മെൽബൺ: ശക്തമായ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കൂടിയായപ്പോൾ സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയയും തണുത്തു വിറയ്ക്കാൻ തുടങ്ങി. ന്യൂ സൗത്ത് വേൽസിന്റെ പടിഞ്ഞാറൻ മേഖലകളും മഞ്ഞിന്റെ പിടിയലമർന്നിരിക്കുകയാണ്. ഇന്നു വൈകുന്നേരം ഏറെ താഴുന്ന താപനില ഞായറാഴ്ച ആറു ഡിഗ്രി വരെയായിരിക്കും ഈ മേഖലകളിൽ രേഖപ്പെടുത്തുക.

ക്യൂൻസ് ലാൻഡിലെ ഗ്രാനൈറ്റ് ബെൽറ്റിൽ ശക്തമായ തിരയടിക്കും സാധ്യതയുണ്ട്. രണ്ടു വർഷത്തിൽ ആദ്യമായാണ് ക്യൂൻസ് ലാൻഡിൽ മഞ്ഞ് പെയ്യുന്നത്. സൗത്ത് ഓസ്‌ട്രേലിയയിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടുമ്പോൾ ടാസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വെൽസ് തുടങ്ങിയ മേഖലകളിൽ ഇടയ്ക്ക് താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അന്റാർട്ടിക് വെർട്ടെക്‌സാണ് കടുത്ത കാലാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.  ശക്തമായി വീശിയടിക്കുന്ന കാറ്റിൽ താപനില വളരെയേറെ താഴുകയും ചെയ്യും. മണിക്കൂറിൽ 65 കിലോ മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. മഞ്ഞ് വീണ് റോഡുകൾ തെന്നിക്കിടക്കുന്നതിനാൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. വീടിനുള്ളിൽ ഹീറ്റിങ് ഇട്ട് ശരീരം ചൂടുപിടിപ്പിച്ചിരിക്കണം. അതേസമയം ഹീറ്റിംഗുമായി ബന്ധപ്പെട്ട് അപകടം ഉണ്ടാകാൻ ഇടയുള്ളതിനാൽ മെച്ചപ്പെട്ട ഹീറ്റിങ് സംവിധാനം ഉപയോഗിക്കാനും ഫയർ ആൻഡ് റെസ്‌ക്യൂ ടീം ഓർമിപ്പിക്കുന്നു.

കഴിഞ്ഞ രാത്രി ന്യൂസൗത്ത് വേൽസിൽ തന്നെ 11 വീടുകൾക്കാണ് തീപിടിച്ചത്. ഇവയെല്ലാം ഹീറ്റിംഗുമായി ബന്ധപ്പെട്ടാണ് നടന്നത്. ഈ തീപിടുത്തങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. കാൻബറയിലും മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്ന് വെതർ ബ്യൂറോ ഫോർകാസ്റ്റർ സിയാൻ കാർസൺ അഭിപ്രായപ്പെടുന്നു. ഞായറാഴ്ചയും കൊടുതണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടും. കൂടിയ താപനില  ആറു ഡിഗ്രി സെൽഷ്യസായിരിക്കും. ഏറ്റവും തണുപ്പുള്ള ജൂലൈയിലെ ദിവസം 2.6 സെൽഷ്യസാകും താപനില. മെൽബണിന്റെ ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.