- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ലെനോവ പാർട്സുകൾ എത്തിച്ച് നടക്കുന്നത് അസംബ്ലിങ് മാത്രം; സർക്കാർ ഭൂമി പണയം വെച്ച് സ്വകാര്യ കമ്പനി എടുത്തത് 24 കോടിയുടെ ബാങ്ക് വായ്പ; ഡയറക്ടർമാരിൽ ഒരാൾ ശിവശങ്കറും; ശിവദാസൻ നായർ തുറന്നു വിട്ടത് മറ്റൊരു അഴിമതി ദുരൂഹത
തിരുവനന്തപുരം: സ്വകാര്യ കുത്തകകൾക്ക് സംസ്ഥാനം തീറെഴുതിക്കൊടുക്കുന്നതിന് എന്നും സിപിഎം എതിരായിരുന്നു. ഈ ഇടപാടുകളുടെ പേരിൽ യുഡിഎഫ് ഭരണകാലങ്ങളിൽ സിപിഎം തുറന്ന സമരരമുഖങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പിണറായി ഭരണത്തിൽ സംഭവിക്കുന്നതും ഇത് തന്നെ. യുഎസ്ടി ഗ്ലോബൽ എന്ന സ്വകാര്യ ഐടി ഭീമന് വേണ്ടി പിണറായി സർക്കാർ ചെയ്ത വഴിവിട്ട സഹായങ്ങളുടെ ചീഞ്ഞളിഞ്ഞ ഒരു അഴിമതി കഥയാണ് പുറത്ത് എത്തുന്നത്.
സ്വകാര്യ കുത്തകയ്ക്ക് സർക്കാർ സ്വത്തുക്കൾ അടിയറവെച്ച് സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിച്ച് വളരാൻ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. സർക്കാർ വകുപ്പുകൾക്ക് കംപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെൻട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവ് സർക്കാർ സ്വത്തുക്കൾ സ്വകാര്യ കമ്പനിക്ക് തീറെഴുതാനും വലിയ അഴിമതിയിക്ക് കളമൊരുക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുതയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്വർണ്ണക്കടത്തിനു ഒത്താശ നൽകിയ മുൻ ഐടി സെക്രട്ടറി ശിവശങ്കർ തന്നെയാണ് ഈ ഉത്തരവും ഇറക്കിയിരിക്കുന്നത്. വഴിവിട്ട കാര്യങ്ങളാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി സർക്കാർ ചെയ്തിരിക്കുന്നത്.
കപ്യുട്ടറും അനുബന്ധ ഉത്പ്പന്നങ്ങളും സെന്ട്രലൈസ്ഡ് സംവിധാനത്തിലൂടെ വാങ്ങിക്കാൻ ഉത്തരവിറക്കും മുൻപ് തന്നെ അണിയറയിൽ കൊക്കോണിക്സ് എന്ന കമ്പനി പിറവിയെടുത്തിരുന്നു. കമ്പനിയിൽ ആദ്യമേ ഡയരക്ടർ ആയതും ശിവശങ്കർ തന്നെ. ഈ കമ്പനിയിൽ നിന്ന് കപ്യുട്ടറുകൾ വാങ്ങാൻ വാങ്ങുക എന്ന ലക്ഷ്യത്തിലാണ് ഉത്തരവ് ഇറക്കിയത്. പിന്നീടുള്ള നീക്കങ്ങൾ മുഴുവൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്ന വിവരമാണ് വെളിയിൽ വരുന്നത്. കൊക്കോണിക്സ് എന്ന കമ്പനിക്ക് പിന്നിൽ ഐടി ഭീമനായ യുഎസ്ടി ഗ്ലോബലാണ്. 2019 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ ഏതൊക്കെ സർക്കാർ നടപ്പാക്കി എന്നറിയാൻ ആറന്മുള മുൻ എംഎൽഎ കെ.ശിവദാസൻ നായർ നടത്തിയ അന്വേഷണമാണ് കൊക്കോണിക്സ് അഴിമതി കഥ വെളിയിൽ വരുത്താൻ ഇടയാക്കിയത്.
സർക്കാർ വകുപ്പുകൾക്ക് കേരളത്തിന്റെ തനത് ലാപ്ടോപ്പ് നൽകാൻ എന്ന രീതിയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൊക്കോണിക്സ് കമ്പനി രൂപീകരിച്ചത്. എന്നാൽ 51 ശതമാനം ഷെയർ കൊക്കോണിക്സിനും 49 ശതമാനം ഷെയർ സർക്കാരിനുമാണ്. 49 ശതമാനം ഷെയർ ആണ് കൊക്കോണിക്സ് ഉള്ളത്. രണ്ടു ശതമാനം ഷെയർ ഈ കമ്പനിക്ക് ആക്സിലറോൺ കമ്പനിക്കാണ്. ഇതോടെയാണ് പ്രൈവറ്റ് കമ്പനിക്ക് 51 ശതമാനം ഷെയറുകൾ കൈവശമായത്. സർക്കാർ രൂപീകരിക്കുന്ന കമ്പനിയിൽ സർക്കാരിനു മേജർ ഓഹരി പങ്കാളിത്തമില്ലാത്തത് സംശയമുയർത്തുന്നു. ഇതോടെ തന്നെ സർക്കാർ കമ്പനി എന്ന ലേബൽ തന്നെ ഇല്ലാതായി.
