- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കനത്തു; ദേശീയപാതയിലെ യാത്രയ്ക്ക് ഭീഷണിയായി കോളേജ് കെട്ടിടം; മൂന്നാർ ഗവൺമെന്റ് കോളേജ് കെട്ടിടം ഏതു സമയത്തും തകർന്ന് റോഡിലേക്ക് പതിക്കാവുന്ന നിലയിൽ
ഇടുക്കി: കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാറിൽ നിന്നും ദേവികുളത്തേക്ക് പോകുന്ന വഴിയിൽ ഒരു വശത്തായുള്ള മൂന്നാർ ഗവൺമെന്റ് കോളേജ് കെട്ടിടമാണ് ഏതു സമയത്തും തകർന്ന് റോഡിലേക്ക് പതിക്കാവുന്ന നിലയിൽ ഉള്ളത്.
കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ കെട്ടിടത്തിന്റെ മുൻവശത്തായുള്ള മൺതിട്ട ഇടിഞ്ഞതോടു കൂടി കെട്ടിടത്തിന്റെ നില കൂടുതൽ അപകടാവസ്ഥയിലായി. 2018 ലെ മഹാപ്രളയത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ ഇവിടെയുള്ള റോഡും കോളേജ് കെട്ടിടവും തകർന്നിരുന്നു.
ദേശീയപാത വികസന പണികളുടെ ഭാഗമായി റോഡ് പുനർനിർമ്മിച്ചുവെങ്കിലും റോഡിലേക്ക് മണ്ണു വീണതോടെ ഏതു സമയത്തും അപകടം ഉണ്ടാകാവുന്ന സ്ഥിതിയാണുള്ളത്. റോഡിൽ നിന്നും നാൽപ്പത് അടി ഉയരത്തിലുള്ള മൺതിട്ടയോട് ചേർന്ന് നിലനിൽക്കുന്ന കെട്ടിടം തകരാതിരിക്കാൻ സുരക്ഷാഭിത്തികൾ നിർമ്മിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ഉയർന്നിരുന്നു.
കോളേജ് കെട്ടിടം നിലനിൽക്കുന്ന സ്ഥലത്ത് മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യയുള്ളത്. നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയിൽ കെട്ടിടം നിലം പൊത്തുകയാണെങ്കിൽ വലിയ അപകടം സംഭവിക്കാനിടയുണ്ട്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് റോഡിലേക്ക് മണ്ണ് നീക്കം ചെയ്യുവാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേവികുളം എംഎൽഎ അഡ്വ. എ രാജാ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