ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി.  പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനമേഖലയിലെ മറ്റൊരു പൊൻതൂവലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ഈ വർഷത്തെ ഓണാഘോഷത്തിൽ മലയാള സിനിമാ-സീരിയൽ താരം സോനാ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നല്കുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് ചെണ്ടമേളത്തിന്റേയും പുലിക്കളിയുടേയും, മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനെ കേരളത്തനിമയിൽ വേഷവിധാനം ചെയ്ത നൂറുകണക്കിന് മലയാളികളുടെ അകമ്പടിയോടെ ഘോഷയാത്രയായി വേദിയിലേക്ക് ആനയിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ ട്രഷററും ആഘോഷ കമ്മിറ്റി ചെയർമാനുമായ ജോൺസൺ കണ്ണൂക്കാടൻ മാസ്റ്റർ ഓഫ് സെറിമണിയായി പൊതുയോഗം ചേർന്നു. ഷിക്കഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വിശിഷ്ടാതിഥി സോനാ  നായർ ഭദ്രദീപം തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈവർഷത്തെ ഓണാഘോഷങ്ങൾക്ക് മോർട്ടൻഗ്രോവ് മേയർ ഡാൻ ഡി. മരിയ, ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർ ബെന്നി വാച്ചാച്ചിറ, ഫൊക്കാനാ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേൽ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ വച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്‌കോളർഷിപ്പ്, കലാ-കായിക മത്സര വിജയികൾക്കുള്ള ട്രോഫികൾ എന്നിവ വിതരണം ചെയ്യുകയും, ഓണാഘോഷപരിപാടികളുടെ സ്‌പോൺസേഴ്‌സിനെ ആദരിക്കുകയും ചെയ്തു. അടുത്ത രണ്ടുവർഷത്തെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന റ്റോമി അംബേനാട്ടിനേയും, അദ്ദേഹത്തിന്റെ ടീമിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും സെക്രട്ടറി സാബു നടുവീട്ടിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് രഞ്ചൻ ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി.

പൊതുയോഗത്തെ തുടർന്ന് നടന്ന രണ്ടര മണിക്കൂർ കലാപരിപാടികളിൽ ഷിക്കാഗോയിലെ വിവിധ കലാകേന്ദ്രങ്ങളിലെ കലാകാരന്മാരും കലാകാരികളും വൈവിധ്യമാർന്ന കലാവിരുന്ന് അണിയിച്ചൊരുക്കി. ആനുകാലിക വിഷയത്തെ ആസ്പദമാക്കി പോൾസൺ കൈപ്പറമ്പാട്ട് സംവിധാനം ചെയ്ത സ്‌കിറ്റ് സദസിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. കലാപരിപാടികളുടെ അവതാരികയായി ബീന വള്ളിക്കളം പ്രവർത്തിച്ചു. ജോൺസൺ കണ്ണൂക്കാടൻ ചെയർമാനും, റ്റോമി അംബേനാട്ട്, ഫിലിപ്പ് പുത്തൻപുര, ലീലാ ജോസഫ് എന്നിവർ കോ- ചെയർമാന്മാരുമായ വിപുലമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. സെക്രട്ടറി സാബു നടുവീട്ടിൽ അറിയിച്ചതാണിത്.