- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുകൊല്ലം മുമ്പത്തെ ശമ്പള വർധനയ്ക്ക് വേണ്ടി 116 പേരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഒരു കുലുക്കവുമില്ല; സമരം നിർത്തിയാലും തിരിച്ചെടുക്കില്ലെന്ന് വാശി; മന്ത്രിമാരായ തോമസ് ഐസക്കിനേയും തിലോത്തമനേയും ജില്ലാ കളക്ടറേയും ധിക്കരിച്ചു; പിഴ അടയ്ക്കാൻ ഉള്ള ഉത്തരവിനും പുല്ലുവില; നഴ്‌സുമാർ വൻ വിജയം ആഘോഷിക്കുമ്പോഴും ചേർത്തല കെവിഎമ്മിന് മാത്രം കുലുക്കമില്ല; മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന പ്രതീക്ഷയിൽ നഴ്‌സുമാർ
കൊച്ചി: പാലംകുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നിൽക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മുതലാളിയെ പിടിച്ചുകുലുക്കാൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നു. അഞ്ചുകൊല്ലം മുമ്പ് പ്രഖ്യാപിച്ച ശമ്പള വർധനപോലും നടപ്പാക്കാതെ നഴ്‌സുമാരുടെ സമരത്തെ നേരിടുന്ന ആശുപത്രി ഉടമ മുമ്പ് രണ്ട് മന്ത്രിമാർതന്നെ ചർച്ച നടത്തിയിട്ടും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്. നഴ്‌സുമാരുടെ ഐതിഹാസിക സമരം വിജയിച്ചതിന് പിന്നാലെ 200 ദിവസം പിന്നിട്ട ചേർത്തല കെവി എം ആശുപത്രിയിലെ സമരവും അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന. ഇതിനായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെടുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. നഴ്‌സുമാരുടെ ലോംഗ് മാർച്ച് നടക്കുമെന്ന ഘട്ടത്തിലാണ് സർക്കാർ അവരുടെ ശമ്പള വർധന നടപ്പാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം തൽക്കാലം അവസാനിപ്പിച്ചെങ്കിലും ശമ്പള വർധനവിന് ഒപ്പം തന്നെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഉയർത്തിക്കാട്ടിയ വിഷയമാ
കൊച്ചി: പാലംകുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നിൽക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മുതലാളിയെ പിടിച്ചുകുലുക്കാൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നു. അഞ്ചുകൊല്ലം മുമ്പ് പ്രഖ്യാപിച്ച ശമ്പള വർധനപോലും നടപ്പാക്കാതെ നഴ്‌സുമാരുടെ സമരത്തെ നേരിടുന്ന ആശുപത്രി ഉടമ മുമ്പ് രണ്ട് മന്ത്രിമാർതന്നെ ചർച്ച നടത്തിയിട്ടും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്.
നഴ്‌സുമാരുടെ ഐതിഹാസിക സമരം വിജയിച്ചതിന് പിന്നാലെ 200 ദിവസം പിന്നിട്ട ചേർത്തല കെവി എം ആശുപത്രിയിലെ സമരവും അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന. ഇതിനായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെടുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. നഴ്‌സുമാരുടെ ലോംഗ് മാർച്ച് നടക്കുമെന്ന ഘട്ടത്തിലാണ് സർക്കാർ അവരുടെ ശമ്പള വർധന നടപ്പാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം തൽക്കാലം അവസാനിപ്പിച്ചെങ്കിലും ശമ്പള വർധനവിന് ഒപ്പം തന്നെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഉയർത്തിക്കാട്ടിയ വിഷയമായിരുന്നു ചേർത്തല കെവി എം ആശുപത്രിയിലെ പ്രശ്‌നപരിഹാരവും. ഇതും ഉടൻ തന്നെ പരിഹരിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎൻഎ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ശമ്പളവർധന വിഷയത്തിൽ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും യുഎൻഎ ആഹ്‌ളാദ പ്രകടനം നടത്തിയില്ല. കെവി എം ആശുപത്രിയിലെ വിഷയംകൂടി പരിഹരിക്കപ്പെടാതെ സമരരംഗത്തുനിന്ന് മാറാൻ ആവില്ലെന്ന നിലപാടാണ് സംഘടന ഇതിലൂടെ പ്രകടമാക്കിയത്. കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കപ്പെടുംവരെ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സിപിഎം നേതാവ് എംവി ജയരാജൻ തന്നെ ഇക്കാര്യം യുഎൻഎ നേതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രി ഉടമയുമായും യുഎൻഎയുമായും ഇടപെട്ട് ചർച്ച നടത്തുമെന്ന വിവരമാണ് ജയരാജൻ അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ മന്ത്രിമാരായ തോമസ് ഐസക്കും പി തിലോത്തമനും ഇടപെട്ടിരുന്നു. മന്ത്രിമാർ ഇരുവരും ആശുപത്രി ഉടമ ഹരിദാസുമായി ചർച്ച നടത്തി പ്രശ്‌നം ഒത്തുതീർപ്പാക്കണമെന്ന് അപേക്ഷിച്ചെങ്കിലും അത് നടന്നില്ല. മന്ത്രിമാരുടെ മുന്നിൽ ഒത്തുതീർപ്പിന് സമ്മതം മൂളിയാലും പിന്നീട് അതിൽനിന്ന് പിന്നോട്ടുപോകുകയാണ് ആശുപത്രിയുടമയെന്ന് യുഎൻഎ പിന്നീട് വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടറും പലതവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു പരാജയപ്പെട്ടു.
