- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ.ശ്രീധരൻ മഹാനായ വ്യക്തി; ഏതു സ്ഥാനവും വഹിക്കാൻ യോഗ്യൻ; അദ്ദേഹത്തിന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും വിമർശനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്നും ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇ.ശ്രീധരൻ തനിക്കെതിരെ ഉന്നയിച്ച രൂക്ഷ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇ.ശ്രീധരൻ മഹാനായ വ്യക്തിയാണ്. ഏതു സ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണ്. അദ്ദേഹത്തിന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു.
പിണറായി ഏകാധിപതിയാണെന്നായിരുന്നു ശ്രീധരന്റെ വിമർശനം. 'അദ്ദേഹം ആർക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്'. ചാനൽ അഭിമുഖത്തിലാണ് ഇ.ശ്രീധരന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ജനസമ്പർക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണ് ഉള്ളത്. സർക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാവില്ലെന്നും ഇ.ശ്രീധരൻ വിമർശിച്ചു.
അതേസമയം, ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകണമെന്നു പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. എൽഡിഎഫിനെ തകർക്കാനുള്ള അടിയൊഴുക്കാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വൻപദ്ധതികൾ നടക്കുമെന്നു വന്നപ്പോൾ പിണറായി സർക്കാർ എതിരുനിന്നെന്നാണ് ഇ. ശ്രീധരന്റെ ആരോപണം. നിലമ്പൂർ നഞ്ചൻകോട് റയിൽവേ ലൈനിന് സംസ്ഥാന സർക്കാർ എതിരു നിന്നത് തന്നെ വേദനിപ്പിച്ചു. നിലമ്പൂരിനു പകരം തലശേരി മൈസുരു പദ്ധതിയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. നിലമ്പൂർ- നഞ്ചൻകോട് അന്ന് തുടങ്ങിയിരുന്നെങ്കിൽ അധികം വൈകാതെ പൂർത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികൾ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡിഎംആർസി തന്നെ വേണ്ടന്ന നിലപാടാണ് ഇടതുസർക്കാർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