മെൽബൺ: ഇനി വീട്ടുസാമഗ്രികൾ വാങ്ങാൻ സൂപ്പർമാർക്കറ്റുകളിൽ പോകുന്നതിനൊപ്പം തന്നെ ഒരു ഹോം ലോണും തരപ്പെടുത്തിക്കൊണ്ട് തിരികെ വീട്ടിലെത്താം. ബാങ്കിങ് മേഖലയിലേക്ക് സൂപ്പർമാർക്കറ്റുകളും എത്തുന്നതിന് തുടക്കമിടുന്നത് കോൾസും വൂൾവർത്തുമാണ്. സൂപ്പർമാർക്കറ്റുകളും ബാങ്കിങ് സേവനം നടത്തുന്നത് രാജ്യത്തെ നാലു വൻ ബാങ്കുകൾക്ക് ഭീഷണി ഉയർത്തുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

തുടക്കമെന്ന നിലയിൽ ഓസ്‌ട്രേലിയക്കാരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചുമെല്ലാം സൂപ്പർമാർക്കറ്റുകൾ വിവരം ശേഖരിച്ചു വരുന്നുണ്ട്. ഇതിൽ കോൾസും വൂൾവർത്തുമാണ് ഈ രംഗത്ത് ഉടൻ തന്നെ സാന്നിധ്യം ഉറപ്പിക്കാൻ പോകുന്നത്. ആരംഭത്തിൽ ഹോം ലോണുകൾ നൽകി തുടങ്ങുന്ന ഇവർ പിന്നീട് ഏതു തരത്തിലുമുള്ള ബാങ്കിങ് ഇടപാടുകളിലേക്കും കടക്കുമെന്നു തന്നെയാണ് സൂചന.

ഫുൾ ബാങ്കിങ് ലൈസൻസിന് കോൾസ് അപേക്ഷ നൽകിയിട്ടുണ്ടെന്നു തന്നെയാണ് പരക്കെ ഉയർന്നിരിക്കുന്നത്. അതേസമയം ജി ഇ കാപ്പിറ്റലുമായി സഹകരിച്ച് പേഴ്‌സണൽ ലോണുകളും ക്രെഡിറ്റ് കാർഡുകളും ഉപയോക്താക്കൾക്ക് നൽകുന്നതിനുള്ള സംരംഭം കഴിഞ്ഞ മാസം തന്നെ കോൾസ് പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ ശക്തിപ്രാപിച്ചു വരുന്ന ഹോം ലോൺ വിപണിയിലേക്കുള്ള ചുവടു വയ്‌പ്പിന് കോൾസും വൂൾവർത്തും ഓസ്‌ട്രേലിയൻ മോർട്ട്‌ഗേജ് പ്രൊവൈഡർമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ്, ഇൻഷ്വറൻസ് ഉത്പന്നങ്ങൾ എന്നിവയിൽ ഓസ്‌ട്രേലയിലെ ഒരു മില്യണിലധികം ഉപയോക്താക്കൾ നിലവിൽ വൂൾവൽത്ത് മണി, കോൾസ് മണി, കോൾസ് ഫിനാൻഷ്യൽ എന്നീ ട്രേഡ് മാർക്കുകളിൽ നിലവിലുണ്ട്. ഓസ്‌ട്രേലിയക്കാരുടെ ഷോപ്പിങ് സ്വഭാവം, ശരാശരി കുടുംബബജറ്റ്, ജീവിത ശൈലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ശേഖരിച്ചു വരുന്നത്. അയ്യായിരത്തിലധികം വരുന്ന വിവിധ സൂപ്പർ മാർക്കറ്റുകളിൽ നിന്നും പെട്രോൾ, ലിക്വർ ഔട്ട്‌ലെറ്റുകൾ ഇവരുടെ പാർട്ട്ണർമാരായ ടെൽസ്ട്ര, ക്വണ്ടാസ്, വെബ് ജെറ്റ്, ഹെൽത്ത് ഇൻഷ്വററായ മെഡിബാങ്ക്, എനർജി കമ്പനിയായ എജിഎൽ എന്നിവയിലൂടെയെല്ലാം ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു വരികയാണ്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ ഫിനാൻഷ്യൽ പ്രൊഡക്ടുകളും അവയുടെ പ്രീമിയങ്ങളും നിശ്ചയിക്കപ്പെടുകയെന്ന് വൂൾവർത്തിന്റെ ഒരു സീനിയർ എക്‌സിക്യുട്ടീവ് വെളിപ്പെടുത്തി. സൂപ്പർമാർക്കറ്റിൽ പാലും ഇറച്ചിയും വാങ്ങാൻ വരുന്നവർക്ക് താരതമ്യേന കുറഞ്ഞ ചെലവിലുള്ള കാർ ഇൻഷ്വറൻസ് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വൂൾവർത്ത് ഡയറക്ടർ ഓഫ് ഗ്രൂപ്പ് റീട്ടെയ്ൽ സർവീസസ് പെന്നി വിൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.