രാവിലെ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ പലർക്കും ഉറക്കച്ചടവ് മാറുകയില്ല. രുചികരമായ കാപ്പി ഊതിയൂതി കുടിക്കുമ്പോൾ അത് ആനപ്പിണ്ഡത്തിൽ നിന്നും ശേഖരിച്ചെടുത്ത കാപ്പിക്കുരുവിൽ നിന്ന് ഉണ്ടാക്കിയതാണെന്നറിഞ്ഞാൽ നിങ്ങൾക്ക് എന്താണ് തോന്നുക? കുടിച്ച കാപ്പിയത്രയും വായിൽ വിരലിട്ട് ഛർദ്ദിച്ച് കളയാൻ തോന്നും അല്ലേ? വെറുതെ പറയുകയല്ല നാം കുടിക്കുന്ന കാപ്പിയും ആനപ്പിണ്ഡവുമായി ഇത്തരത്തിൽ ബന്ധമുണ്ടാകാൻ സാധ്യതയേറെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആനയുടെ വിസർജ്യത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരുവുപയോഗിച്ച് കാപ്പിപ്പൊടിയുണ്ടാക്കുന്ന രീതി തായ്‌ലൻഡിൽ വ്യാപകമാണെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

മ്യാന്മാറിനോടും ലാവോസിനോടും അതിർത്തി പങ്കിടുന്ന തായ്‌ലൻഡിലെ ചില പ്രദേശങ്ങൾ മയക്കുമരുന്ന് കടത്തിന് പേരുകേട്ട സ്ഥലങ്ങളാണ്. എന്നാൽ കാനഡയിലെ വൻ കാപ്പി വ്യവസായിയും ബ്ലാക്ക് ഐവറി കോഫിയുടെ സ്ഥാപകനുമായ ബ്ലെയ്ക്ക് ഡിൻകിൻ ഇവിടെയുള്ള മറ്റൊരു സാധ്യത പ്രയോജനപ്പെടുത്താനാണ് ഇറങ്ങിപ്പുറപ്പെട്ടത്. അതായത് മേൽപ്പറഞ്ഞ രീതിയിൽ ആനപ്പിണ്ഡത്തിലെ കാപ്പിക്കുരുക്കൾ ശേഖരിച്ച് കോഫി പൗഡർ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയൊരുക്കിയത്.

ആദ്യഘട്ടത്തിൽ വെരുകിന്റെ കാഷ്ഠത്തിൽ നിന്നുള്ള കാപ്പിക്കുരുക്കൾ ശേഖരിച്ച് കാപ്പിപ്പൊടി നിർമ്മിക്കാനായിരുന്നു ബ്ലെയ്ക്കിന്റെ തീരുമാനം. എന്നാൽ എന്നാൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവയടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഗുണമേന്മ ഇതിനില്ലെന്ന് കണ്ട് ഈ രീതി ഉപേക്ഷിക്കുകയും ആനപിണ്ഡത്തിലേക്ക് തിരിയുകയുമായിരുന്നു. ഇപ്പോൾ ആനപിണ്ഡത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും നല്ല കാപ്പിപ്പൊടി നിർമ്മിക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ് ബ്ലാക്ക് ഐവറി കോഫി. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വരൾച്ചാ കാലത്ത് ആനകൾ വൻതോതിൽ കാപ്പിക്കുരുക്കൾ ഭക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബ്ലെയ്ക് ഇങ്ങോട്ട് തിരിഞ്ഞിരിക്കുന്നത്.

എന്നാൽ ഇത് എളുപ്പമാണെന്ന അദ്ദേഹത്തിന്റെ ധാരണ പൊളിയുകയായിരുന്നു. ആനകൾക്ക് കാപ്പിക്കുരു കൊടുത്ത് അവയുടെ പിണ്ഡത്തിൽ നിന്നും കാപ്പിക്കുരു എടുത്ത് ഗുണമേന്മയേറിയ കാപ്പിയുണ്ടാക്കാമെന്നായിരുന്നു ബ്ലെയികിന്റെ ധാരണ. എന്നാൽ ആദ്യഘട്ടത്തിൽ ഇങ്ങനെ ശേഖരിച്ചുണ്ടാക്കിയ കാപ്പിക്കുരുവിൽ നിന്നുള്ള കാപ്പി കുടിക്കാൻ പറ്റാത്തതായിരുന്നു. തുടർന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാൻ ഒമ്പത് വർഷത്തോളം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു.

ആനയുടെ വയറ്റിലെത്തുന്ന കാപ്പിക്കുരുവിന് സവിശേഷമായ മാറ്റങ്ങൾ വരുന്നതിനെ തുടർന്നാണ് അതിന് ആകർഷകമായ രുചി കൈവരുന്നത്. ആന കഴിക്കുന്ന പച്ചിലകളുടെയും പഴങ്ങളുടെയും ഗുണഗണങ്ങൾ ആനയുടെ വയറ്റിൽ ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരുവിന് പ്രത്യേക സ്വാദേകുകയാണ് ചെയ്യുന്നത്.എന്നാൽ തുടക്കത്തിൽ പരീക്ഷണത്തിന്റെ ഭാഗമായി നല്ല അളവിലുള്ള കാപ്പിക്കുരുക്കൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബ്ലെയ്ക്ക് പറയുന്നു. അതായത് ആനകൾ ചിലപ്പോൾ പുഴയിലോ മറ്റോ കുളിക്കുന്നതിനിടെ മലവിസർജനം നടത്തിയാൽ കാപ്പിക്കുരു ഒലിച്ച് പോകും. സാധാരണ ആനപ്പാപ്പാന്മാരുടെ ഭാര്യമാരാണ് ആനപിണ്ഡത്തിൽ നിന്നും കാപ്പിക്കുരു ശേഖരിക്കുന്നത്. തുടർന്ന് അത് നന്നായി കഴുകി വെയിലത്തിട്ട് ഉണക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രാദേശികമായ ധാരാളം തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു.