ന്യൂഡൽഹി: സിഎൻഎൻ ന്യൂസ് 18 മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു. 54 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ദേശീയതലത്തിൽ തന്നെ ഏറെ പേരെടുത്ത മലയാളി മാധ്യമ പ്രവർത്തകനാണ് രാധാകൃഷ്ണൻ.

യുഎൻഐ, സിഎൻബിസി എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സിഎൻഎൻ ന്യൂസിന്18 വാർത്താ വിഭാഗത്തിന്റെ നേതൃനിരയിൽ എത്തിയത്. മൃതദേഹം 12 മുതൽ മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ (സി 1041 ഗൗർ ഗ്രീൻ അവന്യൂ ) പൊതു ദർശനത്തിന് വെക്കും. സംസ്‌കാരം പിന്നീട് സ്വദേശമായ തിരുവനന്തപുരത്ത്.

ന്യൂസ് കേരളാ 18 എന്ന മലയാളം ചാനലിന്റെ പിന്നണിയിലും ചാലക ശക്തിയായിരുന്നു രാധാകൃഷ്ണൻ. ചാനലിലെ വിവാദങ്ങൾ തന്ത്രപരമാി മാറ്റിയെടുക്കാൻ മുന്നിൽ നിന്നതും ഈ മലയാളിയായിരുന്നു. രാജ്ദീപ് സർദേശായിയുടെ നേതൃത്വത്തിൽ തുടങ്ങിയ സിഎൻഎൻ ഐബിഎൻ ചാനൽ അംബാനി ഏറ്റെടുത്തതോടെയാണ് ചാനലിന്റെ മുഖ്യ ചുമതലക്കാരനായി രാധാകൃഷ്ണൻ നായർ മാറിയത്. പേരുമാറ്റി ചാനൽ സിഎൻഎൻ ന്യൂസ് 18 എന്നാവുകയും ചെയതു.

ഇതിന് ശേഷമാണ് ഇ ടിവിയിൽ നിന്ന് ന്യൂസ് 18 കേരളയെന്ന മലയാളം ചാനലുൾപ്പെടെ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കാണ് തങ്ങളുടേതെന്നാണ് ന്യൂസ് 18 ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. മിക്കവാറും എല്ലാ ഭാഷയിലും ചാനലുണ്ട്. ഇതിൽ ഇംഗ്ലീഷ് ചാനലായ സിഎൻഎൻ ന്യൂസ് 18ന്റെ അമരക്കാരനായിരുന്നു രാധാകൃഷ്ണൻ.

ഭാര്യ ജോതി നായർ, ആദായനികുതി വകുപ്പ് ഓഫീസർ. മക്കൾ കാർത്തിക, കീർത്തന. പിതാവ് രമേശൻ നായർ, മാതാവ് സുശീല ദേവി.