കൊച്ചി: കൊച്ചിയിലെ അനധികൃത കൈയേറ്റങ്ങൾക്കും ഫ്‌ളാറ്റ് നിർമ്മാണങ്ങൾക്കും കക്ഷി ഭേദമന്യേ ഒത്താശ ചെയ്യുന്ന ഭരണ നേതൃത്വങ്ങൾക്ക് പൊതുജനങ്ങളുടെ കാര്യത്തിൽ തീർത്തും അനാസ്ഥ. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണമില്ലായ്മയും മൂലം ഖജനാവിൽ നിന്നും കോടികൾ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. കൊച്ചി നഗരസഭ കാര്യാലയത്തിനായി മറൈൻ ഡ്രൈവിൽ നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം പണി പൂർത്തിയാക്കാതെ നിൽക്കുന്നത്. 12 കോടി രൂപ ചെലവിൽ പൂർത്തിയാക്കേണ്ട കെട്ടിടം പണി നീണ്ടു പോയതോടെ പത്ത് കോടി അധികചെലവായി വരുന്ന അവസ്ഥയിലാണ്.

2008ൽ കോർപ്പറേഷൻ ഇടതുഭരണത്തിൻ കീഴിലായിരിക്കുമ്പോഴാണ് മറൈൻ ഡ്രൈവിലെ സ്വന്തം സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിച്ചത്. നിലവിലെ കോർപ്പറേഷൻ ഓഫീസിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് പ്രധാന ഓഫീസുകൾ പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റാനായിരുന്നു അന്നത്തെ കൗൺസിൽ തീരുമാനം. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെ 12 കോടി രൂപ ചെലവ് കണക്കാക്കിയാണ് നിർമ്മാണം ആരംഭിച്ചത്. ഒന്നാം നിലയും ഗ്രൗണ്ട് ഫ്‌ളോറും പൂർത്തിയായതോടെ തന്നെ കെട്ടിടത്തിന്റെ ശനിദശയും ആരംഭിച്ചു. പണിയെടുത്തതിന്റെ പകുതിയിലധികം ഫണ്ടും നഗരസഭയിൽ നിന്ന് ലഭിക്കാതെ വന്നതോടെ കരാറുകാരൻ കെട്ടിടത്തിന്റെ നിർമ്മാണം നിർത്തി നിയമനടപടികളുമായി കോടതി കയറി.

ഇതോടെ പണി തീരാത്ത കെട്ടിടം നഗരസഭയ്ക്ക് തീരാബാധ്യതയായി. 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യു ഡി എഫ് അധികാരത്തിൽ വന്നിട്ടും നിലവിലെ സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കൊച്ചി കായലിലെ ഉപ്പ് വെള്ളം കയറി കെട്ടിടത്തിന്റെ കമ്പിയും മറ്റും ദ്രവിച്ച് തകർന്നു വീഴാറായ അവസ്ഥയാണിപ്പോൾ. ഇനി ഇവിടെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ ചെലവാക്കിയ തുകയുടെ ഇരട്ടി വീണ്ടും ചെലവാക്കേണ്ടിവരും. സ്ഥിതി ഇങ്ങനെയൊക്കെയാണെന്നിരിക്കെ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങി 22 കോടി രൂപക്ക് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് കോർപ്പറേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഉപ്പ് വെള്ളം കയറി പകുതിയും ദ്രവിച്ചുകഴിഞ്ഞ കെട്ടിടത്തിൽ ഇനിയെങ്ങിനെ ബാക്കി നിർമ്മാണം നടത്തുമെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സ്ഥല പരിശോധന നടത്തി കെട്ടിടത്തിന്റെ തകരാർ എന്തെന്ന് തിട്ടപ്പെടുത്താൻ തയ്യാറാകാത്തത് അഴിമതി നടത്താൻ വേണ്ടിയാണെന്നാണ് ആരോപണം. നിലവിലെ കെട്ടിടത്തിൽ ദ്രവിച്ച കമ്പികളോട് ചേർന്ന് നിർമ്മാണം നടത്തുമ്പോൾ ഭാവിയിൽ അപകടത്തിനും സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കരാറുകാരന്റെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്ക് തന്നെ കരാർ നൽകി പ്രശ്‌നത്തിൽ നിന്ന് തടിയൂരാൻ നഗരസഭ ശ്രമിക്കുകയാണെന്ന ആരോപണവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.