- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടുംബത്തിന് ഉള്ളതല്ല സ്റ്റേറ്റ് കാർ എന്നായിരുന്നു അച്ഛന്റെ പോളിസി'; പിണറായി വിജയൻ പുത്തൻ എസ്‌കോർട്ട് വാഹനം വാങ്ങാൻ ഓഡർ ഇടുമ്പോൾ ഇ.എം.എസിന്റെ മകൾ ഇ.എം.രാധ എഴുതിയ കുറിപ്പ് വൈറലാകുന്നു; മുഖ്യമന്ത്രിയെ ഇ.എം.എസിന്റെ ലളിത ജീവിതം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
കണ്ണൂർ: കടക്കെണിയിലായ കേരളത്തിന്റെ ഖജനാവിൽ നിന്നും പണമെടുത്ത് പുത്തൻ എസ്‌കോർട്ട് വാഹനം വാങ്ങാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് പാരയായി സോഷ്യൽ മീഡിയയിൽ ഇ.എം.എസിന്റെ മകൾ എഴുതിയ കുറിപ്പ് വൈറലാകുന്നു. കുടുംബത്തിനുള്ളതല്ല സ്റ്റേറ്റ് കാർ എന്ന തലക്കെട്ടോടുകൂടി ഇ എം രാധ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ അധികാരത്തോടുള്ള മനോഭാവത്തെയും ലളിതജീവിതത്തെയും കുറിച്ചു പരാമർശിക്കുന്ന കുറിപ്പാണ് നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് സഞ്ചരിക്കാനും എസ്‌കോർട്ടിനുമായി പുതിയ ഇന്നോവ കാർ വാങ്ങാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നതിനാൽ രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കുന്നവരുണ്ട്.
രാധയുടെ കുറിപ്പ് ഇങ്ങനെ:
1967ൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ക്‌ളിഫ് ഹൗസിൽ താമസിക്കാൻ അമ്മ ആര്യാ അന്തർജ്ജനം വിസമ്മതിച്ചു. അന്ന് എ.കെ.ജി വന്നു പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല. പൊലീസ് കാവലിൽ എന്റെ മക്കൾ വളരേണ്ടയെന്നായിരുന്നു അമ്മയുടെ പക്ഷം. കോട്ടൺഹിൽ സ്‌കുളിലായിരുന്നു എന്റെ പഠനം. വീട്ടിൽ നിന്നും ഞാൻ നടന്നു പോകും. സ്റ്റേറ്റ് കാർ കുടുംബത്തിനു വേണ്ടിയുള്ളതെല്ലന്നായിരുന്നു അച്ഛന്റെ പോളിസി.
ഞങ്ങൾ മക്കളും അച്ഛന്റെ സൗകര്യങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല അതിനാൽ ലഭിച്ചിട്ടുമില്ല. അന്നു പക്ഷെ മന്ത്രിമാരായിരുന്ന പലരുടെയും മക്കൾ സറ്റേറ്റ് കാറിലായിരുന്നു സ്‌കൂളിൽ വന്നിരുന്നത്.
കെ.കരുണാകരൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എസ്‌കോർട്ട് ഉപയോഗിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന വിമർശനം പല കോണിൽ നിന്നുമുയർന്നിരുന്നു.
ആംബുലൻസ് സൗകര്യത്തോടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് ചെറുതും വലുതുമായ പരിപാടികൾക്കു അനുഗമിക്കുന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിക്ക് സദാ കാവലൊരുക്കാൻ കേരള പൊലീസിന്റെ പത്തിലേറെ കമാൻഡോസുമുണ്ട് ഇതിനുമപ്പുറം അദ്ദേഹം വീട്ടിലില്ലാത്ത സമയത്തു പോലും പിണറായി പാണ്ട്യാല മുക്കിൽ ഒരു ജീപ്പ് പൊലിസ് രാപ്പകൽ കാവൽ നിൽക്കുന്നുമുണ്ട്.
കേരളം സാമ്പത്തിക കെണിയിലായ സാഹചര്യത്തിൽ പുതിയ ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട് ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രിയുടെ മകളുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