക്ഷയിൽ മേൽവിലാസം, ബന്ധപ്പെടാൻ കഴിയുന്ന ഫോൺ നമ്പർ എന്നി വളരെ കൃത്യമായി എഴുതിചേർക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നവർക്ക് കലക്ടറേറ്റിൽനിന്ന് നേരിട്ട് ചെക്ക് നൽകാതെ താലൂക്ക് ഓഫിസുകൾ വഴി നൽകിയാൽ മതിയെന്ന് ഓഡിറ്റ് വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഹൃദ്രോഗം, വൃക്കരോഗം, അർബുദം തുടങ്ങിയവയാൽ പ്രയാസമനുഭവിക്കുന്നവർക്ക് ചികിത്സ സഹായമായാണ് തുക നൽകുന്നത്. അപകടങ്ങളിലും മറ്റും മരണപ്പെട്ടവരുടെ ആശ്രിതർക്കും സഹായധനം നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.