പത്തനംതിട്ട: ഭരണ നിർവഹണത്തിനൊപ്പം പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ വൈറലായ പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ് അയ്യർ കായികാഭ്യാസ പരിശീലനത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലാണ് ജില്ല കലക്ടർ ഒരു കൈ നോക്കിയത്.

ജില്ല ഭരിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ ഒരു കൈ നോക്കാനും തനിക്കറിയാമെന്നു തെളിയിക്കുന്നതായിരുന്നു ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യരുടെ പ്രകടനം. സ്ത്രീകൾക്കു പരിശീലനം നൽകുന്ന സ്റ്റാൾ സന്ദർശിക്കുന്നതിനിടയിലാണു വനിതാ പൊലീസുകാർ കലക്ടറെ സ്വയ രക്ഷയ്ക്കുള്ള വിദ്യകൾ പഠിപ്പിച്ചത്.

'വൈറൽ കലക്ടർ' ദിവ്യ എസ് അയ്യർ തികഞ്ഞ ആത്മവിശ്വാസത്തോടെ പരിശീലകർ പറഞ്ഞു കൊടുത്ത ഓരോ അഭ്യാസങ്ങളും ചെയ്ത് കലക്ടർ മുന്നേറി. സ്ത്രീകൾക്കും കുട്ടികൾക്കുമായി പത്തനംതിട്ട ജില്ല പൊലീസിന്റെ (വനിത) നേതൃത്വത്തിലാണ് വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വനിത പൊലീസുകാരാണ് പരിശീലനം നൽകുന്നത്.

വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരെ പോലെയുള്ള കലക്ടറിന്റെ പ്രകടനത്തിൽ അക്ഷരാർത്ഥത്തിൽ വനിതാ പൊലീസുദ്യോഗസ്ഥർ ഞെട്ടി. കണ്ടു നിന്നവരാകട്ടെ നിറഞ്ഞ കയ്യടികളോടെയാണു കലക്ടറെ അഭിനന്ദിച്ചത്. വനിതാസെൽ ഇൻസ്പെക്ടർ എസ്.ഉദയമ്മയുടെ നേതൃത്വത്തിൽ സിൻസി പി. അസീസ്, കെ.എൻ. ഉഷ, ബി.ലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

നേരത്തെ എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി ഡോ. ദിവ്യ എസ്. അയ്യർ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്‌ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർത്ഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്‌ളാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർത്ഥികൾക്കൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സ്‌കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോട്ടയം അസിസ്റ്റന്റ് കലക്ടറായിരിക്കെ ദിവ്യ റെക്കോർഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ നേടിയിരുന്നു.