ലണ്ടൻ: ബ്രിട്ടീഷ് രാജ കൊട്ടാരത്തിലെ ഏറ്റവും ആവശ്യക്കാരുള്ള പലഹാരം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, ബോംബെ മിക്‌സ് എന്ന നമ്മുടെ സാക്ഷാൽ മിക്‌സചർ. ഏതാനും വർഷം മുൻപ് കാവൽ ജോലിയിൽ ഉള്ളവർ മുംബൈ മിക്‌സ് അടിച്ചു മാറ്റി തിന്നുന്നു എന്ന് കണ്ടെത്തി രാജ്ഞി തന്നെ അനിഷ്ടം വ്യക്തമാക്കിയത് മാദ്ധ്യമങ്ങൾ പ്രധാന തലകെട്ടാക്കിയിരുന്നു. ഒരർത്ഥത്തിൽ ഇന്ത്യൻ പലഹാരങ്ങളിൽ ബ്രിട്ടണിൽ ഏറ്റവും ജനപ്രീതി നേടിയതും മുംബൈ മിക്‌സ് തന്നെയാവണം. സൂപ്പർ മാർക്കറ്റുകളിലും പെട്രോൾ സ്റ്റേഷനുകളിലും കോഫി ഷോപ്പിലും ഒക്കെ കിട്ടുന്ന സ്‌നാക് ആയി മുംബൈ മിക്‌സ്ചർ മാറിയതോടെ ഈ വിപണിയിലെ നിർണ്ണായക സാന്നിധ്യമായി മാറുകയാണ് ഇന്ത്യൻ സ്‌നാക്കുകൾ. മുംബൈ മിക്‌സ്ച്ചറിനൊപ്പം കപ്പ വറുത്തതും സമൂസയും അടക്കമുള്ള പലഹാരങ്ങൾ കൂടി രംഗം അടക്കി വാഴാൻ എത്തിയതോടെ ഇന്ത്യൻ രുചിയുടെ നിറവും മണവും അനുഭവിക്കുകയാണ് ബ്രിട്ടീഷ് സ്‌നാക്‌സ് വിപണി. പ്രതിവർഷ വിറ്റു വരവ് 3229 മില്യൻ പൗണ്ട് ആയി ഉയർന്നിരിക്കുന്ന ബ്രിട്ടീഷ് സ്‌നാക്‌സ് വിപണിയിൽ ഒട്ടും മോശം അല്ലാത്ത സ്ഥാനം ആണ് ഇന്ത്യൻ പലഹാരങ്ങൾ കയ്യടക്കിയിരിക്കുന്നത്. ഈ സാധ്യത മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുന്നേ വിപണിയിൽ രംഗ പ്രവേശം ചെയ്ത ഇന്ത്യാക്കാരുടേത് ഉൾപ്പെടെയുള്ള ഏഷ്യൻ ബ്രാൻഡ്കൾ തന്നെയാണ് മേൽക്കൈ നേടിയിരിക്കുന്നതും.

ഇന്ത്യയിൽ അതിവേഗം വളരുന്ന സ്‌നാക് വിപണിയിൽ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏതാനും വർഷമായി യുകെയിൽ ശക്തമായ സാന്നിധ്യമായി മാറിയ കൊഫ്രെഷ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തന്നെ ആദ്യ ഘടത്തിൽ ഉദ്പ്പന്നം വിറ്റഴിക്കുകയാണ് ലക്ഷ്യമെന്നു കൊഫ്രെഷ് മാനേജിങ് ഡയറക്ടർ പ്രിയേഷ് പട്ടേൽ പറയുന്നു. പ്രതിവർഷം 41000 കോടി രൂപയിലേക്ക് വളർന്നിരിക്കുന്ന ഇന്ത്യൻ സ്‌നാക് വിപണിയുടെ ചെറിയൊരു അംശം എങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞാൽ യൂറോപ്പ് മൊത്തം വിൽക്കുന്നതിലും നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് കൊഫ്രെഷിന്റെ നോട്ടം. ഇന്ത്യക്കാരുടെ പ്രിയ ചെറു പലഹാര നിരയിലുള്ള കപ്പ വറുത്തതും മിക്‌സ്ച്ചറും അടക്കമുള്ള വിഭവങ്ങൾ വിപണിയിൽ എത്തിച്ചു അതിവേഗം വിപണി വിഹിതം കണ്ടെത്താൻ കഴിയും എന്നാണ് പ്രിയേഷ് പട്ടേൽ ലക്ഷ്യമിടുന്നത്. നാല് വർഷം കൊണ്ട് ഇന്ത്യയിൽ ഈ വിപണി 14% വളർച്ച നേടി എന്ന കണക്കുകൾ ലഭ്യമായിരിക്കെ ഈ രംഗത്ത് മുതൽ മുടക്കുന്നവർക്ക് നഷ്ട കണക്കു പറയേണ്ടി വരില്ല. സാധാരണക്കാർ പോലും സ്‌നാക്കുകളുടെ ആരാധകര ആയി മാറിക്കൊണ്ടിരിക്കെ കുട്ടികളുടെ ഉദ്പ്പന്നം എന്ന നിലയിൽ നിന്നും സ്‌നാക് വിപണി വലിയൊരു വിഭാഗം ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

