കോഴിക്കോട്: 'സത്യം യാത്രയ്ക്ക് സഞ്ചിയെടുക്കുമ്പോഴേയ്ക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. ഒരായിരം അസത്യങ്ങൾക്കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാൻ ഒരു സത്യം മതി' കളക്ടർ ബ്രോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വാക്കുകൾ ശരിവയ്ക്കുന്നതാണ് കാപ്പ ചുമത്തലുമായി ബന്ധപ്പെട്ട ഹൈക്കോടതി ചോദ്യങ്ങളും ഉയർന്ന വിവാദവും. കളക്ടറെ ബോധപൂർവ്വം പ്രതിക്കൂട്ടിൽ നിർത്താനുള്ള തട്ടിക്കൂട്ട് കേസായിരുന്നു ഇതെന്ന് ആരെങ്കിലും കുറ്റം പറഞ്ഞാൽ അതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ഈ വിഷയത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മറുനാടന്റെ അന്വേഷണത്തിൽ പുറത്തുവരുന്ന സൂചനകൾ. പൊലീസിലെ ഉന്നതർ പോലും കളക്ടറെ ചെളിവാരി എറിയാനുള്ള ശ്രമത്തിൽ പങ്കാളിയായോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു.

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി നിർദ്ദേശിച്ചിട്ടും കാപ്പ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കോഴിക്കോട് കളക്ടറോട് കോടതി ചോദിച്ചിരുന്നു. ഇത് വലിയ വാർത്തയായി. കളക്ടർക്കെതിരായ ലോബികൾ ഏറ്റു പിടിച്ചു. ഹൈക്കോടതി കളക്ടറെ വിമർശിച്ചു എന്ന് പോലും വാദമുയർത്തി. യാഥാർത്ഥത്തിൽ കോടതി അലക്ഷ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഏറെ കള്ളത്തരങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഇതേ വിഷയത്തിൽ കോടതിക്ക് മുന്നിൽ കോടതി അലക്ഷ്യ ഹർജി എത്തിയിരുന്നു. ഇത് പരിശോധിച്ച് തള്ളുകളാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ചെയ്ത്. ഇതേ കേസാണ് വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. ഒരിക്കൽ തള്ളിയ കേസ് വീണ്ടും നൽകുന്നത് പോലും നിയമ വിരുദ്ധമാണ്. എന്നാൽ ഇതൊന്നും ഹൈക്കോടതിയിൽ ആരും ചൂണ്ടിക്കാട്ടിയില്ല.

കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു എന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. പെൺകുട്ടികളെ കടത്തിയ കേസിലെ പ്രതികൾക്കെതിരെ 'കാപ്പ' ചുമത്തണമെന്ന കോടതിയുടെ നിർദ്ദേശം പാലിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് വിമർശനമെന്നായിരുന്നു വാർത്ത. എന്നാൽ തടവിൽ കഴിയുന്ന പ്രതിയ്‌ക്കെതിരെയാണ് ആവശ്യം ഉയർന്നത്. ഇയാൾ ജയിലിൽ തടവിലാണ്. അതുകൊണ്ട് തന്നെ കാപ്പ ചുമത്തേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതിനുള്ള ശുപാർശ പൊലീസാണ് സമർപ്പിക്കേണ്ടതെന്നതാണ് വാസ്തവം. ഇതിനൊപ്പം മറ്റ് ചില വസ്തുതകൾ കൂടി മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പ്രസ്തുത പ്രതിക്ക് എതിരെ കാപ്പ ചുമത്താത്തത് തടവിലായതു കൊണ്ടാണ്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം കിട്ടിയാൽ തന്നെ അറിയിക്കണമെന്നും അപ്പോൾ കാപ്പ ചുമത്താമെന്നും കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യം സൗകര്യപൂർവ്വം അറിയിക്കേണ്ടവർ അറിയിച്ചില്ല.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ല. പ്രസ്തുത കേസിലെ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടുമ്പോഴും പൊലീസിന് ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയെ അറിയിക്കാമായിരുന്നു. കലക്ടർ ഉത്തരവിട്ട വിവരവും അറിയിക്കാമായിരുന്നു. എന്നാൽ, അതുണ്ടായില്ല. പ്രതിക്ക് ജാമ്യം കിട്ടിയ ശേഷം അക്കാര്യവും കളക്ടറെ അറിയിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ പോലും പ്രതിക്ക് മേൽ കാപ്പ ചുമത്തി ജയിലിൽ ഇടാൻ കഴിയുമായിരുന്നു. അതും വേണ്ടപ്പെട്ടവർ ചെയ്യാത്തതാണ് പ്രതിക്ക് പുറത്തിറങ്ങാൻ അവസരമുണ്ടായത്. ശരിക്കും കോഴിക്കോട് കലക്ടറുടെ പിഴവല്ലാത്ത കാര്യത്തിനാണ് അദ്ദേഹം വിമർശനം കേൾക്കേണ്ടി വന്നത്.

