ന്യൂഡൽഹി: മയക്കു മരുന്ന് കൈവശം വച്ചതിന് ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുൾപ്പെടെ നാലുപേരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തു. 1.140 കിലോഗ്രാം കഞ്ചാവും മൂന്ന് എൽഎസ്ഡി (ലിസേർജിക് ആസിഡ് ഡയാതെലാമിഡ്) ബ്ലോട്ട് പേപ്പറുകളും ഇവരിൽനിന്നു പിടിച്ചെടുത്തതായാണ് വിവരം. പുതുവൽസരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന റാക്കറ്റിലെ കണ്ണികളാണ് കുടുങ്ങിയത്.

ഡൽഹി യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഹിന്ദു കോളജിൽ പഠിക്കുന്ന രണ്ടുപേരും ജെഎൻയു, അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഓരോ വിദ്യാർത്ഥികളുമാണ് പിടിയിലായത്. അനിരുദ്ധ് മാധുർ, ടെൻസിൻ ഫുൻചോങ്, സാം മല്ലിക്, ഗൗരവ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഡൽഹി സർവകലാശാലയിലെ നോർത്ത് കാമ്പസിൽ വിതരണം ചെയ്യാനിരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഹിന്ദു കോളജിലെ ഗൗരവാണ് ലഹരി വിതരണത്തിന്റെ കേന്ദ്രബിന്ദുവെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.