ചോക്ലേറ്റുകൾക്ക് പകരം എന്ന നിലയിൽ യൂറോപ്യർക്ക് ഇടയിൽ ഏറെ ജനപ്രിയം ആയിക്കഴിഞ്ഞ സീരിയൽ ബാർ അടക്കം ഉള്ള ഉദ്പ്പന്ന നിരയിലെ വത്യസ്തതായാണ് കൊഫ്രെഷിനെ മുൻ നിരയിൽ എത്താൻ സഹായിച്ചത്. ഗുണമേന്മയുള്ള ഉദ്പ്പന്നം വഴി സ്വാദിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാതെയാണ് ഇവരുടെ ഉദ്പ്പനം ഉപയോക്താവിന്റെ കൈകളിൽ എത്തുന്നത്. കശുവണ്ടി പരിപ്പും തേങ്ങയും മുഖ്യ മിശ്രണം ആയിട്ടുള്ള സീരിയൽ ബാറുകളും മറ്റും വിപണി പിടിച്ചാൽ കേരളത്തിലെ പോലും കാർഷിക മേഖലയ്ക്ക് കൂടി ഏറെ സഹായകമായി മാറും സ്‌നാക്‌സ് വിപണി. കഴിഞ്ഞ വർഷം കമ്പനി ആരംഭിച്ച ഈറ്റ് റിയൽ എന്ന ബ്രാൻഡ് ഇത്തരം ഉദ്പ്പന്നങ്ങളുടെ വലിയൊരു നിരയാണ് ഉപയോക്താവിന്റെ മുന്നിൽ എത്തിക്കുന്നത്. പ്രമുഖ ധാന്യങ്ങൾക്കൊപ്പം കശുവണ്ടി, ബദാം എന്നിവയും ചേർത്താണ് തികച്ചും പോഷക സമ്പന്നം ആയ സീരിയൽ ബാറുകൾ ഉപയോക്താവിന്റെ കൈകളിൽ എത്തുന്നത്. നോർത്ത് അമേരിക്കയും ഓസ്‌ട്രേലിയും യൂറോപ്പും വിപണി സ്ഥാനം പിടിച്ചെടുത്ത ശേഷമാണ് ബ്രിട്ടനിലെ ലെസ്റ്റർ ആസ്ഥാനമായ കൊഫ്രെഷ് ഇന്ത്യയെ തേടി എത്തുന്നത്.

ഗുജറാത്തിൽ ഉള്ള ഒരു കമ്പനിയുമായി സംയുക്ത സംരഭം ആരംഭിച്ചാണ് ഇന്ത്യൻ വിപണിയിൽ തേരോട്ടം നടത്താൻ കൊഫ്രേഷ് തയ്യാറാകുന്നത്. യുകെയിൽ നിന്നും കയറ്റി അയക്കുന്ന ഉദ്പ്പന്നം എന്ന നിലയിൽ ഇന്ത്യൻ ഉപയോക്താവിന്റെ പ്രത്യേക ശ്രദ്ധ പതിയാനും സാധ്യത ഉണ്ട് എന്നതുകൊഫ്രെഷിന് വിപണിയിൽ മുതൽ കൂട്ടാകും. ചൈനയെയും ഗൾഫിനെയും തഴഞ്ഞാണ് ഇന്ത്യയിലേക്ക് നീങ്ങാൻ കൊഫ്രെഷിന് അവസരം ഒരുക്കുന്നത്. വിപണി തുറന്നിട്ട് ചൈനയും ഗൾഫ് രാജ്യങ്ങളും കൊഫ്രെഷിന് അവസരം ഒരുക്കിയത് ആണെന്ന് കമ്പനി പറയുന്നു. എന്നാൽ 120 കോടിയിലേറെ ജനങ്ങൾ ഉള്ള ഒരു രാജ്യത്തെ തഴയുക എന്ന മണ്ടത്തരം കാട്ടാൻ തങ്ങൾക്ക് സാധ്യമല്ലെന്ന് പ്രിയേഷ് പട്ടേൽ കൂട്ടി ചേർക്കുന്നു. ഈ വർഷം യുകെയിൽ നിന്നും കമ്പനി പ്രതീക്ഷിക്കുന്ന വിറ്റു വരവ് 25 മില്യൻ പൗണ്ട് ആണ്. ഉറളക്കിഴങ്ങും അരിയും അടക്കമുള്ള വസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന സ്‌നാക്കുകളും പപ്പടം എന്ന ബ്രാൻഡ് നാമത്തിൽ എത്തുന്ന വളവും തിരിവും ഉള്ള ആകൃതിയിലെ സ്‌നാകുകളും ഏറെ ജന പ്രിയമായിക്കഴിഞ്ഞു. ദിനം പ്രതി 2 മില്യൻ സ്‌നാക് പയ്ക്കുകളാണ് കൊഫ്രേഷ് ലെസ്റ്ററിലെ ഉദ്പ്പാദന കേന്ദ്രത്തിൽ നിന്നും പുറത്തു വിടുന്നത്.