- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി രൂപയ്ക്ക് മുകളിൽ പണമായി പിൻവലിച്ച സഹകരണ ബാങ്കുകൾ രണ്ട് ശതമാനം ആദായനികുതി അടയ്ക്കണം; സഹകരണ ബാങ്കുകൾക്ക് ആദായനികുതിക്കുരുക്ക്;പെൻഷനുകൾ വിതരണം ചെയ്യുന്ന 1600ലേറെ സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ
കോഴിക്കോട്: പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മറ്റൊരു പ്രതിസന്ധിയിൽ. ഒരു കോടി രൂപയ്ക്കു മുകളിൽ പണമായി പിൻവലിച്ച സർവീസ് സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ആദായ നികുതി നോട്ടിസ് അയച്ചു തുടങ്ങി. 2 ശതമാനം തുക ആദായ നികുതി അടയ്ക്കണമെന്നു നിർദേശിച്ചാണു നോട്ടിസ് നൽകിയിരിക്കുന്നത്. സാമൂഹിക ക്ഷേമ പെൻഷൻ, കെഎസ്ആർടിസി പെൻഷൻ അടക്കമുള്ള പെൻഷനുകൾ വിതരണം ചെയ്യുന്ന 1600ലേറെ വരുന്ന സഹകരണ ബാങ്കുകൾ ഇതോടെ പ്രതിസന്ധിയിലായി.
പെൻഷൻ വിതരണം ചെയ്തതിന്റെ പേരിൽ ലക്ഷക്കണക്കിനു രൂപ നികുതി അടയ്‌ക്കേണ്ടി വരുന്നതു തിരിച്ചടിയാണെന്നു ബാങ്കുകൾ പറയുന്നു. പരിധിയിൽ കൂടുതൽ പണം പിൻവലിച്ച അക്കൗണ്ടുകളിൽനിന്നു നികുതി ഈടാക്കാത്തതു സംബന്ധിച്ച് കേരള ബാങ്കിനു ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. അതുകൊണ്ട് 31നു മുൻപു സഹകരണ ബാങ്കുകളുടെ അക്കൗണ്ടിൽനിന്നു നികുതി പിടിച്ച് ആദായ നികുതി വകുപ്പിൽ അടയ്ക്കുമെന്നാണ് കേരള ബാങ്ക് സംഘങ്ങൾക്കു നൽകിയിരിക്കുന്ന നോട്ടിസിൽ പറയുന്നത്.
ഇതോടെയാണു സേവനം എന്ന നിലയിൽ സാമൂഹികക്ഷേമ പെൻഷൻ അടക്കം വിതരണം ചെയ്യാനിറങ്ങിയ സഹകരണ ബാങ്കുകൾ വെട്ടിലായത്. കഴിഞ്ഞ വർഷം വരെ ട്രഷറിയിൽനിന്നു സർവീസ് സഹകരണ സംഘങ്ങൾക്കു നേരിട്ടു പണം നൽകിയിരുന്നു. പിന്നീടത് ട്രഷറിയിൽനിന്ന് കേരള ബാങ്കിലേക്കു മാറ്റി അവിടെ നിന്നു തുക പിൻവലിച്ചായി വിതരണം. ഇങ്ങനെ പിൻവലിക്കേണ്ടി വരുമ്പോഴാണ് ആദായ നികുതി കൂടി നൽകേണ്ടി വരുന്നത്.
സർവീസ് സഹകരണ ബാങ്കുകൾ ആദായ നികുതിയുടെ പരിധിയിൽ വരുമെന്ന് 2019 മുതൽ പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണു നികുതി പിരിക്കാനുള്ള ശ്രമം. ചില സർവീസ് സഹകരണ ബാങ്കുകൾ ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇപ്പോഴത്തെ നിലയിൽ മിക്ക സംഘങ്ങളും ശരാശരി 4 കോടിയോളം രൂപ സാമൂഹികക്ഷേമ പെൻഷൻ ഇനത്തിൽ മാത്രം പ്രതിവർഷം വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ ദൈനംദിന ആവശ്യങ്ങൾക്കു പിൻവലിക്കുന്ന തുകയുമുണ്ട്. ഇതെല്ലാം ചേരുമ്പോൾ 10 ലക്ഷത്തിനു മുകളിൽ ആദായ നികുതി ഇനത്തിൽ മാത്രം അടയ്‌ക്കേണ്ടി വരും. ഇത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