സർക്കാർ ഭൂമിയാണ് കൊക്കോണിക്സിന് നൽകിയിരിക്കുന്നത്. കെൽട്രോണിനു കീഴിലുള്ള തിരുവനന്തപുരം മൺവിളയിലെ 66 സെന്റ് ഭൂമിയാണ് ഈ കമ്പനിക്ക് നൽകിയിരിക്കുന്നത്. ഒരു അസറ്റും സ്ഥാപനത്തിനില്ല. കെട്ടിടം നിർമ്മിച്ച് നല്കിയതും കെൽട്രോൺ. സർക്കാർ ഭൂമിഎസ്ബിഐയിൽ പണയം വെച്ച് 24 കോടി രൂപയെടുത്താണ് സ്വകാര്യ കമ്പനി പ്രവർത്തിക്കാനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. കൊക്കോണിക്സിനു 51 ശതമാനം ഷെയറുകളുംബാക്കി സർക്കാരിനുമാണ് ഉള്ളത്. ഇതോടെ തന്നെ കമ്പനിയിൽ സർക്കാരിന്റെ പിടിവിട്ടു. എന്നിട്ടും സർക്കാർ കമ്പനി എന്ന രീതിയിൽ തന്നെയാണ് കൊക്കോണിക്സ് മുന്നോട്ടു പോകുന്നത്. കെൽട്രോണും കെഎസ്ഐഡിസിക്ക് പങ്കാളിത്തമുണ്ട് എന്നത് മാത്രമാണ് സർക്കാർ പങ്കാളിത്തത്തിനുള്ള തെളിവ്.
നാലായിരം ലാപ്ടോപ്പുകൾ നിർമ്മിച്ച് നൽകി എന്നാണ് കമ്പനി പറയുന്നത്. പക്ഷെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പാർട്സുകൾ കൂട്ടി യോജിപ്പിച്ച് ലാപ്ടോപ്പ് ആക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇത് ഒരു അസംബ്ലിങ് യൂണിറ്റ് മാത്രമാണ്. കമ്പനിയാണെങ്കിൽ പൂർണമായും യുഎസ്ടി ഗ്ലോബലിന്റെ കീഴിലുമാണ്. ദുരൂഹമായ ഒട്ടനവധി കാര്യങ്ങൾ കൊക്കോണിക്സ് കമ്പനി ഇടപാടിൽ നടന്നിട്ടുണ്ടെന്ന് ശിവദാസൻ നായർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് സംബന്ധമായി വീഡിയോ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ ശിവദാസൻ നായർ ഷെയർ ചെയ്തിട്ടുമുണ്ട്.
ശിവദാസൻ നായർ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇങ്ങനെ:
കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ കെൽട്രോൺ ആണ് ടെൻഡർ ക്ഷണിച്ചത്. സർക്കാർ വകുപ്പുകൾ, സ്കൂളുകൾ, യൂണിവെഴ്സിറ്റികൾ, പഞ്ചായത്തുകൾ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സെന്ട്രലൈസ്ദ് പർച്ചേസ് വഴി ഈ കമ്പനിയിൽ നിന്ന് ലാപ്ടോപ്പുകൾ ലഭ്യമാക്കും. കെൽട്രോൺ ഓപ്പൺ ടെൻഡർ ക്ഷണിച്ചപ്പോൾ എത്തിയത് , ലെനോവ, കൊക്കോണിക്സ് എന്നീ കമ്പനികൾ.
