കണ്ണൂർ: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷന്റെ ബാധ്യത സംസ്ഥാന സഹകരണ ബാങ്ക് നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാത് സ്ഥലത്തെ പെൻഷൻ വിതരണം ചെയ്യുന്ന ചുമതല പ്രാഥമിക സഹകരണ സംഘങ്ങൾക്കാണെന്നും കെ.എസ്. ആർ.ടി.സി. പെൻഷൻകാർ അവിടങ്ങളിൽ അക്കൗണ്ട് തുടങ്ങിയാൽ പെൻഷൻ സംഘങ്ങൾ നൽകുമെന്നും പിണറായി.

എന്നാൽ കെ.എസ്. ആർ.ടി.സിക്കാർക്ക് പെൻഷൻ നൽകേണ്ടത് കെ.എസ്.ആർ.ടി.സി.യും സംസ്ഥാന സർക്കാറും ചേർന്നാണെന്നും മറിച്ചുള്ള തീരുമാനം കൊണ്ട് കെ.എസ്.ആർ.ടി.സി.യും പ്രാഥമിക സംഘങ്ങളും ഇല്ലാതാകുന്ന അവസ്ഥ വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കണ്ണൂർ-മുണ്ടയാട് എട്ടാമത് സംസ്ഥാന സഹകരണ കോൺഗ്രസ്സിന്റെ ഉത്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും വ്യത്യസ്ത അഭിപ്രായ പ്രകടനം. സഹകരണ മേഖലയിലെ നിലവിലുള്ള ത്രീ ടയർ സംവിധാനത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രണ്ടു തട്ടിലായിരുന്നു. പ്രാഥമിക -ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകൾ അടങ്ങുന്ന ത്രീടയർ സംവിധാനം മാറ്റി ദ്വിതല സംവിധാനം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തേയും പ്രതിപക്ഷ നേതാവ് എതിർത്തു.

എസ്.ബി.ടി. -എസ്. ബി.ഐ. ലയനത്തോടെ ബാങ്കിങ് മേഖലയിൽ കനത്ത തിരിച്ചടിയാണുണ്ടായത്. കേരളീയർ ഒന്നടക്കം ഇതിനെ എതിർത്തിരുന്നു. എന്നാൽ എതിർപ്പിനെ മറികടന്ന് ലയനം നടന്നതോടെ ബാങ്ക് മൊത്തം പിറകോട്ടടിക്കുകയായിരുന്നു. റിസർവ്വ് ബാങ്ക് ലൈസൻസുള്ള ജില്ലാ സഹകരണ ബാങ്കുകളെ ഇല്ലാതാക്കി നിലവിലുള്ള സഹകരണ സംവിധാനത്തെ മാറ്റിയാൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പരിശോധിക്കണം.

പൊതു സമൂഹം മുമ്പാകെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ സ്വീകാര്യത ഉറപ്പു വരുത്തണം. ഇത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ ദ്വിതല സംവിധാനം ഏർപ്പെടുത്തിയാൽ കൂടുതൽ കരുത്തുറ്റ കേരളാ ബാങ്ക് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. നോട്ട് നിരോധനം സഹകരണ മേഖലക്കുണ്ടാക്കിയ പ്രയാസങ്ങളുടെ കാര്യത്തിൽ മാത്രമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏകാഭിപ്രായത്തിലായത്.

ഒന്നര ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമുണ്ട്. എന്നാൽ കേന്ദ്ര സർക്കാറിൽ നിന്നുമുണ്ടായ സമീപനം മൂലം സഹകരണ ബാങ്കുകൾക്ക് വലിയ തോതിൽ ദോഷം സംഭവിച്ചിട്ടുണ്ട്. സഹകരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതി വെച്ച് കാര്യമായതൊന്നും ചെയ്യാനാകില്ല. കേന്ദ്ര സർക്കാറാണ് ഇക്കാര്യത്തിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കേണ്ടത് എന്ന് പിണറായി പറഞ്ഞു. ചടങ്ങിൽ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരൻ, തുടങ്ങിയവർ സംസാരിച്ചു.