കാപ്പി കുടിക്കുന്നതിനെച്ചൊല്ലി ഗവേഷകർക്കിടയിൽ അഭിപ്രായവ്യത്യാസം മുമ്പേയുണ്ട്. കാപ്പിയിലെ കഫീൻ ക്യാൻസറിനുവരെ കാരണമാകുമെന്ന് പഠനങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോൾ, ആവശ്യത്തിന് കാപ്പി കുടിക്കാനാണ് ഗവേഷകർ പറയുന്നത്. കഫീൻ അത്രയ്ക്ക് അപകടകാരിയല്ലെന്നും ഡിമെൻഷ്യയെ ചെറുക്കാൻ അതിന് ശേഷിയുണ്ടെന്നും പഠനം പറയുന്നു.

ഓർമക്കുറവിനെ ചെറുക്കുന്ന തലച്ചോറിലെ ന്യൂറോണിന് ശക്തിപകരാൻ കഫീനിലുള്ള എൻസൈമിന് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നായി ഓർമക്കുറവ് മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ നാലേമുക്കാൽക്കോടി മനുഷ്യരാണ് ഡിമെൻഷ്യയുടെ പിടിയിലുള്ളത്. 2050 ആകുമ്പോഴേയ്ക്കും ഇവരുടെ സംഖ്യ 11.54 കോടിയായി വർധിക്കുമെന്നും കണക്കുകൾ പറയുന്നു.

ഡിമെൻഷ്യ ബാധിക്കുന്നത് തടയാൻ കഫീനിലെ എൻഎം.എൻ.എ ടി2 എന്ന എൻസൈം ഫലപ്രദമാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നു. തലച്ചോറിൽ രണ്ടുതരത്തിലാണ് ഈ എൻസൈം പ്രവർത്തിക്കുന്നത്. ന്യൂറോണുകളെ സമ്മർദത്തിൽനിന്ന് സംരക്ഷിക്കുന്നതിനൊപ്പം തലച്ചോറിൽ അടിഞ്ഞകൂടുന്ന പ്രോട്ടീനുകളെ പ്രതിരോധിക്കാനും കാപ്പിക്ക് സാധിക്കുന്നു.

തലച്ചോറിനെ ബാധിക്കുന്ന പല അസുഖങ്ങളുടെയും കാരണം ഈ പ്രോട്ടീൻ അടിഞ്ഞുകൂടൽ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത്. അൽഷെയ്‌മേഴ്‌സ്, പാർക്കിൻസൺസ്, ഹണ്ടിങ്ടൺ ഡിസീസ് തുടങ്ങിയ രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. അമേരിക്കയിൽമാത്രം 54 ലക്ഷത്തിലേറെപ്പേരാണ് ഇപ്പോൾ അൽഷെയ്‌മേഴ്‌സിന്റെ പിടിയിലമർന്നിട്ടുള്ളത്.

ഇന്ത്യാന സർവകലാശാലയിലെ ഗവേഷകരാണ് കാപ്പിയുടെ ഗുണഗണങ്ങളെക്കുറിച്ച് പഠനം നടത്തിയത്. 1280 ഘടകങ്ങളാണ് പഠനത്തിന് വിഷയമാക്കിയത്. നിലവിലുള്ള മയക്കുമരുന്നുകൾ പോലും പഠനത്തിന്റെ ഭാഗമായി പരിശോധിച്ചു. അതിൽ ഡിമെൻഷ്യയെ ചെറുക്കുന്നതിൽ കാപ്പിയോളം ഫലപ്രദമായി മറ്റൊന്നും കണ്ടെത്താൻ ഗവേഷകർക്കായില്ല. കാപ്പി ഓർമ കൂട്ടാൻ നല്ലതെന്ന് നേരത്തെയും ഗവേഷണങ്ങളിൽ തെളിഞ്ഞിരുന്നു.