- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിന്നു; ചാലക്കുടി ഭാഗത്തു നിന്നും വന്ന റെയിൽവേ റിപ്പയർ വാൻ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ വിദ്യാർത്ഥിനി അനു സാജന്റെ മരണത്തിൽ തേങ്ങി ബന്ധുക്കളും സഹപാഠികളും
കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിൽക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു.
തെറിച്ചു പോയ അനു ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു. അതേസമയം അനുവിനൊപ്പം ഉണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ ബിഎസ് സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു അനു. അഗ്‌നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: സിന്ധു. സഹോദരൻ: എൽദോ സാജൻ. സംസ്‌കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹപാഠിയുടെ ദാരുണാന്ത്യം കൺമുന്നിൽ കാണേണ്ടി വന്ന ആഘാതത്തിലാണ് സുഹൃത്തുക്കൾ. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർത്ഥികൾ റെയിൽവേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്.
കുറച്ചു നാൾ മുൻപും സമാനമായി ഒരു വിദ്യാർത്ഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു. എന്നിട്ടും പാളം വഴി വിദ്യാർത്ഥികൾ കോളേജിലേക്ക് എത്തുന്നതാണ് തുടർ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. അടുത്തിടെ വിദ്യാർത്ഥികൾ തീവണ്ടി തട്ടി മരിക്കുന്ന സംഭവം കൂടി വരികയാണ്. കണ്ണൂരിൽ ലെവൽക്രോസ് ക്രോസു ചെയ്യുന്നതിനിടെ തീവണ്ടി തട്ടി അമ്മയ്ക്ക് മുന്നിൽ വിദ്യാർത്ഥിനി മരിച്ചത് രണ്ട് ദിവസം മുമ്പായിരുന്നു. കൊയിലാണ്ടിയിലും 13 വയസുകാരൻ സമാന അപകടത്തിൽ മരിക്കുകയുണ്ടായത്.