കോഴിക്കോട്: ഇംഗ്ലീഷിൽ ഉന്നത വിജയം നേടിയ യുവ കോളേജ് അദ്ധ്യാപകന്റെ ബ്ലോഗ് ആഗോള ശ്രദ്ധ നേടുന്നു. നാദാപുരം ഗവ.കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ വാണിമേൽ സ്വദേശി നസ്റുല്ല മമ്പ്രോലിന്റെ (29) ബ്ലോഗാണ് ചുരുങ്ങിയ കാലയളവിൽ ആഗോള തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യ നിരൂപണത്തിന് മാത്രമായി നിലകൊള്ളുന്ന www.literariness.org എന്ന ബ്ലോഗാണ് സായിപ്പന്മാർക്കും പ്രിയങ്കരമായിമാറിയിരിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 12.5 ലക്ഷം വായനക്കാരാണ് ഈ ബ്ലോഗിനുള്ളത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഈ ബ്ലോഗിന് കൂടുതൽ വായനക്കാരുള്ളത്. 180 ഓളം രാജ്യങ്ങളിൽ നിന്നും ബ്ലോഗിന് വായനക്കാരുണ്ട്. 2016 മാർച്ചിൽ തുടങ്ങിയ ബ്ലോഗിന് നിലവിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം വായനക്കാരാണുള്ളത്. ഇംഗ്ലീഷ് സാഹിത്യ നിരൂപണ സംബന്ധിയായ അഞ്ഞൂറിലധികം ലേഖനങ്ങൾ ഇതികം ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ പ്രയാസകരമായ ഇംഗ്ലീഷ് സാഹിത്യ നിരൂപണ ലോകത്ത് ലളിതമായ രീതിയിലുള്ള അവതരണമാണ് ബ്ലോഗിനെ കൂടുതൽ സ്വീകാര്യമാക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസിദ്ധീകരിക്കുന്ന ഫെം മാഗസിൻ, അമേരിക്കൻ മാക്സിറ്റ് മാഗസിൻ 'monthly review', ബ്രിട്ടനിലെ പ്രശസ്ത പത്രമായ 'ദി ഗാർഡിയൻ' തുടങ്ങിയവയിൽ നസ്റുല്ലയുടെ ബ്ലോഗിലെ ലേഖനങ്ങൾ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സഹായകമാകുന്ന രീതിയിൽ ഇ.പുസ്തകങ്ങളും ഓഡിയോ ക്ലാസുകളും നവമാധ്യമങ്ങൾ വഴി അദേഹം നൽകുന്നുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിൽ യുജിസി, നെറ്റ്, ജെ.ആർ.എഫ് എന്നിവയും 29 വയസ്സിനകം ഈ യുവ അദ്ധ്യാപകൻ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ എം.എഫിൽ പഠന കാലയളവിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ:കെ.കെ.കുഞ്ഞമ്മദിന്റെ ക്ലാസുകൾ തനിക്ക് ഏറെ പ്രയോജനം ലഭിച്ചതായി നസ്റുല്ല പറഞ്ഞു. നാദാപുരം ഗവ.കോളേജിൽ ഗസ്റ്റായി പ്രവർത്തിക്കുന്ന നസ്റുല്ല അഖിലേന്ത്യാ തലത്തിൽ യു.പി.എസ്.സി.നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.

വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌ക്കൂൾ റിട്ട.പ്രധാനധ്യാപകനും എഴുത്തുകാരനുമായ എം.എ.വാണിമേലിന്റെയും ജമീലയുടെയും മകനാണ്. നാദാപുരം സലഫി പബ്ലിക് സ്‌ക്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപിക ഷംസീറയാണ് ഭാര്യ. ലന ഏക മകളാണ്.