കോട്ടയം: സ്വർണ്ണക്കടത്തു കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടി. വിവാദത്തിൽ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി പ്രതികരിക്കാതെ മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് പോലും മറുപടിയില്ലാതിരിക്കയാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തെ പൊതുപരിപാടിക്ക് വൻ സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വേദിയിലെത്താൻ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിർദ്ദേശമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊതുപരിപാടികൾ കഴിവതും ഒഴിവാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ മുൻപ് സുരക്ഷാ നിയന്ത്രണത്തിലാക്കും. കൂടുതൽ പൊലീസിനെ വിന്യസിച്ചാകും സുരക്ഷാ നിയന്ത്രണം. സായുധ ബറ്റാലിയനുകളിൽ നിന്നാണ് കൂടുതൽ പൊലീസിനെ വിന്യസിക്കുക. മുഖ്യമന്ത്രിക്കു നിലവിൽ സെഡ് പ്ലസ് സുരക്ഷയാണുള്ളത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാർക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൈലറ്റ്, എസ്‌കോർട്ട് ക്രമീകരണങ്ങൾ മന്ത്രിമാർക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച വ്യക്തികൾക്കും സുരക്ഷ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ വർധിപ്പിച്ചത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പലയിടങ്ങളിലും മുഖ്യന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.