- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻസീറ്റ് ഹെൽമറ്റ് വ്യവസ്ഥയോട് സർക്കാർ യോജിക്കാത്തത് ഇരട്ടത്താപ്പ്: കോൾഫ്
ആലപ്പുഴ: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിർബന്ധ വ്യവസ്ഥയോട് കേരള സർക്കാർ യോജിക്കാത്തത് ഇരട്ടത്താപ്പാണെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, കൺവീനർ അഡ്വ. വി. മഹേന്ദ്രനാഥ് എന്നിവർ ചൂണ്ടിക്കാട്ടി. ഇ
ആലപ്പുഴ: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിർബന്ധ വ്യവസ്ഥയോട് കേരള സർക്കാർ യോജിക്കാത്തത് ഇരട്ടത്താപ്പാണെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, കൺവീനർ അഡ്വ. വി. മഹേന്ദ്രനാഥ് എന്നിവർ ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ പിൻസീറ്റിൽ ഇരിക്കുന്നവർക്കാണ് ശരീരത്തിൽ കൂടുതൽ മുറിവും ക്ഷതവും ഉണ്ടാകുന്നതെന്നും മിക്കപ്പോഴും മരിക്കുന്നതെന്നുമെന്ന കാഴ്ചപ്പാടിലാണ് പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നതത്രേ. എന്നാൽ കേരളത്തിൽ ഹെൽമറ്റ് ധരിച്ചിട്ടും പരിക്കേൽക്കുന്നവരേയും മരിക്കുന്നവരേയും കുറിച്ച് പ്രത്യേക പഠനങ്ങൾ നടത്തി സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചിട്ടില്ല.
പിൻസീറ്റ് ഹെൽമറ്റ് വ്യവസ്ഥ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതായി സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒരു പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു പിൻസീറ്റുകാർക്കു ഹെൽമറ്റ് വേണ്ടെന്നു വച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിക്കുന്നു. ഇതേസമയം, അന്യർക്കു മാനസികമായോ ശാരീരികമായോ ക്ഷതമേൽപ്പിക്കാത്ത ഒരു കാര്യത്തിനു ക്രിമിനൽ കുറ്റവാളികളോടെന്നതിനേക്കാൾ മോശമായി പെരുമാറി പിഴ വഴിയിൽ നിന്നു പീഡനമാർഗങ്ങളിലൂടെ ഈടാക്കുന്നതിനെതിരേ നിലനില്ക്കുന്ന ജനരോഷം സർക്കാർ അറിയുന്നില്ലെന്നു നടിക്കുകയാണ്. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ സംഘടിതരല്ലാത്ത ഓരോരുത്തരെ പിടികുടുന്നതിനാൽ പ്രതിഷേധം പുറത്തറിയില്ലെന്നു മാത്രം.
യാത്രക്കാരൂടെ പരിക്കിനോ മരണത്തിനോ ഹെൽമറ്റ് പരിഹാരമല്ലെന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള ഒരു കാര്യവും റോഡിൽ ചെയ്യാതെ മരണത്തിൽ നിന്നു രക്ഷിക്കുമെന്നുള്ള ഒരു അടിസ്ഥാനവുമില്ലാത്ത വൃഥാവാഗ്ദാന നിയമം മാത്രമാണെന്നും സർക്കാരിന് ശരിക്കറിയാം. എന്നാൽ ഖജനാവിലേക്ക് ഒരു പ്രയത്‌നവും കൂടാകെ പിഴത്തുക കുമിഞ്ഞു കൂടുമെന്നതിനാലും പിരിവു സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും ഒരാൾക്കെങ്കിലും ഹെൽമറ്റ് നിർബന്ധമാക്കിയേ പറ്റൂ. പുറകിലിരിക്കുന്നവരുടേയും ഓടിക്കുന്ന ചില മതവിഭാഗങ്ങളിൽപ്പെട്ടവരുടേയും തല ഒരു തരത്തിലും പൊട്ടില്ലെന്നു സർക്കാരിനു നല്ല ഉറപ്പുണ്ട്. അതിനാലാണ് അത്തരത്തിൽപ്പെട്ടവരെ ഹെൽമറ്റ് നിയമത്തിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പരസ്പരവിരുദ്ധ നിലപാടുകളുള്ള വ്യർഥവും അസാധുവുമായ ഹെൽമറ്റ് നിയമം പൂർണമായി എടുത്തുകളയുകയും എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സുരക്ഷാമാർഗങ്ങൾ സർക്കാർ ശക്തിപ്പെടുത്തി അപകടകാരണങ്ങൾ കഴിവതും ഒഴിവാക്കുകയുമാണ് വേണ്ടത്.
