- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തിറങ്ങിയത് പ്രഭാത ഭക്ഷണത്തിനായി; അപ്രതീക്ഷിതമായി ഇടനാഴിയിൽ സുന്ദരൻ കാഴ്ച്ച; മുന്നിലെ കുഞ്ഞ് കൊഞ്ചലിന് മുഖ്യമന്ത്രിയുടെ 'ഗുഡ്മോണിങ്ങും'; മുഖ്യമന്ത്രിയുടെ പ്രഭാതത്തെ കളറാക്കിയ 'അപൂർവ്വ കൂടിക്കാഴ്‌ച്ച'
ദുബൈ: ദുബൈ സന്ദർശനത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ ദിവസത്തെ കളറാക്കി ഒരു അപൂർവ്വ കൂടിക്കാഴ്‌ച്ച.രാവിലെ പ്രഭാത ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു രസകരമായ സംഭവം.മുറിയിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടന്ന് വരുമ്പോഴാണ് വഴിയിൽ കളിചിരികളുമായി കിടക്കുന്ന കുഞ്ഞിനെ കണ്ടത്.
വഴിയിൽ കളിചിരികളുമായി ഒറ്റയ്ക്ക് കിടക്കുന്ന കുഞ്ഞിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നു നിന്നു. പിന്നെ മുത്തച്ഛന്റെ വാത്സല്യത്തോടെ പറഞ്ഞു 'ഗുഡ് മോണിങ്'. മനസ്സിലായാലും ഇല്ലെങ്കിലും കുഞ്ഞ് എന്തൊക്കെയോ ശബ്ദമുണ്ടാക്കി.അപ്പോഴാണ്, കുഞ്ഞിനെ തിരഞ്ഞ് തൊട്ടടുത്ത മുറി തുറന്ന് പിതാവ് എത്തിയത്.
ഗൗരവത്തിൽ മുറിയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പെട്ടെന്ന് കുഞ്ഞിന്റെ കളിചിരികൾ ആസ്വദിച്ച് അവനോട് കുശലം പറയുന്നത് കണ്ടപ്പോൾ ഹയാത്ത് റീജൻസിലെ ജീവനക്കാർക്കും കൗതുകം.അമേരിക്കയിലെ ചികിൽസയ്ക്ക് ശേഷം യുഎഇയിൽ ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ദുബൈയിൽ എത്തിയത്.
അമേരിക്കയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ദുബായിലെത്തിയത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്. എട്ടു ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂർണ വിശ്രമമാണ്.
പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങൾ, ഡിജിറ്റൽ വൽക്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും.
അടുത്തമാസം നാലിന് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയിനിൽ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. എക്‌സപോയിൽ ആറുദിവസമാണ് കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക.
മറുനാടന് മലയാളി ബ്യൂറോ