- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൊക്കെ ഒരു എംപി ആയിരുന്നില്ലേടോ.. കഷ്ടം! അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനോട് പൊട്ടിത്തെറിച്ച് സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ; ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല; രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ല'; ജോയ്സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായിയും
കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയ മുൻ എംപി ജോയ്സ് ജോർജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികളുടെ രോഷപ്രകടനം. ജോയ്സ് ജോർജ്ജ് അവഹേളിച്ചത് പെൺകുട്ടികളായ തങ്ങളെ കൂടിയാണെന്നാണ് അവർ പറയുന്നത്. അശ്ലീല പരാമർശത്തിൽ ജോയസ് ജോർജ്ജിനോട് രോഷത്തോടെയാണ് ചില വിദ്യാർത്ഥികൾ പ്രതികരിച്ചത്. ഇയാൾ എംപി ആയിരുന്നില്ലേ എന്നാണ് വിദ്യാർത്ഥികളിൽ ചിലർ രോഷത്തോടെ ചോദിച്ചത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംവദിക്കുന്നതിനിടെ രാഹുൽ ഗാന്ധി വിദ്യാർത്ഥികൾക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശം. ഒന്നുമില്ലെങ്കിൽ ജോയ്സ് ജോർജ് ഒരു എംപിയായിരുന്നില്ലേയെന്നും അഭിഭാഷകനല്ലേ എന്നും സെന്റ് തെരേസാസ് വിദ്യാർത്ഥികൾ ചോദിച്ചു. പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല ഈ ചിന്താഗതി മാറ്റിയാൽ മതിയെന്നും ഇടുക്കിയിൽ നിന്ന് തന്നെയുള്ള ഒരു വിദ്യാർത്ഥി പ്രതികരിച്ചു.
പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഹുൽ സംസാരിച്ചത്. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ചേർന്നതല്ല ജോയിസ് ജോർജിന്റെ പ്രതികരണം. വിദ്യാർത്ഥിനികൾ എന്ന രീതിയിൽ തങ്ങളെ അവഹേളിക്കുന്നതാണ് പ്രസ്താവന. രാഹുൽ ഗാന്ധിയുടെ കോളേജിലെ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തങ്ങളോട് രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
അതേസമം രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരേ ജോയ്സ് ജോർജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശമാണ്. രാഹുൽ ഗാന്ധിയുടെ പരിപാടികളിലെ ആൾക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്സ് ജോർജിന്റെ പരാമർശമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'രാഹുൽ ഗാന്ധിയുടെ പര്യടന പരിപാടികളിൽ ലക്ഷണക്കണക്കിന് ആളുകൾ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്സ് ജോർജിനെപ്പോലൊരു മുൻ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇതംഗീകരിക്കാൻ കഴിയില്ല. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുൽ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയിൽ അദ്ദേഹം സംസാരിച്ചു'. നാട്ടിലെ ഇടതുപക്ഷത്തിന്റെ തകർച്ചയാണിത് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം ജോയ്സ് ജോർജിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അഭിപ്രായപ്പെട്ടു. 'എംഎം മണിയുടെ അതേ ഭാഷയിലാണ് ജോയ്സ് സംസാരിക്കുന്നത്. ഡിജിപിക്ക് പരാതി നൽകും. വൈകിട്ട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടത്തും, ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയ മുൻ എംപി ജോയ്സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വ്യക്തിപരമായി രാഹുൽ ഗാന്ധിയെ തങ്ങൾ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമർശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുൻ എംപി പരാമർശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമർശം.
അതേസമയം ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാർശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമർശിക്കുക മാത്രമാണുണ്ടായതെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം. കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി കൂട്ടിച്ചേർത്തു.
'പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും'. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും ജോയ്സ് പറഞ്ഞിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്സ്. തിങ്കളാഴ്ച ഇരട്ടയാറിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.
മറുനാടന് മലയാളി ബ്യൂറോ