സുരക്ഷിതത്വ മുദ്ര നല്കുന്ന ഐഎസ്‌ഐ (ബിഐസ്) പോലും മരണത്തിൽ നിന്നും പരിക്കിൽ നിന്നും രക്ഷപെടുമെന്ന ഉറപ്പൊന്നും നല്കാത്ത ഹെൽമറ്റ് തലയിൽ വച്ചില്ലെന്നതിന്റെ പേരിൽ മറ്റൊരു കുറ്റകൃത്യത്തിനും ചെയ്യാത്ത രീതിയിൽ വാശിയോടെയും പ്രതികാരബുദ്ധിയോടെയും വഴിയിൽ നിന്നു ആരുടേയും പരാതിയില്ലാതെയും തെളിവുകൾ പരിശോധിക്കാതെയും പൊലീസ് ഏകപക്ഷീയമായി ശിക്ഷ വിധിച്ചു ഉടൻ പിഴയീടാക്കുന്നതു മനുഷ്യാവകാശ ധ്വംസനമാണ്. നിയമത്താൽ സ്ഥാപിതമായ നീതിന്യായ കോടതി മാത്രം ചെയ്യേണ്ട നടപടിയാണിത്.
വിപണിയിൽ ലഭ്യമായ ഹെൽമറ്റുകൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവയാണോയെന്നും ഉറപ്പുള്ളതാണോയെന്നും അറിയാൻ സർക്കാർ തലത്തിൽ പരിശോധനാ സംവിധാനങ്ങളില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യാജവും കാലാവധി കഴിഞ്ഞതുമായ ഹെൽമറ്റുകൾ എല്ലാം പിടിച്ചെടുത്ത് പൊതുജനങ്ങൾ കാണും വിധം കൂട്ടിയിട്ടു നശിപ്പിക്കണമെന്ന ആവശ്യത്തിൽ സർക്കാർ പ്രതികരിക്കാത്തത് ജനങ്ങളുടെ തലയോടും ജീവരക്ഷയോടുമല്ല, പിരിച്ചെടുക്കാവുന്ന പണത്തിനോടു മാത്രമാണ് സർക്കാരിന്റെ താത്പര്യമെന്നു വ്യക്തമാക്കുന്നു. അപകടവേളയിൽ ഹെൽമറ്റ് തകർന്നും തലയിൽ നിന്നു ഊരാനാകുകയും ചെയ്യാതെ മരണത്തിനു കീഴ്‌പ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. അപകടത്തിൽപ്പെട്ടു മരിക്കുന്നവർ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പൊലീസ് അപകട സ്ഥലത്തു നിന്നു ഹെൽമറ്റ് രഹസ്യമായി കടത്തുന്നതും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്.
ഹെൽമറ്റ് മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ഹെൽമറ്റ് വയ്ക്കുന്നവർ മരിക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തണമെന്ന ആവശ്യത്തിനും പ്രതികരണമില്ല. എന്നാൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇൻഷ്വറൻസ് പരിരക്ഷാ തുക നല്കരുതെന്നും ഹെൽമറ്റില്ലാത്ത ഇരുചക്രവാഹനയാത്രികർക്ക് പെട്രോൾ നല്കരുതെന്നും മറ്റുമുള്ള അസംബന്ധ ഉത്തരവുകൾ ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായും അടിസ്ഥാനമില്ലാതെയും പുറപ്പെടുവിക്കുന്നതിൽ സർക്കാർ നടപടിയെടുക്കുന്നില്ലതാനും. അതും പിഴപ്പിരിവിനോടുള്ള ആസക്തിയാണു കാണിക്കുന്നത്.