പാലക്കാട്: വായ്പയോ നികുതിയോ അടയ്ക്കാതെ നിയമനടപടി നേരിടുന്ന വ്യക്തികളിൽ നിന്നു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നാണ് വിമർശനം. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർമാർക്കു തഹസിൽദാർമാരുടെ കത്ത് കിട്ടി.

റവന്യു റിക്കവറി വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കുന്നതിൽ അഭിപ്രായം തേടി ലാൻഡ് റവന്യു കമ്മിഷണർ കലക്ടർമാർക്കു കത്തയച്ചിരുന്നു. വില്ലേജ് ഓഫിസ് ജീവനക്കാരെ മുതൽ കലക്ടർമാരെ വരെ ബാധിക്കുന്ന തരത്തിൽ പൊതുനിർദ്ദേശം പുറപ്പെടുവിക്കാനാണ് നീക്കം. ഇതോടെ മനസാക്ഷി ഇല്ലാത്ത ഇടപെടലുകൾ ജീവനക്കാർക്ക് നടത്തേണ്ടി വരുമായിരുന്നു.

ലാൻഡ് റവന്യു കമ്മിഷണറുടെ കത്ത് നിലപാട് അറിയിക്കാൻ കലക്ടർമാർ തഹസിൽദാർമാർക്കു കൈമാറിയിരുന്നു. കുടിശിക പിരിവു കടുപ്പിക്കേണ്ട സാഹചര്യം വന്നാൽ വില്ലേജ് ജീവനക്കാർ ഗുണ്ടാപ്പണി ചെയ്യുന്നവരെപ്പോലെ പെരുമാറേണ്ട അവസ്ഥ വരുമെന്നാണ് ഇടുക്കി ജില്ലയിലെ ഒരു തഹസിൽദാർ കലക്ടർക്കു മറുപടി നൽകിയത്. അതായത് സാധാരണക്കാരെ പിഴിയേണ്ട അവസ്ഥ വരും. ആളുകളുടെ ദുഃഖവും തിരിച്ചറിയാൻ കഴിയില്ല.

തീരുമാനം നടപ്പാക്കിയാൽ റവന്യു റിക്കവറി വിഭാഗങ്ങളിലും താലൂക്ക് ഓഫിസുകളിലും ജോലി ചെയ്യാൻ ആരും തയാറാകില്ലെന്നും ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാകുമെന്നും പല തഹസിൽദാർമാരുടെയും മറുപടികളിലുണ്ട്. തഹസിൽദാർമാർ, ഡപ്യൂട്ടി കലക്ടർമാർ എന്നിവരുടെ അഭിപ്രായം ക്രോഡീകരിച്ചാണു വിഷയത്തിൽ കലക്ടർമാർ മറുപടി നൽകുക.

ജോയിന്റ് കൗൺസിൽ, എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ എന്നീ സംഘടനകളും പ്രതിഷേധിച്ചിരുന്നു. അതേസമയം, റവന്യു റിക്കവറി വീഴ്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാനുള്ള പൊതുനിർദ്ദേശം പുറപ്പെടുവിക്കുന്നതിന്റെ സാധ്യത തേടി കമ്മിഷണർ കത്തയച്ചത് തന്റെ അറിവോടെയല്ലെന്നു മന്ത്രി കെ.രാജൻ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു സർക്കാർ പിന്നാക്കം പോയേക്കും.