ന്യൂഡൽഹി: നോട്ട് നിരോധന നടപടി മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജില്ലാ സഹകരണ ബാങ്കുകളുടെ രക്ഷകരായി സംസ്ഥാന സർക്കാർ രംഗത്തെത്തുന്നു. ബീവറേജസ് കോർപ്പറേഷൻ അടക്കമുള്ള സാമ്പത്തിക ഇടപാടുകളാകും ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുക. ഭാവിയിൽ കേരളാ ബാങ്ക് യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

നോട്ട് അസാധുവാക്കൽ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഡൽഹിയിൽ വ്യക്തമാക്കി. ബിവറേജസ് കോർപ്പറേഷൻ, ദേവസ്വം ബോർഡ്, കെഎസ്ഇബി, കേരള വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങുമെന്ന് തോമസ് ഐസക് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വൻതോതിലുള്ള ഫണ്ടുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു.

അതിനിടെ നോട്ട് നിരോധനത്തെ തുടർന്ന് പഴയ നോട്ടുകളുടെ വിനിമയത്തിൽ നിന്നും രാജ്യത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് മനഃപൂർവ്വമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം്‌കോടതിയിൽ വ്യക്തമാക്കി. ഇളവുകൾ ആവശ്യപ്പെട്ട് സഹകരണ ബാങ്കുകൾ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ സഹകരണ ബാങ്കുകൾ ഗുരുതര പ്രതിസന്ധിയിലാണെന്നും അത് പരിഹരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകൾ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതും പ്രശ്‌നം പരിഹരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതും. സഹകരണ ബാങ്കുകളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയതിനുള്ള കേന്ദ്രത്തിന്റെ ആദ്യ വിശദീകരണം. കെവൈസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നില്ല, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സഹകരണ ബാങ്കുകളിൽ ഇല്ല, കൂടാതെ കള്ള നോട്ടുകൾ കണ്ടുപിടിക്കാനുള്ള സംവിധാനമില്ലെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

ഷെഡ്യൂൾഡ് ബാങ്കുകളെ അപേക്ഷിച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങൾ സഹകരണ ബാങ്കുകളിൽ ഇല്ല. കേന്ദ്രം മനഃപൂർവ്വം സഹകരണ ബാങ്കുകളെ മാറ്റിനിർത്തിയതാണ്. സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെക്കുറിച്ച് ബോധ്യമുണ്ടെന്നും അറ്റോർണി ജനറൽ മുകുൾ റോത്തഗി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂറിനെ അറിയിച്ചു.

സർക്കാർ നടപടി മൂലം ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണെന്നത് മനസിലാക്കുന്നു. പ്രശ്‌നപരിഹാരത്തിന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകൾക്ക് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരം ഹാജരായിരുന്നു. മറ്റൊരു കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും ഇതെ വിഷയത്തിൽ ഹർജി നൽകിയിരുന്നു. തിങ്കളാഴ്ചയാണ് ഹർജികൾ വീണ്ടും കോടതി പരിഗണിക്കുന്നത്.

നോട്ട് നിരോധനത്തെ തുടർന്ന് സഹകരണ ബാങ്കുകൾ പഴയ നോട്ടുകൾ വിനിമയം ചെയ്യാൻ പാടില്ലെന്നും നിക്ഷേപമായി സ്വീകരിക്കാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. നവംബർ എട്ടുമുതൽ 17 വരെ കേരളത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഇടപാട് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന തരത്തിൽ ബിജെപി വ്യാപക പ്രചാരണം നടത്തുകയും റിസർവ് ബാങ്ക് സഹകരണ ബാങ്കുകൾക്കെതിരെ ഉത്തരവിറക്കുകയുമായിരുന്നു.

അതിനിടെ നോട്ട് നിരോധനത്തെ തുടർന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ സമാഹരിച്ച പണം നിക്ഷേപിക്കാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടി. അഞ്ഞൂറ്, ആയിരം നോട്ടുകൾ നിരോധിച്ച നവംബർ എട്ടുമുതൽ 17 വരെയുള്ള ദിവസങ്ങളിൽ ജില്ലാ സഹകരണ ബാങ്കുകളിൽ 849.5 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്. ഇത് സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിക്കാനുള്ള അനുമതിയാണ് കേന്ദ്രത്തോട് തേടിയതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ഐസക്കും ചർച്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിന്റെ ആവശ്യത്തോടുള്ള കേന്ദ്രത്തിന്റെ തീരുമാനം നാളെ അറിയിക്കാമെന്നാണ് അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. റിസർവ് ബാങ്കിന്റെ സർക്കുലർ ലഭിച്ചശേഷം നിക്ഷേപം സ്വീകരിക്കുന്നത് സഹകരണ ബാങ്കുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സഹകരണ ബാങ്ക് ഈ തുക സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രത്തിന്റെ അനുമതിക്കായി സമീപിച്ചത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നോട്ട് നിരോധിച്ച നവംബർ എട്ടുമുതൽ 17 വരെയുള്ള കാലയളവിൽ 260 കോടിയാണ് നിക്ഷേപം ലഭിച്ചത്.

ഈ തുക സംസ്ഥാന സഹകരണ ബാങ്ക് ഏറ്റെടുക്കുന്ന കാര്യം തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നു നടത്തിയ പരാമർശങ്ങൾ കേരളത്തിന് അനുകുലമായെന്നും സഹകരണ മേഖലയെ തകർക്കാൻ ഒരു ശക്തിക്കുമാവില്ലെന്നും കടകംപള്ളി വിശദമാക്കി. നാളെ നടക്കുന്ന ഉന്നത തല യോഗത്തിന് ശേഷമായിരിക്കും കേന്ദ്രമന്ത്രി അരുൺജെയ്റ്റ്‌ലി നിലപാട് അറിയിക്കുക.