പ്രതിയ്‌ക്കെതിരെ കാപ്പ ചുമത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നും, അത്തരമൊരു ഉത്തരവിന്റെ കാരണം എന്തായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. വിശദീകരണം തേടുന്നതിന് സ്റ്റേറ്റ് അറ്റോർണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാമ്യം കിട്ടാത്ത തരത്തിലുള്ള കേസാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെങ്കിൽ കാപ്പ ചുമത്തേണ്ടതില്ലെന്നാണ് കീഴ്‌വഴക്കം. ഇത്തരം സന്ദർഭങ്ങളിൽ കാപ്പ ചുമത്താതെ തന്നെ പ്രതിയെ തടങ്കലിൽ സൂക്ഷിക്കാൻ സാധിക്കും എന്നതിനാലാണ് ഇത്. കേസിലെ പ്രതിയായ സുഹൈലിനെതിരെ ഇത്തരം കേസ് നിലനിൽക്കുന്നതിനാലാണ് കളക്ടർ ഈ നിലപാടെടുത്തത്. ഇതിനൊപ്പം ജാമ്യം കിട്ടിയ ശേഷം കാപ്പ ചുമത്താനായി പൊലീസ് കലക്ടറെ  സമീപിച്ചതുമില്ല. ജസ്റ്റീസ് കെടി ശങ്കരനായിരുന്നു കോടതിയലക്ഷ്യ ഹർജി പരിഗണിച്ചത്.

പെൺകുട്ടികളെ കടത്തിയ സുഹൈലിനെതിരെ കാപ്പ ചുമത്താൻ കോടതി കളക്ടറോട് നിർദ്ദേശിച്ചിരുന്നു. അതിലെടുത്ത നടപടികൾ നിയമപരവുമായിരുന്നു. എന്നാൽ കള്ളക്കളികളിലൂടെ പ്രതിക്ക് ജാമ്യം ഉറപ്പാക്കിയ പൊലീസ് ഇക്കാര്യം കളക്ടറെ അറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനെതിരെ പുനർജ്ജനി ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്്റ്റീസ് തോട്ടത്തിൽ ബി രാധാകൃഷ്ണനും ജസ്റ്റീസ് അനു ശിവരാമനും അടങ്ങിയ ബഞ്ചാണ് കേസ് അന്ന് പരിഗണിച്ചത്. ജൂൺ പതിനാറിന് കോടതിയലക്ഷ്യ ഹർജി തള്ളി ഉത്തരവും വന്നു. കലക്ടറുടെ നടപടികളിൽ അപാകതയില്ലെന്ന് അന്ന് കോടതി വിശദീകരിച്ചിരുന്നു. അതേസമയം ഇതേ ആവശ്യമാണ് പിന്നീട് ജസ്റ്റീസ് കെടി ശങ്കരന്റെ ബഞ്ചിൽ വീണ്ടുമെത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന കോഴിക്കോട് കലക്ടർക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നേരത്തെ എതിർപ്പുയർന്നിരുന്നു. കോഴിക്കോട് എം പി എം കെ രാഘവനുമായുണ്ടായ സൗന്ദര്യപ്പിണക്കം ഒടുവിൽ അദ്ദേഹം മാപ്പു പറഞ്ഞ് പരിഹരിക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് കോഴിക്കോട്ടുകാരുടെ കലക്ടർ ബ്രോയുടെ പേര് ഹൈക്കോടതി കാപ്പ കേസുമായി ബന്ധപ്പെട്ട് പരാമർശിച്ചത്. എന്നാൽ ഇതിലെ കൂടുതൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥർക്കിടയിലെ ആശയ വിനിമയത്തിലെ വീഴ്‌ച്ചയാണ് കൂടുതലായി മുഴച്ചു നിൽക്കുന്നത്.