കൊച്ചി; കൊച്ചിയിലെ മയക്കുമരുന്ന് അധോലോകവും ന്യൂ ജനറേഷൻ സിനിമക്കാരും തമ്മിലുള്ള അവിഹിതബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിനു നിർണായകവിവരങ്ങൾ ലഭിച്ചു. കടവന്ത്രയിലെ വിവാദഫഌറ്റിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളസിനിമയിലെ പ്രമുഖരായ താരങ്ങളെയും ന്യൂ ജനറേഷൻ സിനിമാ സംവിധായകരെയും നിർമ്മാതാക്കളെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുന്നത്. പല വിവരങ്ങളും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്നു പൊലീസ് ഉന്നതർ അറിയിച്ചു.

യുവനടൻ ഷൈൻ ടോം ചാക്കോയെയും മോഡലുകളെയും മയക്കുമരുന്നുമായി പിടികൂടിയ കേസിൽ മോഡലായ രേഷ്മ രംഗനാഥനാണ് ഒന്നാം പ്രതി. രേഷ്മയുടെ ജീൻസിന്റെ പോക്കറ്റിൽനിന്നാണു കൊക്കെയ്ൻ പിടിച്ചെടുത്തത്. യുവസംവിധായിക ബ്ലെസി രണ്ടാം പ്രതിയാണ്. ബാംഗ്ലൂരിൽനിന്നു ലഹരിമരുന്ന് ഇവിടെയെത്തിച്ചതു ബ്ലെസിയാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ഷൈൻ ടോം ചാക്കോ മൂന്നാം പ്രതിയും മറ്റു രണ്ടു മോഡലുകൾ നാലും അഞ്ചും പ്രതികളുമാണ്. വിവാദ ക്രിമിനൽ വ്യവസായി മുഹമ്മദ് നിസാമിനെ ഈ കേസുമായി ഇതുവരെ ബന്ധപ്പെടുത്തിയിട്ടില്ല. കടവന്ത്രയിലെ ആഡംബരഫഌറ്റ് നിസാമിന്റെ പേരിലല്ല, കാലിഫോർണിയയിലുള്ള നിസാറിന്റെ പേരിലാണു വാങ്ങിയിട്ടുള്ളത്. നിസാം ഇതുപയോഗിച്ചു വരികയായിരുന്നു. പിന്നീട് ബ്ലെസിക്കു താമസിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു.

ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതികളെ നാളെയേ കസ്റ്റഡിയിൽ വിട്ടുകിട്ടുകയുള്ളൂ. ഇവരുമായി ആദ്യം പോവുക ബാംഗ്ലുരിലേക്കാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്നു കൊണ്ടുവന്നത്് അവിടെനിന്നാണെന്നു വിവരം കിട്ടിയതുകൊണ്ടാണിത്. മാത്രമല്ല, വിവാദവ്യവസായി നിസാമും ബ്ലെസിയും തമ്മിൽ കഴിഞ്ഞയാഴ്ച നിസാമിന്റെ ബാംഗ്ലൂരിലെ വസതിയിൽ വച്ചു കൂടിക്കാണുകയും സ്‌മോക്കേഴ്‌സ് പാർട്ടി സംബന്ധിച്ചു ചർച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, പ്രമുഖനായ ന്യൂ ജനറേഷൻ സിനിമാ നിർമ്മാതാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പ്രധാനമായും പുരോഗമിക്കുന്നത്. കൊച്ചിയിലെ മയക്കുമരുന്നു ശൃംഖലയിലെ പ്രമുഖനായ ഇയാളാണ് മലയാള സിനിമയിലേക്കു മയക്കുമരുന്ന് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് സംശയിക്കുന്നത്. മലയാളത്തിൽ ന്യൂ ജനറേഷൻ സിനിമയുടെ ചരിത്രത്തിൽ വഴിത്തിരിവായി മാറിയ ജനപ്രിയ ചിത്രത്തിന്റെ നിർമ്മാതാവാണിയാൾ. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞുള്ള പാക്കപ്പ് പാർട്ടി ഏറ്റവും വിലപിടിപ്പുള്ള മയക്കുമരുന്നുപയോഗിച്ചുള്ള ലഹരിപാർട്ടിയാക്കി ഇയാൾ മാറ്റി. ഏറ്റവും ശക്തമായ മയക്കുമരുന്ന് ആദ്യമായി ഉപയോഗിച്ച സിനിമാ മേഖലയിലെ പലരും ഉന്മത്തരാവുകയും ചിലർ ബോധം കെട്ടുവീഴുകയും ചെയ്തു.

അതിൽനിന്നിങ്ങോട്ടാണു മലയാളസിനിമയിൽ മയക്കുമരുന്നിന്റെ അമിതോപയോഗം കണ്ടുതുടങ്ങിയത്. പ്രമുഖ ന്യൂ ജെൻ സംവിധായകനും പ്രമുഖരായ യുവനടന്മാരിൽ പലരും മലയാളസിനിമയിൽ തിളങ്ങിനിന്ന നായികയുമൊക്കെ ലഹരിക്കായി ഫഌറ്റുകളിൽ ഒത്തുകൂടി. സർഗവാസനയും അഭിനയവുമുണ്ടാകണമെങ്കിൽ ലഹരി ഉള്ളിലുണ്ടാകണമെന്ന വിശ്വാസം ഇവരെ കീഴടക്കുകയായിരുന്നു.
കടവന്ത്രയിലെ ഫഌറ്റിൽ വന്നു പോയവരുടെ കൂട്ടത്തിൽ ഇത്തരക്കാരുണ്ടെന്നു പൊലീസിനു വ്യക്തമായതോടെ പല പ്രമുഖരും നിരീക്ഷണത്തിലാണ്. സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തിൽ പൊലീസ് അന്വേഷണം വിപുലപ്പെടുത്തുകയും കണ്ണികൾ മുറുക്കുകയും ചെയ്തു വരികയാണ്. പ്രമുഖരുടെ ബന്ധം കണ്ടെത്തിയതോടെ പൊലീസ് പുതിയ ചോദ്യാവലി തയാറാക്കിവരുന്നു.