കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞ് കൊണ്ടിരുന്ന ആർഎസ്എസ് നേതാവിനെ സ്വന്തം വാടക വീട്ടിൽ ഒളിപ്പിച്ച് പൊലീസ് അറസ്റ്റിലായ പി.എം.രേഷ്മ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടിയ വിദ്യാഭ്യാസ പ്രവർത്തക കൂടിയാണ്. ഒരാഴ്‌ച്ച മുൻപ് അവാർഡ് ഏറ്റുവാങ്ങിയതിന്റെ തിളക്കം വിട്ടുമാറും മുൻപയാണ് ഇവർ അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് നേതാവ് നിജിൽദാസിന് ഒളിത്താവളമൊരുക്കിയതിന് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്മ (42)യെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മെയ്ക്കേഴ്സ് ആൻഡ് ആർടിസ്റ്റ്സ് എന്ന സംഘടന, മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് നൽകി രേഷ്മയെ ആദരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അവാർഡ് ഏറ്റുവാങ്ങിയത്

സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ രേഷ്മ ഇംഗ്ലീഷ് വിഭാഗം മേധാവിയും വിദ്യാലയത്തിലെ മീഡിയ കോ-ഓഡിനേറ്ററും കൂടിയായിരുന്നു. ആർഎസ്എസ് നേതാവ് നിജിൽദാസുമായുള്ള ആത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ ഒളിവാസമൊരുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സ്‌കൂളിലേക്കും തിരിച്ചും മിക്കദിവസവും നിജിൽദാസിന്റെ ഓട്ടോയിലായിരുന്നു രേഷ്മയുടെ യാത്രയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് രേഷ്മ താമസം ഒരുക്കിയത്. അതിനു ശേഷം രാത്രിയും പകലും രേഷ്മ ഒറ്റക്ക് വീട്ടിൽ വന്ന്പോയിരുന്നതായി നാട്ടുകാർ പറയുന്നു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രേഷ്മയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. അണ്ടലൂർ കാവിനടുത്ത് നേരത്തെയുള്ള വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ട് വർഷം മുമ്പ് ഇവർ നിർമ്മിച്ചതാണ് പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. പിന്നീട് അടച്ചിട്ടിരിക്കുകയായിരുന്നു.