തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാർത്ഥിനി മരിച്ചു. അഞ്ച് പെൺകുട്ടികളടക്കം ആറു വിദ്യാർത്ഥികൾക്കു പരുക്കേറ്റിട്ടണ്ട്. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ അമല മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരെല്ലാം ശ്രീകൃഷ്ണ കോളജിലെ വിദ്യാർത്ഥികളാണ്.

കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവം നടന്നുകൊണ്ടിരിക്കെ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. കോളജ് ക്യാംപസിലെ മുട്ടിമരമാണു ശക്തമായ കാറ്റിൽ കടപുഴകി വീണത്. മരം വീഴുന്നതു കണ്ട് ഇവർ ഭയന്ന് ഓടിമാറിയപ്പോഴാണ് അപകടം. മരിച്ച വിദ്യാർത്ഥിനിയുടെ മുഖം അപകടത്തിൽ തകർന്നു.

വിദ്യാർത്ഥികൾ വേദികളിലേക്കു വന്നുകൊണ്ടിരിക്കെയാണ് മരം കടപുഴകി വീണത്. വാഹനങ്ങളും മറ്റും പാർക്ക് ചെയ്ത സ്ഥലത്തേക്കാണ് മരം വീണത്. മൂന്നു കാറുകൾക്കും നാശം സംഭവിച്ചു. അപകടത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവം നിർത്തിവച്ചു. ഇന്നലെയാണ് മൽസരങ്ങൾ തുടങ്ങിയത്. മറ്റു കോളജുകളിൽ നിന്നുള്ള ഒട്ടേറെ കുട്ടികൾ അവിടെയുണ്ട്.