- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഏജൻസികളുടേത് നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണം; ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകണം; കേന്ദ്ര ഏജൻസികൾ അവരുടെ അധികാരത്തിന് അപ്പുറത്തേക്ക് നീങ്ങുന്നത് ഏജൻസികളുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടമാക്കും; വിശ്വസ്തൻ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിഷ്പക്ഷയോടെ നീതിയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തെഴുതിയത്. തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്ത ദിവസം തന്നെയാണ് മുഖ്യന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്നതും ശ്രദ്ധേയാണ്.
സമീപകാലത്തെ കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ചില കാര്യങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികളുതേടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിർണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതിൽനിന്ന് മാറി സർക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജൻസികൾക്കുണ്ട്. എന്നാൽ, അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
അന്വേഷണ വിഷയത്തിൽനിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താൻ കഴിയുമോയെന്ന നിലയിലുള്ള പരതൽ ഏജൻസികളുടെ വിശ്വാസ്യത പൂർണമായി ഇല്ലാതാക്കും. സർക്കാരിന്റെ വികസന പരിപാടികളെ അത് തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജൻസികളുടെ ഈ വഴിവിട്ട പോക്ക് സർക്കാർ നേരിടുന്ന ഭരണപരമായ ഗൗരവപ്രശ്നമാണ്. ഒരു ജനാധിപത്യ-ഫെഡറൽ സംവിധാനത്തിൽ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ സ്വർണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8-ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്വർണ്ണക്കടത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. എന്നാൽ, പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരൻ ചില പ്രതികൾക്ക് കമ്മീഷൻ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി. അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ. റെഡ്ക്രസന്റ് പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിത-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവർ നിശ്ചയിക്കുന്ന കരാറുകാരൻ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതർക്ക് വീട് നൽകുന്ന ലൈഫ് മിഷന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ. നൽകിയ പരാതി പ്രകാരം സിബിഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും വളരെ ധൃതിപിടിച്ചാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് എടുത്തു. എന്നാൽ, അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയില്ല.
എഫ്.സി.ആർ.എ. ലംഘനം ആരോപിച്ചാണ് കേസ്സെടുത്തത്. റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കരാറുകാരനെ അവർ തന്നെ നിശ്ചയിച്ചു. യു.എ.ഇ. കോൺസുലേറ്റും കരാറുകാരനും തമ്മിൽ ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. വീടുകൾ പണിയേണ്ടതു സംബന്ധിച്ച് നിബന്ധനകൾ അറിയിക്കുക മാത്രമാണ് ലൈഫ് മിഷൻ ചെയ്തത്. അതല്ലാതെ ഈ പദ്ധതിയിൽ ലൈഫ് മിഷന് നേരിട്ട് ഒരു പങ്കുമില്ല.
ലൈഫ് മിഷൻ സിഇഒ. ഫയൽ ചെയ്ത കേസിൽ എഫ്.ഐ.ആറിൽ ലൈഫ് മിഷനെ ചേർത്തതിന് എഫ്.സി.ആർ.എ. വ്യവസ്ഥകൾ പ്രകാരമോ കോടതിക്ക് മുമ്പിൽ വന്ന വസ്തുതകൾ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ. അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.
എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷൻ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ ഇ.ഡി. ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധികൾ പോലും ലംഘിച്ചാണ് മുഴുവൻ രേഖകളും ചോദിച്ച് സമൻസ് നൽകിയത്. ഇതിന് പുറമെ, കേരള സർക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോൺ, ഇലക്ട്രിക് വെഹിക്കിൾ എന്നിവ സംബന്ധിച്ച് മുഴുവൻ രേഖകളും ഇ.ഡി. ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വികസന പദ്ധതികൾക്ക് ഗണ്യമായ പിന്തുണ നല്കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി. മുതിർന്നു. മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശം തേടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതി. ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയിൽപെടുത്തി. പ്രതികളിൽ ഒരാളുടെ ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ പണം സ്വർണക്കടത്തിൽനിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി. കോടതിയിൽ പറഞ്ഞത്. പിന്നീട് അതിൽ നിന്ന് മാറി കരാറുകാരനിൽനിന്ന് കമ്മീഷൻ വഴി ലഭിച്ച പണമാണെന്ന് റിപ്പോർട്ട് നൽകി.
സ്വർണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജൻസികൾ, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നൽകുന്ന മൊഴികൾ സൗകര്യപൂർവ്വം തിരഞ്ഞെടുത്ത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു. സമൻസ് അയച്ചാൽ അതു ബന്ധപ്പെട്ട ആൾക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളിൽ വാർത്തയാകുന്നു. ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെയും സർക്കാരിന് നേതൃത്വം നൽകുന്നവരെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്ട്രേറ്റ് മുമ്പാകെ നൽകുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോർത്തി നൽകുന്നത് ഇതിന് തെളിവാണ്.
അഞ്ചു മാസം കഴിഞ്ഞിട്ടും സ്വർണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിർവഹിക്കാതെ, സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