ന്യൂഡൽഹി: സഹകരണ ബാങ്കുകൾക്കുമേൽ ഏർപ്പെടുത്തിയ കർക്കശ നിബന്ധനകളിൽ ഇളവു നൽകാൻ കേന്ദ്ര ധനകാര്യ മന്ത്രാലയവും ആർബിഐയും ഒരുങ്ങുന്നു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ കൂടി അടിസ്ഥാനത്തിലാണ് ആർബിഐ സഹകരണ ബാങ്കുകൾക്കായി ഇളവു പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. നോട്ട് പിൻവലിക്കൽ തീരുമാനം പൂർത്തിയാകുന്ന ജനുവരി മുതൽ ക്രമാനുഗതമായി ലഘൂകരിക്കാനാണ് ആർബിഐയുടെ നീക്കം.

നിയന്ത്രണങ്ങൾ അനിയന്ത്രിതമാകുന്നതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്നു ബോധ്യമുള്ള സാഹചര്യത്തിലാണിതെന്നു ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകൾക്കു നൽകുന്ന തോതിൽ സഹകരണ ബാങ്കുകൾക്കും പുതിയ നോട്ടുകൾ നൽകാമെന്നു സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പു നൽകിയതു കഴിഞ്ഞ ദിവസമാണ്. ഇതോടെ, രാജ്യത്തെ സഹകരണ ബാങ്കുകളിൽ കഴിഞ്ഞ മാസം 10നും 14നും ഇടയ്ക്കു ലഭിച്ച 8,000 കോടി രൂപ നിക്ഷേപത്തിനു സംരക്ഷണവും ഉറപ്പായിരുന്നു.

ഇതേസമയം, ഭാവിയിൽ ബാങ്കിങ് നിബന്ധനകളും ചട്ടങ്ങളും കർക്കശമായി പാലിക്കാൻ സഹകരണ സ്ഥാപനങ്ങളെ നിർബന്ധിതമാക്കും. ഏർപ്പെടുത്തിയ നിബന്ധനകൾ സഹകരണ പ്രസ്ഥാനത്തിനു വേരോട്ടമുള്ള വിവിധ സംസ്ഥാനങ്ങളിൽ സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചെന്നു സർക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽനിന്നു ശക്തമായ സമ്മർദമാണ് കേന്ദ്രത്തിനും ആർബിഐക്കുമേരും ഉണ്ടായത്.

കേരളത്തിൽനിന്നു സർക്കാർ പ്രതിനിധി സംഘത്തിനു പുറമേ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ എംപിമാരും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘവും കേന്ദ്രനേതാക്കളെ സന്ദർശിച്ചു.ജില്ലാ ബാങ്കുകൾക്കു നോട്ട് മാറ്റാനുള്ള അനുമതി നിഷേധിച്ചത് അവയെ ആശ്രയിക്കുന്ന പ്രാഥമിക സംഘങ്ങൾക്കു തിരിച്ചടിയായി. നിക്ഷേപമായി സ്വീകരിച്ച തുക നിഷ്‌ക്രിയമാവുകയും ചെയ്തു.

ആഴ്ചതോറും ഇടപാടുകാർക്കു പിൻവലിക്കാവുന്ന 24,000 രൂപയാണു സംഘങ്ങൾക്കും പിൻവലിക്കാനാവുന്നത്. കൈവശം പുതിയ നോട്ടില്ലാത്തതും ഉള്ള പഴയ നോട്ട് ജില്ലാ ബാങ്കുകൾക്കു നൽകാനാകാത്തതും സംഘങ്ങളെ നിർജീവാവസ്ഥയിലാക്കിയിരുന്നു. പൂർണമായും സ്തംഭനാവസ്ഥയിലായി സഹകരണ ബാങ്കുകളുടെ അവസ്ഥയ്ക്ക് ജനുവരിയോടെ മാറ്റം വരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.