ഇത്തരത്തിൽ പ്രശ്‌നപരിഹാരം നീണ്ടുപോയതോടെ ആശുപത്രി അടച്ചിടുമെന്ന ഭീഷണിമുഴക്കിയാണ് ഉടമ തന്ത്രം പയറ്റിയിരുന്നത്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് യുഎൻഎ സ്വീകരിച്ചതോടെ പ്രക്ഷോഭം ശക്തമായി. ഇരുന്നൂറുദിവസത്തിലേറെയായി ഇപ്പോൾ സമരം. സംസ്ഥാനതലത്തിൽ തന്നെ പ്രക്ഷോഭം വ്യാപിപ്പിച്ചപ്പോൾ കെവി എം ആശുപത്രിയിലെ വിഷയവും പരിഹരിക്കപ്പടണമെന്ന് ഓരോ വേളയിലും യുഎൻഎ ശക്തമായി ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ സമരം നടത്തിയ നഴ്‌സുമാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് വരെ ഉണ്ടാകുന്ന സ്ഥിതിയുണ്ടായി.
2013ൽ പ്രഖ്യാപിച്ച ശമ്പള വർധനവുപോലും നടപ്പാക്കില്ലെന്ന വാശിയിലാണ് കെവി എം ആശുപത്രിയുടമ ഹരിദാസ്. ഇതോടെയാണ് നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ ആകെയുള്ള 116 നഴ്‌സുമാരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഉടമ വഴങ്ങിയില്ല. നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്നും ശമ്പളം കൂട്ടുന്ന പ്രശ്‌നമില്ലെന്നും ആശുപത്രി അടച്ചിടുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കീറാമുട്ടിയായി നിൽക്കുന്ന വിഷയം മുഖ്യമന്ത്രി ഇടപെടുമന്ന് പറഞ്ഞതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാർ.
ഇപ്പോഴും 90 പേർ ഇവിടെ സമരരംഗത്താണ്. ഇവരെ തിരിച്ചെടുക്കില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നുമാണ് ഇപ്പോഴത്തെ ആശുപത്രിയുടെ നിലപാട്. നഴ്‌സുമാർ ഒന്നടങ്കം സമരത്തിലായതോടെ നാമമാത്രമായ രോഗികളെ വച്ച് ആശുപത്രി പ്രവർത്തിപ്പിക്കുന്നുമുണ്ട്. യുഎൻഎയ്ക്ക് വഴങ്ങി ആശുപത്രിയുടമ മുട്ടുമടക്കാതിരിക്കാൻ ഇതുവരെ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ സഹായവും നൽകിവരികയായിരുന്നു. ശമ്പള വിഷയത്തിൽ പരിഹാരത്തിന് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും കെവി എം ആശുപത്രി വിഷയം ഇപ്പോഴും മാറ്റമൊന്നുമില്ലാതെ നിൽക്കുകയാണ്.
ഇതും അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യുഎൻഎ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിതന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുമെന്നും പരിഹരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുവരെ കെവി എം ആശുപത്രി വിഷയത്തിൽ ചർച്ച നടന്നിട്ടില്ല. ഇപ്പോൾ അതിന് സന്നദ്ധത അറിയിച്ചതോടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്‌സസ് അസോസിയേഷനും.