കണ്ണൂർ: ഗുരുതരമായ ഉദരരോഗങ്ങളും ദഹനപ്രക്രിയകളുടെ തകരാറും പാക്കറ്റ് വെളിച്ചെണ്ണ വഴി കേരളീയർക്ക് വ്യാപിക്കുന്നതായി സൂചന. പായ്ക്ക് ചെയ്ത് മാർക്കറ്റിൽ ഇറക്കുന്ന തൊണ്ണൂറു ശതമാനം വെളിച്ചെണ്ണയും മായം ചേർത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാദേശിക ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയ്ഡുകളും നടപടികളും ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അനുപമ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പനം കുരുവിന്റെ തോട് പൊടിച്ച് പിഴിഞ്ഞുണ്ടാക്കുന്ന പാം കെർണൽ ഓയിലാണ് വെളിച്ചെണ്ണയിൽ പ്രധാനമായും ചേർത്ത് വിൽപ്പനക്കെത്തിക്കുന്നത്. ഐഡിൻ വാല്യു പത്തിൽ താഴെയുള്ള വെളിച്ചെണ്ണയാണ് ഉപയോഗിക്കാൻ പറ്റിയത്. എന്നാൽ പാം കെർണൽ ഓയിൽ വെളിച്ചെണ്ണയിൽ കലർത്തിയാൽ ഐഡിൻ വാല്യു പതിനാറാകും. അത് കുറയ്ക്കാൻ പാരഫിൻ വാക്‌സ് ചേർക്കുകയാണ് പല വെളിച്ചെണ്ണ നിർമ്മാണ സ്ഥാപനങ്ങളും. പാരഫിൻ വാക്‌സിൽ (മെഴുക്) ഐ.വി. പൂജ്യം ആണ്. ഫലത്തിൽ കരൾ ഉദര രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്ന പാക്കറ്റ് വെളിച്ചെണ്ണ നിർമ്മാതാക്കൾ.

തമിഴ്‌നാട്ടിൽ നിന്നാണ് പാം കെർണൽ ഓയിൽ കേരളത്തിലെത്തുന്നത്. 9000 ലിറ്ററും അതിനു മുകളിലും വരുന്ന ടാങ്കർ ലോറികളിലാണ് കേരളത്തിൽ പാം കെർണൽ ഓയിൽ എത്തുന്നത്. ഇവിടെയെത്തിയാൽ മൂന്നുലക്ഷവും അതിനു മേലും രൂപ അവർക്ക് ലഭിക്കും. പാക്കറ്റ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നവരാണ് പാം കെർണൽ ഓയിലിന്റെ ഉപഭോക്താക്കൾ. വടക്കേ മലബാറിലെ ഒരു വെളിച്ചെണ്ണ കമ്പനി ബംഗ്ലൂരുവിലുള്ള നാഫെഡിൽ നിന്നാണ് കൊപ്ര വാങ്ങുന്നത്. എന്നാൽ ഈ കൊപ്ര കളത്തിൽ എത്തുന്നത് നാമമാത്രം. പകരം പാം കെർണൽ ഓയിൽ വാങ്ങി വെളിച്ചെണ്ണയിൽ കലർത്തും. മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഈ വെളിച്ചെണ്ണ വാങ്ങി ഉപഭോക്താക്കൾ അറിയാതെ വഞ്ചിതരാകുകയാണ്.

വെളിച്ചെണ്ണയിൽ മായം ചേർത്ത് ഉത്പ്പാദിപ്പിക്കുന്നതിൽ വടക്കൻ കേരളത്തിൽ മാത്രം 200 ലേറെ കേസുകളുണ്ട്. ഇതിൽ ഭൂരിഭാഗത്തിലും പാം കെർണൽ ഓയിൽ ചേർത്തതാണ്. സ്വാഭാവിക വെളിച്ചെണ്ണയിൽ 7 മുതൽ 12 വരെയാണ് ഐ.വി. അനുപാതം. എന്നാൽ പാം കെർണൽ ഓയിലിൽ 16 മുതൽ 19 വരെയാണ്. ഈ അനുപാതം കുറച്ച് കാണിക്കാനാണ് പാരഫിൻ വാക്‌സ് ചേർത്ത് വെളിച്ചെണ്ണ ഇറക്കുന്നത്. ഒറ്റനോട്ടത്തിലുള്ള പരിശോധനയിൽ ഇത് വ്യക്തമാവുകയില്ല.

എന്നാൽ സർക്കാർ സ്ഥാപനമായ കേരയും ശബരിയും വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കുന്നുണ്ട്. അവരുടെ കേന്ദ്രങ്ങളിൽ ഇതുവരെ പരിശോധന നടത്തിയായി അറിവില്ല. സർക്കാറിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങി മാത്രമേ ഇവിടങ്ങളിൽ പരിശോധനക്ക് പോകാൻ പറ്റൂ. അതുകൊണ്ടു തന്നെ ഒരു ഉദ്യോഗസ്ഥനും അതിന് മിനക്കെടുന്നില്ല. വെളിച്ചെണ്ണ വിട്ട് സൺഫ്ളാർ ഓയിലിൽ എത്തിയവരും ശ്രദ്ധിക്കുക. പാക്ക് ചെയ്ത സൺഫ്ളാർ ഓയിലിലും മായം കണ്ടെത്തിയിട്ടുണ്ട്.

കൊപ്ര ചക്കിലാട്ടിയെടുക്കുന്ന പാക്ക് ചെയ്യാത്ത വെളിച്ചെണ്ണയാണ്് ഇപ്പോഴും ശുദ്ധമായി ലഭിക്കുന്നത്. റിഫൈൻഡ് ഓയിൽ എന്നവകാശപ്പെട്ട് പാക്ക് ചെയ്തവയിലാണ് മായം കണ്ടെത്തിയിട്ടുള്ളത്. ശുദ്ധമായ വെളിച്ചെണ്ണ മുലപ്പാലുപോലെ വേഗത്തിൽ ദഹിക്കുന്നതാണെന്ന് പ്രശസ്ത ഡോക്ടറും മണിപ്പാൽ സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലറുമായ പത്മഭൂഷൺ ബി.എൻ.ഹെഗ്‌ഡെ പറയുന്നു.

കൊളസ്‌ട്രോൾ ഇല്ലാത്ത എണ്ണയാണ് വെളിച്ചെണ്ണ എന്നും ഇതിലെ ഔഷധമുല്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ പാക്ക് ചെയ്യാത്തത് ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. പാക്കിലാക്കി വിപണിയിലിറക്കുന്ന എല്ലാ എണ്ണയും ശുദ്ധതട്ടിപ്പാണെന്ന് ഹെഗ്‌ഡെ പറയുന്നു.