കോഴിക്കോട്: കോഴിക്കോട് എംപിയായ എംകെ രാഘവന് കുന്നംകുളം മാപ്പ് പോസ്റ്റ് ചെയ്ത് കളക്ടർ പ്രശാന്തിന്റെ മറുപടി. തന്നെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം എന്ന് രാഘവന്റെ ആവശ്യത്തിന് കുന്നംകുളം വില്ലേജിന്റെ പൊളിറ്റിക്കൽ മാപ്പാണ് കളക്ടർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന്ത്. കോഴിക്കോട് ജില്ലാ കളക്ടർ എൻ പ്രശാന്ത് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തിയ ആളാണ് കോഴിക്കോട് എംപി എംകെ രാഘവൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമസനടപടി സ്വീകരിക്കും എന്നായിരുന്നു ഭീഷണി.

കളക്ടർ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു, എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നില്ല, ബില്ലുകൾ പാസാക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും എംകെ രാഘവൻ ഉന്നയിച്ചിരുന്നു. കളക്ടർ പിആർഡി വഴി പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു എംപിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. 'കളക്ടർ ബ്രോ' എന്ന് വിളിക്കപ്പെടുന്ന ജില്ലാ കളക്ടർ എൻ പ്രശാന്ത് ,എംപിക്ക് പരിഹാസത്തിൽ പൊതിഞ്ഞ ഒരു മറുപടിയാണ് കൊടുത്തത്. മാപ്പ് പറഞ്ഞില്ല, മാപ്പിന്റെ ചിത്രം ഇട്ടു... അതും കുന്നംകുളത്തിന്റെ മാപ്പ്

രാഘവനെ പരോക്ഷമായി പരിഹസിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്ന മറ്റൊരു പോസ്റ്റും കളക്ടർ ഇട്ടിട്ടുണ്ട്. ഒരാളെപ്പറ്റി എങ്ങനേലും വല്ല കുറ്റവും കുറവും അടിയന്തരമായി കണ്ടെത്തണം അല്ലെങ്കിൽ വല്ല വിവാദവും ഉണ്ടാക്കണം എന്ന 'ജോലി' ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കേണ്ടി വന്നാൽ അത് അയാൾക്ക് ഒരു കോമ്പ്ലിമന്റ് തന്നെയാണ്. അഹങ്കരിക്കാതെ! അടങ്ങ് മോനെ, അടങ്ങ്! ചിത്രം: കയറ്റുമതിക്കായി തയ്യാറാക്കി വച്ച ഞണ്ടുകൾ. ഇത് അടച്ച് വെക്കേണ്ടതില്ല എന്നത് അറിയാമല്ലൊ.എന്നായിരുന്നു ആ പോസ്റ്റ്.

അതേസമയം, ഈ വിഷയത്തിൽ പ്രതികരണവുമായി കലക്ടർ എൻ പ്രശാന്ത് രംഗത്തെത്തി. തന്നെ പ്രകോപിക്കാനുള്ള നീക്കമാണ് എംപി എം കെ രാഘവന്റേത്. വ്യക്തിഹത്യ ചെയ്യാനും ശ്രമം നടക്കുന്നു. അതിൽ താൻ വീഴുമെന്നു കരുതേണ്ടെന്നും കലക്ടർ പറഞ്ഞു.

കളക്ടറേറ്റിലെ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് എംപിയുടെ നടപടിക്കെതിരെ കളക്ടർ വാർത്താക്കുറിപ്പിറക്കിയിരുന്നു. ഇതാണ് എംപിയുടെ പ്രതികരണത്തിന് കാരണം. രൂക്ഷമായ ആരോപണമാണ് കളക്ടർ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ രാഘവൻ ഉന്നയിക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടർ തടസ്സം നിൽക്കുന്നുവെന്നാണ് പരാതി. പണി പൂർത്തിയാക്കി ചെലവുകൾക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടർ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയിട്ടുണ്ട്. മുൻ കലക്ടർമാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികൾ നടപ്പായത്. കഴിഞ്ഞ ലോക്സഭാ കാലഘട്ടത്തിൽ എംപി ഫണ്ട് വിനിയോഗത്തിൽ നൂറ് ശതമാനം പൂർത്തിയാക്കാൻ ഇതുവഴി കഴിഞ്ഞു.

സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയിൽനിന്ന് മാറി ഇപ്പോൾ 33 പദ്ധതികളുടെ പ്രവർത്തനം ഒരുമാസത്തോളം കലക്ടർ ഭരണാനുമതി നൽകാതെ വൈകിപ്പിച്ചു. കലക്ടർക്കുവേണ്ടി ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ പരിശോധന നടത്തി അനുമതി നൽകിയ ഒന്നരക്കോടിയുടെ 35 ബില്ലുകൾ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാർക്ക് ബാധകമല്ലാത്ത വിധത്തിൽ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവൻ പറഞ്ഞു. എംപി ഫണ്ട് വിനിയോഗത്തിൽ കളക്ടർ ഏർപ്പെടുത്തിയ കർശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടർ ഓഫീസിൽ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താൻ പണി അനുവദിച്ചാൽ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്. 

കരാറുകാരൻ എഴുതി തരുന്ന ബിൽ അതേ പടി അംഗീകരിക്കണം. അല്ലാതെ അതിൽ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാൽ സർക്കാർ ഖജനാവിൽ നിന്നുള്ള തുക കരാറുകാർ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്രകാരം നടത്തുന്ന പണികളിൽ കർശന പരിശോധനയും കളക്ടറേറ്റിലെ ജീവനക്കാർ നടത്തി. ഇതോടെ കരാറുകാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതാണ് എംപിയുടെ കളക്ടറേറ്റിലെത്തിയുള്ള വിരട്ടലിന് കാരണമെന്നാണ് കളക്ടറേറ്റിലെ ജീവനക്കാർ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാർക്ക് മുഴുവൻ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാർക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാൽ പരിശോധനയിൽ പണികളിൽ പലതിലും പ്രശ്നങ്ങൾ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാർക്ക് ബിൽ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടിൽ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാൽ പണികളുടെ ശുപാർശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാർത്ഥ്യം. ഇത് അംഗീകരിക്കാൻ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. എംപി ഫണ്ടിലെ പണിയിൽ എന്തെങ്കിൽ കൃത്രിമത്വം ഉണ്ടെന്ന് വന്നാൽ അതിൽ കളക്ടർക്ക് മാത്രമാകും ഉത്തരവാദിത്തം. അന്ന് എംപിക്ക് കൈകഴുകുകയും ചെയ്യാം. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധനയ്ക്ക് ശേഷമേ ബില്ലുകൾ അംഗീകരിക്കൂവെന്നാണ് കളക്ടറേറ്റിന്റെ നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ കോഴിക്കോട് കലക്ടർക്കെതിരെ എംപി രംഗത്ത വന്നിരുന്നു എംപിയുടെ ശുപാർശയിൽ കലക്ടറേറ്റിൽ താൽകാലിക ഡ്രൈവർമാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടർക്ക് അധികാരം വർദ്ധിച്ചു. ഇത് യഥാവിധി വിനിയോഗിക്കുന്നതാണ് പ്രശാന്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വരാൻ കാരണമെന്ന് അന്ന് തന്നെ വിലയിരുത്തലുകളെത്തി. കോഴിക്കോട് കളക്ടർക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. അതിന് മുമ്പ് കളക്ടർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് കെ സി അബു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവാദവും ഉയർന്നുവന്നു. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്നത്തിൽ ഇടപെട്ടു. അങ്ങനെ താൽകാലിക വെടിനിർത്തലുണ്ടായി.

2015 ഫെബ്രുവരിയിലാണ് എൻ. പ്രശാന്ത് കോഴിക്കോട് കളക്ടർ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ദൗത്യവുമായാണ് ഓപ്പറേഷൻ സുലൈമാനി എന്ന പദ്ധതിയുൾപ്പെടെ എല്ലാം ഹിറ്റായി. ഇതോടെ ജനപ്രതിനിധികളെക്കാൾ കോഴിക്കോട്ടെ പ്രധാന താരമായി കളക്ടർ മാറി. ഇതാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. ഇടതു മുന്നണിക്കായിട്ടാണ് കളക്ടർ പ്രവർത്തിക്കുന്നതെന്ന വിവാദം പോലും കോൺഗ്രസുകാർ ഉണ്ടാക്കി. കളക്ടറെ മാറ്റാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നീക്കവും നടത്തി. എന്നാൽ ജനപിന്തുണയുള്ള കളക്ടറെ മാറ്റുന്നത് പ്രശ്നമാകുമെന്ന ഉപദേശമാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത്.