- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തും സുരക്ഷിത യാത്രയൊരുക്കി; സർവീസുകൾ വർധിപ്പിക്കാനും ശ്രമങ്ങൾ; യു.കെ.യിലേക്ക് നേരിട്ട് സർവീസ്; രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കൊച്ചി; നേട്ടങ്ങളിലേക്ക് ചിറകുവിരിച്ച് സിയാൽ
കൊച്ചി: കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സർവീസുകൾ വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും സിയാലിനെ കൈപിടിച്ച് ഉയർത്തിയത് നേട്ടങ്ങളുടെ നെറുകയിലേക്ക്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമതെത്തി. ഇതോടെ 2021 വർഷം മുഴുവനും സിയാലിന് ഈ സ്ഥാനത്ത് തുടരാൻ കഴിഞ്ഞിട്ടുണ്ട്.
എയർപോർട്ട് അഥോറിറ്റിയുടെ കണക്കനുസരിച്ച് 2021 ഡിസംബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഡൽഹി വിമാനത്താവളത്തിനാണ് ; 8,42,582 യാത്രക്കാർ. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡിസംബറിൽ 3,01,338 രാജ്യാന്തര യാത്രക്കാരാണ് സിയാൽ വഴി കടന്നുപോയത്. ഇതോടെ സിയാലിന് വർഷം മുഴുവനും ഈ സ്ഥാനത്ത് തുടരാനായി. നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ് ഡിസംബറിൽ ചെന്നൈ വിമാനത്താവളമുപയോഗിച്ചത്. 2021-ൽ സിയാലിലൂടെ മൊത്തം 43,06,661 പേർ കടന്നുപോയി. മുൻവർഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വർധനവ്. ഇതിൽ 18,69,690 പേർ രാജ്യാന്തര യാത്രക്കാരാണ്.
കോവിഡ് സമയത്ത് സുരക്ഷിത യാത്രയൊരുക്കാൻ സിയാൽ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളർച്ചയുണ്ടാക്കാൻ സഹായകമായതെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ' സർവീസുകൾ വർധിപ്പിക്കുന്നതിൽ ചെയർമാന്റേയും ബോർഡിന്റെയും നിർദേശങ്ങൾ സഹായകമായി. രാജ്യത്തെ ഏറ്റവും സുരക്ഷതവും വൃത്തിയുള്ളതുമായ വിമാനത്താവളങ്ങളിൽ ഒന്നാണ് കൊച്ചി എന്ന സന്ദേശം യാത്രക്കാരിലെത്താൻ കഴിഞ്ഞു.
തത്ഫലമായി വിമാന സർവിസുകൾ വർധിച്ചു. യു.കെ.യിലേയ്ക്ക് നേരിട്ട് സർവീസ് തുടങ്ങാനായി. ഡിസംബറിൽ സിംഗപ്പൂർ എയർലൈൻസ് കൊച്ചി സർവീസ് പുനരാരംഭിച്ചു. ജനുവരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് മലേഷ്യയിലേയ്ക്കും സർവീസ് തുടങ്ങി. ഇനി ബാങ്കോക് സർവീസാണ് തുടങ്ങാനുള്ളത്. അതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു ' : സുഹാസ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യൻ വിമാനത്താവങ്ങൾ 2.512 കോടി യാത്രക്കാർക്ക് സേവനമൊരുക്കി. നവമ്പർ-2.32 കോടി, ഒക്ടോബർ- 1.96 കോടി,സെപ്റ്റംബർ-1.42 കോടി എന്നിങ്ങനെയാണ് മുൻ മാസങ്ങളിലെ കണക്ക്. ഡിസംബറിൽ പൊതുവെ യാത്രക്കാരുടെ വർധന രേഖപ്പെടുത്തിയെങ്കിലും മാസാവസാനത്തോടെ ഓമിക്രോൺ ആശങ്കയെത്തുടർന്ന് കുറവ് നേരിട്ടുതുടങ്ങി.
യാത്രക്കാരിൽ സുരക്ഷാബോധം വളർത്തിക്കൊണ്ടും വിമാനക്കമ്പനികൾക്ക് മികച്ച സേവനങ്ങൾ നൽകിക്കൊണ്ടും ട്രാഫിക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സിയാൽ ഉൾപ്പെടെയുള്ള വിമാനത്താവള ഓപ്പറേറ്റർമാർ നടത്തിവരുന്നു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്താദ്യമായി വിമാനക്കമ്പനികൾ യു.എ.ഇയിലേയ്ക്ക് സർവീസ് ആരംഭിച്ചതുകൊച്ചിയിൽ നിന്നാണ്.
നിലവിൽ യു.എ.ഇ യാത്രക്കാർക്ക് റാപ്പിഡ് പി.സി.ആർ പരിശോധന നടത്താൻ സിയാലിന്റെ രാജ്യാന്തര പുറപ്പെടൽ ടെർമിനലിൽ മൂന്ന് ലാബുകൾ പ്രവർത്തിക്കുന്നു. ഒരുസമയം 450 പേർക്ക് പരിശോധന നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ആഗമന ടെർമിനലിലും ഇത്രയും വിപുലമായ പരിശോധനാ സൗകര്യങ്ങൾ സിയാൽ ഒരുക്കിയിട്ടുണ്ട്.
സിയാലിൽ ഒക്ടോബറിൽ നിലവിൽ വന്ന ശീതകാല സമയപ്പട്ടികയനുസരിച്ച് പ്രതിദിനം 50 പുറപ്പെടൽ സർവീസുകൾ ആഭ്യന്തര മേഖലയിലുണ്ട്. മുപ്പതോളം സർവീസുകൾ രാജ്യാന്തര മേഖലയിലും സിയാലിൽ നിന്ന് പുറപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