- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; നിർമല സീതാരാമന്റെ താൽപര്യപ്രകാരം ഇഡി, കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി പീഡിപ്പിക്കുന്നു; വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെ പെരുമാറുന്നു; തെരഞ്ഞെടുപ്പിനായി മാധ്യമ പ്രചാരണം ലക്ഷ്യം; ഇടപെടൽ തേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ കത്ത്; വികസനം അട്ടിമറിക്കുന്ന ബിജെപിയെ കേരളജനത തിരഞ്ഞെടുപ്പിൽ ഒറ്റപ്പെടുത്തുമെന്ന് സിപിഎം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചുവരുത്തുന്നതെന്ന് പിണറായി വിജയൻ കത്തിൽ പറയുന്നു,
ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണ്. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണം. ബിജെപി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭാവമെങ്കിൽ നേരിടുമെന്ന് മന്ത്രി തോമസ് ഐസക് രാവിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇ.ഡിയുടെത് ചട്ടലംഘനമാണ്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ നിന്ന്:
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്.
2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തര സ്വഭാവവും ഇല്ല. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 28ന് കൊച്ചിയിൽ ബിജെപി പ്രചാരണ യോഗത്തിൽ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്.
അന്വേഷണ കാര്യത്തിൽ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്. നിർമ്മലാ സീതാരാമൻ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ഒരു കേസിൽ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാൽ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത്.
മാർച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോർട്ട് ചെയ്തത് കിഫ്ബി സിഇഒ ക്ക് സമൻസ് നൽകി എന്നാണ്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന് ഇത്തരത്തിൽ സമൻസ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർത്തി നൽകുന്നത്.
ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ. അന്വേഷണ ഏജൻസികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണം. അന്വേഷണ ഏജൻസികൾ നിയമത്തിന്റെ അന്തസ്സത്തക്കനുസരിച്ച് പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഉണ്ടാവണമെന്നും കത്തിൽ പറഞ്ഞു
വികസനം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ അനുവദിക്കില്ല: സിപിഎം
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികൾ അട്ടിമറിക്കാൻ ലക്ഷ്യംവെച്ചും ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്ര സർക്കാർ സംവിധാനമായ ഇ.ഡിയുടെ ഇടപെടൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തിയിരുന്നു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ തിടുക്കത്തിൽ ഇ.ഡി അന്വേഷണവുമായി എത്തിയത്. ധനമന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗംവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്.
എൽഡിഎഫ്സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നിലയുറപ്പിക്കുന്നതാണ് ബിജെപിയേയും കോൺഗ്രസ്സിനേയും അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ വികസന കുതിപ്പിനു പിന്നിലെ ചാലകശക്തി കിഫ്ബിയാണെന്നത് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടാണ് ഇവർ കിഫ്ബിയെ തകർക്കുന്നതിന് ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത് കേരള ജനത സമ്മതിച്ചു കൊടുക്കില്ല.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളേയും ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ നടത്തിയ നീക്കത്തിന് ജനങ്ങൾ ചുട്ട മറുപടി നൽകിയതാണ്. അതിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. കേരളത്തോട് ശത്രുതാപരമായി പെരുമാറുന്ന ബിജെപിയെ, നാടിന്റെ വികസനം ആഗ്രഹിക്കുന്ന ജനത ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുകയാണ്. കേന്ദ്ര ഏജൻസികൾ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായി നീങ്ങുന്നില്ലയെന്ന രാഹുൽഗാന്ധിയുടെ ആവലാതി കോൺഗ്രസ്സ് ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണ്.
മറുനാടന് മലയാളി ബ്യൂറോ