ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത അടക്കം മൂന്ന് പേർക്ക് രണ്ട് വർഷം തടവ്. ഡൽഹി സിബിഐ കോടതിയുടേതാണ് വിധി.

ജയിൽ ശിക്ഷയക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ജോയിന്റ് സെക്രട്ടറി കെ.എസ് ക്രോഫ, കെ.സി സമരിയ എന്നിവരാണ് മറ്റ് രണ്ട് പേർ. ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും കോടതി ഇത് തള്ളി. അതേസമയം പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപയും കെട്ടിവെക്കണം.

മധ്യപ്രദേശിലെ രുദ്രപുരിയിലെ കൽക്കരിപ്പാടം കമൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് അനധികൃതമായി നൽകിയ കേസിലാണ് ഇവരെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് 2006 മുതൽ 2008 വരെ കൽക്കരി സെക്രട്ടറിയായിരുന്നു എച്ച്.സി ഗുപ്ത. അനധികൃതമായി കൽക്കരിപ്പാടം അനുവദിച്ചതിൽ സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്.