കൊച്ചി: സാംസ്‌ക്കാരിക കേരളമെന്ന് പറഞ്ഞ് നമ്മൾ അഹങ്കരിക്കുമ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുകയാണ് നമ്മുടെ നാട്ടിൽ. ഊരുവിലക്കേർപ്പെടുത്തലും അവഗണനകളും ഇവിടെ സർവ്വസാധാരണമായിരിക്കുന്നു. ദളിതനായി പിറന്നതിനാൽ ജാതിക്കോമരങ്ങൾ ക്ഷേത്രത്തിൽ നിന്നും അകറ്റി നിർത്തിയ കലാകാരന് വീണ്ടും ഭ്രഷ്ട് ഏർപ്പെടുത്തിയ സംഭവമാണ് വിവാദമാകുന്നത്. ജാതിയുടെ പേരിൽ വാദ്യകലാകാരന് ഭ്രഷ്ട് കൽപ്പിച്ചത് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലാണ്. പ്രശസ്ത തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രനാണ് ദളിത് സമുദായത്തിൽ പിറന്നതുകൊണ്ട് മേളത്തിന് അവസരം നിഷേധിക്കപ്പെട്ടത്.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിൽ ദേവസ്വത്തിന്റെയും ജനകീയ കമ്മിറ്റിയുടേയും അനുമതിയോട് കൂടിയാണ് പെരിങ്ങോട് ചന്ദ്രന് പഞ്ചവാദ്യം അവതരിപ്പിക്കാൻ ക്ഷണംലഭിച്ചത്. എന്നാൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചില വാദ്യക്കാർ ചന്ദ്രനൊപ്പം വാദ്യം അവതരിപ്പിക്കാൻ തയ്യാറല്ലെന്ന നിലപാടെടുത്തോടെയാണ് അദ്ദേഹത്തിന് ചോറ്റാനിക്കര ദേവീ സന്നിധിയിൽ വാദ്യമവതരിപ്പിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഇന്നലെ വൈകീട്ടായിരുന്നു ചന്ദ്രന്റതുൾപ്പെടെയുള്ളവരുടെ മേളം ചോറ്റാനിക്കരയിൽ നടക്കേണ്ടിയിരുന്നത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പഞ്ചവാദ്യത്തിൽ നിന്ന് പെരിങ്ങോട് ചന്ദ്രനെ മാറ്റിനിർത്തുകയായിരുന്നു. ഇനി ഉത്സവം കഴിഞ്ഞ് ക്ഷേത്ര അധികൃതരുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഈ കലാകാരന് ദേവിയുടെ മുന്നിൽ കൊട്ടിപ്പാടാൻ സാധിക്കുകയുള്ളൂ. കലാമണ്ഡലത്തിൽ നിന്ന് തിമില അഭ്യസിച്ച ചന്ദ്രൻ പാലക്കാട് തൃത്താല പെരിങ്ങോട് സ്വദേശിയാണ്.

ചോറ്റാനിക്കരക്ക് പുറമേ സംസ്ഥാനത്തെ മറ്റു ചില ക്ഷേത്രങ്ങളിലും പെരിങ്ങോട് ചന്ദ്രനുൾപ്പെടെയുള്ള അടിസ്ഥാന വിഭാഗത്തിൽപ്പെട്ട വാദ്യകലാകാരന്മാർക്ക് ഇതു പോലെയുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇലത്താളം കൊട്ടുന്നതിൽ നിന്നും കലൂർ ബാബുവിനെ വിലക്കിയത് വലിയ വാർത്തകൾക്ക് ഇടയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നാനാതുറയിൽപ്പെട്ടവരുടെ പ്രതിഷേധത്തെ തുടർന്നാണ് കലൂർ ബാബുവിന് വീണ്ടും അവസരം ലഭിച്ചത്. ചന്ദ്രന്റെ വീടിനു സമീപത്തെ ആമക്കാവിലും നെന്മാറ വല്ലങ്ങി വേലയിലും ഇതു പോലെ മുൻപ് ഇദ്ദേഹത്തെ മാറ്റി നിർത്തിയിട്ടുണ്ട്.

പലയിടത്തും ദളിത് സമുദായക്കാരനോടൊപ്പം കൊട്ടാൻ സവർണ വിഭാഗക്കാരായ ചില കലാകാരന്മാർ തയ്യാറാകാതെ വന്നതോടെയാണ് ചന്ദ്രന് മാറി നിൽക്കേണ്ടി വന്നത്. പെരിങ്ങോട് ചന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി മദ്ദളം കലാകാരനും, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. വാസുദേവന്റെ പുസ്തകം ഇറങ്ങിയതും ചിലകലാകാരന്മാരുടെ അപ്രീതിക്ക് കാരണമായതെന്നും പറയപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദനായിരുന്നു 'തിമിലയിലെ ജാതിക്കാലം' എന്നു പേരിട്ട പുസ്തകം തൃപ്പൂണിത്തുറയിൽ പ്രകാശനം ചെയ്തത്.

പുസ്തകത്തിൽ ദളിത് സമുദായത്തിൽ പിറന്നതിനാൽ കേരള കലാമണ്ഡലത്തിലുൾപ്പെടെ നേരിട്ട അവഗണനയെപ്പറ്റി വിവരിക്കുന്നുണ്ട്. അതേ സമയം ഇപ്പോഴത്തെ പ്രശ്‌നത്തെ പറ്റി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് പെരിങ്ങോട് ചന്ദ്രൻ. അവസരം നിഷേധിച്ചെന്ന വാർത്ത സ്ഥിതീകരിക്കാൻ ചോറ്റാനിക്കരയിലെ ദേവസ്വം അധികൃതരും, കമ്മിറ്റിയും ഇതുവരെ തയ്യാറായിട്ടില്ല. മറ്റു കലാകാരന്മാരുമായി ഇവർ ഈ വിഷയത്തിൽ അനുരഞ്ജന ശ്രമം നടത്തി വരികയാണെന്നും പറയപ്പെടുന്നു.