ന്യൂഡൽഹി: തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന്റെ പേരിലാണ് കഴിഞ്ഞവർഷം ഐടി ഭീമന്മാരായ കോഗ്നിസെന്റ് ടെക്‌നോളജി സൊല്യൂഷൻസിന്റെ പേര് വാർത്തകളിൽ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ നികുതി കുടിശിക വരുത്തിയതിന്റെ പേരിലും. ലാഭവിഹിതം പങ്കുവെച്ചതിലെ നികുതി കുടിശികയായ 2500 കോടി രൂപ ഈടാക്കുന്നതിന് കോഗ്നിസെന്റിന്റെ ഏതാനും ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.

നികുതി നിയമം അനുസരിച്ച് ഡിവിഡെന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് അടയ്ക്കുന്നതിൽനിന്ന് 77എ വകുപ്പ് പ്രകാരം ചില ഇളവുകളുണ്ട്. എന്നാൽ, ഇതിന്റെ പരിധിയിൽ കോഗ്നിസെന്റ് വരില്ലെന്ന് അധികൃതർ അറിയിച്ചു. കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നോട്ടീസുകളയച്ചെങ്കിലും കമ്പനി പരിഗണിക്കാതെ വന്നതിനെത്തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് ആദായനികുതി വകുപ്പ് നീങ്ങിയത്. 2016-17 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സാണ് 2500 കോടി രൂപ.

2016 മെയിൽ നടത്തിയ ഇടപാടിലൂടെ കോഗ്നിസെന്റ് അതിന്റെ ഓഹരികൾ ഓഹരിയുടമകളിൽനിന്ന് വാങ്ങിയിരുന്നു. കമ്പനിയും ഓഹരിയുടമകളും ചേർന്ന് ഒപ്പുവെച്ച കരാർ പ്രകാരമായിരുന്നു ഇത്. ഒരു മൗറീഷ്യസ് കമ്പനിയും ഒരു അമേരിക്കൻ കമ്പനിയുമായിരുന്നു ഓഹരിയുടമകൾ. മൗറീഷ്യസ് കമ്പനിക്ക് 54 ശതമാനവും അമേരിക്കൻ കമ്പനിക്ക് 46 ശതമാനവും ഓഹരിയുണ്ടായിരുന്നു. അമേരിക്കൻ കമ്പനിയിൽനിന്ന് 10 ശതമാനം നികുതി ഈടാക്കിയപ്പോൾ മൗറീഷ്യസ് കമ്പനിയിൽനിന്ന് നികുതി പിടിച്ചില്ല.

ഇങ്ങനെ ഈടാക്കാത്ത ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് തിരിച്ചുപിടിക്കുന്നതിനായാണ് ആദായനികുതി വകുപ്പ് പലതവണ നോട്ടീസ് അയച്ചത്. നോട്ടീസുകൾക്ക് മറുപടി നൽകാതിരുന്നതിനെത്തുടർന്ന് 2500 കോടിയിലേറെ നിക്ഷേപം വരുന്ന ബാങ്ക് അക്കൗണ്ടുകൾ പിടിചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നികുതി അടയ്ക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകൾ കമ്പനിക്ക് തിരികെ നൽകും. ചെന്നൈയിലെയും മുംബൈയിലെയും ബാങ്ക് അക്കൗണ്ടുകളാണ് നിലവിൽ മരവിപ്പിച്ചിട്ടുള്ളത്.

എന്നാൽ, ആദായനികുതി വകുപ്പിന്റെ നടപടി കമ്പനിയുടെ പ്രവർത്തനത്തെ ഒരുരീതിയിലും ബാധി്ച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. കോടതിയുടെ നിർദേശമില്ലാതെ തുടർനടപടികൾ കൈക്കൊള്ളരുതെന്ന് ചെന്നൈ ഹൈക്കോടതി ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആദായനികുതി വകുപ്പിന്റെ നടപടികൾ നിയമപ്രകാരമുള്ളതല്ലെന്നാണ് കമ്പനി വിശ്വസിക്കുന്നതെന്നും നിയമനുമസിച്ചുള്ള എല്ലാ നികുതിയും കോഗ്നിസെന്റ് ഇതിനകം അടച്ചിട്ടുണ്ടെന്നും വക്താവ് വിശദീകരിച്ചു.