കൊക്കോണിക്സ് സ്ഥാപനത്തിനു 50 ശതമാനം ലെനോവ റേറ്റിൽ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയുടെ അഞ്ച് ഡയരക്ടർമാരിൽ ഒരാൾ ശിവശങ്കറാണ്. കൊക്കോണിക്സ് കമ്പനി രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഇ മെയിൽ വിലാസമാണ് യുഎസ്ടി ഗ്ലോബലിലേക്ക് വിരൽ ചൂണ്ടിയത്. ഇതിനു ശേഷം മൂന്നു മാസം കഴിഞ്ഞു ബംഗളൂര്വിൽ ആക്സിലറോൺ എന്ന പേരിൽ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി. ഇതിലും ദുരൂഹതയുണ്ട്. ആ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഒരു ഡയരക്ടർ കൊക്കോണിക്സ് ഡയരക്ടർ ആയ പ്രസാദ് കൊച്ചുകുഞ്ഞു ആണ്. രണ്ടു കമ്പനിയിക്കും എങ്ങനെ ഒരേ ഡയരക്ടർമാർ വന്നു. ഈ കമ്പനിയുടെ മറ്റൊരു രണ്ടാമത് ഡയരക്ടർ വൃന്ദാ വിജയൻ ആണ്. ആരാണ് വൃന്ദാ വിജയൻ എന്നും അറിയേണ്ടതുണ്ട്.
ഒരു അസറ്റും കൊക്കോണിക്സ് ക്രിയേറ്റ് ചെയ്തിട്ടില്ല. വർമ്മാ ആൻഡ് വർമ്മ കമ്പനി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും വലിയ യൂണിറ്റ് അസറ്റ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാൻ കഴിയും. നാലായിരം ലാപ്ടോപ്പ് വിറ്റു എന്നാണ് പറയുന്നത്. ഒരു ലാപ്ടോപ്പ് പോലും നിർമ്മിച്ചിട്ടില്ല. സർക്കാർ ഡയരക്ടർമാർ ആരും കമ്പനിയിലില്ല,പൂർണമായും യുഎസ്ടി ഗ്ലോബലിന്റെ കയ്യിൽ. സംസ്ഥാനത്തിന്റെ സ്ഥലം, സംസ്ഥാനത്തിന്റെ സൗകര്യം എല്ലാ അംഗീകാരവും നൽകി ലാപ്ടോപ്പുകൾ വിതരണം ചെയ്യാനുള്ള അവകാശം യുഎസ്ടി ഗ്ലോബലിനെ ഏൽപ്പിച്ചിരിക്കുന്നു. വലിയ അഴിമതി.
പിണറായി-തോമസ് ഐസക്ക് കൂട്ടുകെട്ട് ആണ് ഇതിനു പിന്നിലുള്ളത്.. ആക്സിലറോൺ ആരുടെ കമ്പനി, ആരാണ് വൃന്ദാ വിജയൻ എന്നൊക്കെ അന്വേഷിക്കുമ്പോൾ ആരുടെ നെഞ്ചിടിപ്പ് കൂടും എന്നുള്ളത് അറിയാം. ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം-ശിവദാസൻ നായർ വീഡിയോയിൽ ആവശ്യപ്പെടുന്നു.
കൊക്കോണിക്സ്, ആക്സിലറോൺ കമ്പനിയെക്കുറിച്ച് അന്വേഷണം വേണം: ശിവദാസൻ നായർ:
മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിൽ നടക്കുന്നത് ദുരൂഹമായ കാര്യങ്ങളാണ്. ശിവദാസൻ നായർ മറുനാടനോട് പറഞ്ഞു. കൊക്കോണിക്സ്, കമ്പനിയെക്കുറിച്ചും ആക്സിലറോൺ കമ്പനിയെക്കുറിച്ചും അന്വേഷണം വേണം. സർക്കാർ കമ്പനി ആകുമ്പോൾ 51 ശതമാനം ഷെയറുകൾ സർക്കാരിനു നിർബന്ധമായും വേണം. ഇവിടെ 49 ശതമാനം ഷെയറുകൾ മാത്രമേയുള്ളൂ. അതെങ്ങിനെ തീരുമാനിക്കാൻ കഴിയും. 51 ശതമാനം ഷെയറുകൾ സ്വകാര്യ കമ്പനിക്ക് വിട്ടു നൽകാൻ എങ്ങനെ കഴിയും.
എല്ലാം ബ്രേക്ക് ചെയ്തിരിക്കുന്നത് യുഎസ്ടി ഗ്ലോബലിന്റെ മേൽ വിലാസത്തിലാണ്. കൊക്കോണിക്സ് കമ്പനിയുടെ പ്രസാദും വൃന്ദാ വിജയനും ചേർന്നാണ് ആക്സിലറോൺ രൂപീകരിച്ചത്. രണ്ടു ശതമാനം ഷെയർ ആണ് ആക്സിലറോൺ കൈവശമാക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിനുള്ളിലാണ് രണ്ടു ശതമാനം കൊക്കോണിക്സ് ഷെയർ ഇവർ സ്വന്തമാക്കുന്നത്. സംശയാസ്പദമായ കാര്യങ്ങൾ ആണ് ഈ രണ്ടു കമ്പനികളുടെ കാര്യത്തിലും നടന്നത്. അതിനാൽ അന്വേഷണം വേണം-ശിവദാസൻ നായർ പറഞ്ഞു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.