ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്‌കോളർഷിപ്പിന് (വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം) കൃപാ മറിയം പൂഴിക്കുന്നേലും ടെറിൽ വള്ളിക്കളവും അർഹരായി.

ജേതാക്കൾക്ക് സാബു നടുവീട്ടിൽ സ്‌പോൺസർ ചെയ്ത ഉതുപ്പാൻ നടുവീട്ടിൽ മെമോറിയൽ സ്‌കോളർഷിപ്പും ജേക്കബ് മാത്യു പുറയംപള്ളി സ്‌പോൺസർ ചെയ്യുന്ന സിഎംഎ സ്‌കോളർഷിപ്പും 10നു (ശനി) താഫ്റ്റ് ഹൈസ്‌കൂളിൽ നടക്കുന്ന സിഎംഎ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സമ്മാനിക്കും.

വിൽമെറ്റിലുള്ള റെജീന ഡൊമിനിക്കൻ കാത്തലിക് ഹൈസ്‌കൂളിൽ നിന്നും ഹൈ ഹോണേഴ്‌സ് ഡിസ്റ്റിങ്ഷനോടെയാണ് ടെറിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയത്. എപി സ്‌കോളർ, ഇല്ലിനോയി സ്റ്റേറ്റ് സ്‌കോളർ, കൂടാതെ നാഷണൽ സ്പാനിഷ് ഹോണർ സൊസൈറ്റി, നാഷണൽ ആർട്ട് ഹോണർ സൊസൈറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ ഇയർബുക്ക് ചീഫ് എഡിറ്ററായും രണ്ടുവർഷം അസിസ്റ്റന്റ് ലൈബ്രേറിയനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് നിരവധി ഔട്ട് ഓഫ് സ്റ്റേറ്റ് ഡിബേറ്റ് പരിപാടികളിലും പങ്കെടുത്തിട്ടുള്ള ടെറിൽ, കരാട്ടേ ബ്ലാക്ക്‌ബെൽറ്റുകാരി കൂടിയാണ്.

ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കെമിക്കൽ എൻജിനിയറിംഗിനു പഠിച്ചുകൊണ്ടിരിക്കുന്ന ടെറിൽ, മോർട്ടൻഗ്രോവിൽ താമസിക്കുന്ന സണ്ണി വള്ളിക്കളത്തിന്റേയും ടെസിയുടെയും മൂത്തപുത്രിയാണ്. ഷെറിൽ, സിറിൽ എന്നിവർ സഹോദരങ്ങളാണ്.

കൃപാ മറിയം പൂഴിക്കുന്നേൽ വീറ്റൻ വാറൻവില്ലി ഹൈസ്‌കൂളിൽ നിന്നും ഹൈ അക്കാഡമിക് ഹോണേഴ്‌സ് നേടിയാണ് പാസായത്. Scholastic Bowl ടീമിനെ പ്രതിനിധീകരിച്ച് വിവിധ തലങ്ങളിലുള്ള ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള കൃപ, ഇഎസ്എൽ സ്റ്റുഡന്റ്‌സ് ട്യൂട്ടർ, സ്‌കൂൾ ന്യൂസ് പേപ്പർ എഡിറ്റർ, വാഴ്‌സിറ്റി ബാഡ്മിന്റൺ ടീം പ്ലയർ, ഹൈസ്‌കൂൾ വാഴ്‌സിറ്റി വെറൈറ്റി ഷോ പെർഫോർമർ തുടങ്ങിയ നിലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. കർണാടിക് സംഗീതത്തിലും ഭരതനാട്യത്തിലും വളരെ ചെറുപ്പംമുതൽ പരിശീലനം നേടിയ കൃപ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയുണ്ടായി. സിഎംഎ കലാമേളയിൽ 2011-ൽ റൈസിങ് സ്റ്റാറും 2012-ൽ കലാതിലകവുമായിരുന്ന കൃപ, വീറ്റണിൽ താമസിക്കുന്ന പൂഴിക്കുന്നേൽ തൊമ്മൻ- ബീന ദമ്പതികളുടെ മകളാണ്. അഷോക് മാത്യു, ആനന്ദ് മാത്യു എന്നിവർ സഹോദരങ്ങളാണ്.

ഇരുവർക്കും ഷിക്കാഗോ മലയാളി അസോസിയേഷൻ ആശംസകൾ നേരുന്നതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി. മാണിയും മറ്റു ഭാരവാഹികളും അറിയിച്ചു.