പാലക്കാട്: ആലത്തൂർ ശ്രീ നാരായണഗുരു കോളജ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബി.എസ്.സി. ഫിസിക്‌സ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന്. എന്തുകാരണം കൊണ്ടാണ് അശ്വതി ആത്മഹത്യ ചെയ്തതെന്ന് ആർക്കും വ്യക്തമായ എത്തുംപിടിയുമില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നത്.

പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടിൽ മണികണ്ഠന്റെയും സുനിതയുടെയും മകൾ അശ്വതിയെ ആണ് അടുക്കളയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യാ കുറുപ്പിൽ കാരണമായി പറഞ്ഞിരുന്നത് കോളേജിൽ വെച്ച് അദ്ധ്യാപകരും മുന്ന് വിദ്യാർത്ഥിനികളും മാനസികമായി പീഡിപ്പിച്ചതാണെന്നാണ്. ഇതിൽ വിശദമായ അന്വേഷണം ആലത്തൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിവരികയാണ്. വിദ്യാർത്ഥിനിയുടെ മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ ഫോണിലെ വിശദാംശങ്ങൾ കൂടി വിശദമായി പരിശോധിച്ചേ ആത്മഹത്യ എന്തിനാണെന്ന കാര്യം പറയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർത്ഥിനിയെ രണ്ട് അദ്ധ്യാപകരും മൂന്നു വിദ്യർത്ഥികളും മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ആത്മഹത്യാകുറിപ്പിൽ സൂചനയുള്ളത്. എന്നിരുന്നാലും ആത്മഹത്യാകുറിപ്പും വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണും വിദഗ്ദമായി പരിശോധിച്ചതിനുശേഷം മാത്രമേ ഒരു അന്തിമ തീരുമാനത്തിൽ എത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്.

അഞ്ചു പെൺകുട്ടികളും അഞ്ചു ആൺകുട്ടികളുമുള്ള ക്ലാസ്സിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അശ്വതി. പഠിപ്പിൽ മിടുക്കിയാണെന്നും എല്ലാ പരീക്ഷകളിലും വിജയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതർ വ്യക്തമാക്കുകയും ചെയ്യുന്നു. കഠിനാധ്വാനിയാണെന്നാണ് സുഹൃത്തുക്കളും പറയുന്നത്. രാത്രി ഏറെ വൈകും വരെ ഉറക്കമൊഴിച്ചു പഠിക്കുന്ന ശീലമുണ്ടായിരുന്നും അശ്വതിക്ക്. ഉറക്കം കുറവായിരുന്നു എന്ന് വീട്ടുകാരും പറയുന്നുണ്ട്. അശ്വതി ഇടയ്ക്കിടെ കോളജിൽ തലകറങ്ങി വീഴാറുണ്ടെന്നും കോളജിൽ ഇടയ്ക്കിടെ അവധിയെടുക്കാറുണ്ടെന്ന് കോളേജ് അധികൃതരും വ്യക്തമാക്കുന്നു.

രണ്ടും മൂന്നും മണി വരെ കുട്ടി ഉറങ്ങാതിരിക്കുന്നതിനെ പറ്റിയുള്ള ആശങ്കകളും വ്യാകുലതകളും കുട്ടിയുടെ അമ്മ കോളജ് അധികൃതരുമായി പങ്കുവച്ചിരുന്നതായും കോളജ് അധികൃതർ സമ്മതിക്കുന്നുണ്ട്. അതേസമയം കുട്ടിയെ കോളജിൽ ആരുതന്നെ വഴക്ക് പറഞ്ഞിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വാദം. എന്നാൽ, ആത്മഹത്യ ചെയ്ത ദിവസം കോളേജിൽ പോയി തിരികെ അശ്വതി വീട്ടിലേക്ക് പോരാൻ കാരണമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും ഇവർ നൽകുന്നില്ല.

അശ്വതി പൊതുവേ വളരെ ശാന്ത സ്വഭാവക്കാരിയാണെന്നും ആരോടും അങ്ങനെ കാര്യമായി ഇടപഴകുന്ന പ്രകൃതമല്ലെന്നും കോളജ് അധികൃതർ പറയുന്നുണ്ട്. കുട്ടിയെ അദ്ധ്യാപകരോ മറ്റു വിദ്യാർത്ഥികളോ മാനസികമായി വേദനിപ്പിച്ചതായി അറിവില്ലെന്നും കോളജ് അധികൃതർ പറയുന്നുണ്ട്. അശ്വതി വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാരുമുണ്ട്. വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ പാകത്തിന് എന്ത് വിഷയമാണ് യുവതിയെ അലട്ടിയിരുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് ഉത്തരം തേടേണ്ടത് പൊലീസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ് താനും.