കരുനാഗപ്പള്ളി: പ്രഭാത സവാരിക്ക് പോയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ - പ്രവീണ ദമ്പതികളുടെ മകൻ ഏകനാഥി(18)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടിൽ നിന്നും പ്രഭാത സവാരിക്കായി പോയതായിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു.

ചവറ ശങ്കരമംഗലം മെമ്പർ നാരായണ പിള്ള കോളേജിലെ വിദ്യാർത്ഥിയാണ് ഏകനാഥ്. ആർമി റിക്രൂട്ട്മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ഓടാൻ പോകന്നത് പതിവായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രഭാത സവാരിക്ക് പോകാതിരുന്ന ഏകനാഥ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും പോകുകയായിരുന്നു. വീടിന് അടുത്തുള്ള സുഹൃത്തിനെ ഓടാൻ പോകാൻ വിളിച്ചിരുന്നു. വെളുപ്പിന് 4 മണിയോടെ പോകണമെന്നും ഓട്ടം കഴിഞ്ഞ് കുറച്ചു നേരം കിടക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് അത്രയും നേരത്തെ പോകണ്ടെന്നും അഞ്ചര മണിക്ക് പോയാൽ മതിയെന്നും പറഞ്ഞു. എന്നാൽ ഏകനാഥ് നാലുമണിയോടെ തന്നെ പോകുകയായിരുന്നു.

അമൃതപുരി ആശ്രമത്തിന് മുന്നിലുള്ള ഒരു സിസിടിവിയിൽ ഏകനാഥ് നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാണാതാകുന്ന സമയം വെളുപ്പും നീലയും കലർന്ന ടീ ഷർട്ടും നിക്കറുമായിരുന്നു വേഷം. ഏകദേശം 170 സെന്റീമിറ്റർ ഉയരമുണ്ട്. കരുനാഗപ്പള്ളി പൊലീസിൽ കുടുംബം പരാതി നൽകിയിരിക്കുകയാണ്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് 0476 262 0233, ബന്ധുവിന്റെ നമ്പർ 9496105786