- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തച്ഛന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പ്രചോദിതനായി; യുദ്ധമുഖത്തും ചിരിച്ച പോരാളി; യുവാക്കളിൽ ലഹരി വിരുദ്ധ നിറച്ച സൈനിക ഓഫീസർ; ഇന്തോ-മ്യാന്മർ അതിർത്തിയിലെ കന്നുകാലി കടത്തിലെ ആയുധം എത്തിക്കലിനെ തടഞ്ഞ കമാൻഡിങ് ഓഫീസർ; കുടുംബത്തോടൊപ്പമുള്ള യാത്രയിൽ രക്തസാക്ഷിത്വം; കേണൽ വിപ്ലൗ ത്രിപാഠിക്ക് ബിഗ് സല്യൂട്ട്
ചുരാചന്ദ്പൂർ: മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചത് യുദ്ധമുഖത്തും ചിരിച്ച മിടുക്കനായ യുവ സൈനിക ഓഫീസർ. മിസോറം അതിർത്തിക്കടുത്ത് മണിപ്പൂരിലെ സെക്കാൻ ഗ്രാമത്തിൽ ഉണ്ടായ ഐഇഡി ആക്രമണത്തിലാണ് വിപ്ലൗ ത്രിപാഠിയും ഭാര്യയും ആറ് വയസുകാരനായ മകനും കൊല്ലപ്പെട്ടത്. നാല് സൈനികരും വീരമൃത്യു വരിച്ചു.
46 അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറായിരുന്ന കേണൽ വിപ്ലൗ ത്രിപാഠി ഇന്ത്യൻ സൈന്യത്തിലെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠിയുടേത്. പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ത്രിപാഠി സൈന്യവുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിലും മുൻപിലുണ്ടായിരുന്നു.
കേണൽ വിപ്ലൗ ത്രിപാഠിക്ക് സായുധ സേനയിൽ ചേരുന്നതിനുള്ള പ്രചോദനം മുത്തച്ഛനായിരുന്നു. മുത്തച്ഛൻ കിഷോരി മോഹൻ ത്രിപാഠിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൈനിക യൂണിഫോം ധരിക്കാനും തന്റെ രാജ്യം സംരക്ഷിക്കാനും വിപ്ലവ് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ രാജേഷ് പട്‌നായിക് പറഞ്ഞു. കിഷോരി മോഹൻ ത്രിപാഠി സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവുമായിരുന്നു. വിപ്ലവിന് 14 വയസ്സുള്ളപ്പോൾ 1994-ൽ മുത്തച്ഛൻ അന്തരിച്ചു. മുത്തച്ഛന്റെ പാത പിന്തുടരാനും തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിക്കാനും കൊച്ചു ത്രിപാഠിയും അന്ന് തീരുമാനിച്ചു.
മുതിർന്ന പത്രപ്രവർത്തകനായ അച്ഛനും സാമൂഹിക പ്രവർത്തകയായ അമ്മയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തെ സേവിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ ജീവിതം ബലിയർപ്പിച്ചത്. ഞങ്ങൾ അവനെക്കുറിച്ച് അഭിമാനിക്കുന്നു. '-അമ്മാവൻ പ്രതികരിച്ചു. കേണൽ ത്രിപാഠിയുടെ പിതാവ് സുഭാഷ് ത്രിപാഠി 76 വയസ്സുള്ള ഒരു പ്രാദേശിക പത്രത്തിന്റെ മുതിർന്ന പത്രപ്രവർത്തകനായിരുന്നു., അമ്മ ആശാ ത്രിപാഠി ഒരു റിട്ടയേർഡ് ലൈബ്രേറിയനാണ്.
മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന വിപ്ലവ് പിന്നീട് നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) ചേരുകയും റാണിഖേത്തിലെ കുമയോൺ റെജിമെന്റിൽ ലെഫ്റ്റനന്റായി നിയമിക്കുകയും ചെയ്തു. കേണൽ വിപ്ലവിന്റെ ഇളയ സഹോദരൻ അനയ് ത്രിപാഠിയും ഒരു സൈനിക ഉദ്യോഗസ്ഥനാണ്. നിലവിൽ ഷില്ലോങ്ങിൽ ലെഫ്റ്റനന്റ് കേണലാണ്.
ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ് ത്രിപാഠി. മാസങ്ങളോളം മിസോറമിലെ ഇൻഡോ മ്യാന്മർ അതിർത്തി സംരക്ഷിച്ചത് വിപ്ലൗ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള ബറ്റാലിയനായിരുന്നു. കഴിഞ്ഞ ജൂലൈ വരെ മിസോറമിലായിരുന്നു അദ്ദേഹം. ഇന്തോ-മ്യാന്മർ അതിർത്തിയിലെ കന്നുകാലി കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠി സ്വീകരിച്ചത്. രാജ്യവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തിക്കാനായി അതിർത്തി കടത്തി കൊണ്ടുവന്ന നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.
ഈ കാർകശ്യത്തിനൊപ്പമായിരുന്നു സേവന ഇടപെടലുകൾ. 2020 നവംബറിൽ മിസോറമിലെ ഐസ്വാളിൽ ഭിന്നശേഷിക്കാരായ സ്‌കൂൾ കുട്ടികൾക്കായി വീൽചെയറും പഠനോപകരണങ്ങളും കേൾവിക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുമെല്ലാം വിതരണം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴുമുണ്ട്. ഗിലെഡ് സ്‌കൂളിലെ കുട്ടികൾക്കാണ് ഇവ അന്ന് നൽകിയത്.
മിസോറമിൽ പ്രദേശവാസികളുമായി അടുത്ത ബന്ധം പുലർത്തിയ ത്രിപാഠിയും സംഘവും 2021 ജനുവരിയിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയ്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.യുവാക്കൾക്കിടയിലേക്കും കുട്ടികൾക്കിടയിലേക്കും കടന്നുചെന്ന് ലഹരിക്കെതിരായ സന്ദേശം നൽകുന്നതായിരുന്നു ക്യാമ്പെയ്ൻ.
ഒരു ഫോർവേഡ് ക്യാമ്പിൽ നിന്ന് അസം റൈഫിൾസിന്റെ ക്വിക്ക് റെസ്പോൺസ് സ്‌ക്വാഡുമായി ബറ്റാലിയൻ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെയാണ് വിപ്ലൗ ത്രിപാഠിയും സംഘവും സഞ്ചരിച്ച വാഹനം ആക്രമണത്തിന് ഇരയായത്. ഏഴ് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. മണിപ്പുരിലെ ചുരാചാന്ദ്പുർ ജില്ലയിൽ സെകെൻ ഗ്രാമത്തിൽ ഇന്നലെ രാവിലെ 11ന് ആയിരുന്നു ആക്രമണം. കമാൻഡറും കുടുംബവും സുരക്ഷാ സംഘവും സഞ്ചരിച്ച വാഹനവ്യൂഹം കടന്നുപോകവെ വിഘടനവാദികൾ വഴിയിൽ ബോംബ് സ്‌ഫോടനം നടത്തി. വാഹനങ്ങൾ നിർത്തി സൈനികർ പുറത്തിറങ്ങിയപ്പോൾ, ഒളിച്ചിരുന്ന അക്രമികൾ ചുറ്റുനിന്നും വെടിയുതിർത്തു.
സ്വതന്ത്ര മണിപ്പുരിനായി വാദിക്കുന്ന വിഘടനവാദി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി മണിപ്പുർ (പിഎൽഎ എം) ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. മണിപ്പുർ നാഗാ ലിബറേഷൻ ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയുടെ പിന്തുണയും ഇവർക്കു ലഭിച്ചു. മ്യാന്മറിൽ നിന്നെത്തിയ സംഘം ആക്രമണത്തിനു ശേഷം മ്യാന്മറിലേക്കു തന്നെ കടന്നുവെന്നാണു സൂചന. ആക്രമണം നടത്തിയ പീപ്പിൾസ് ലിബറേഷൻ ആർമി മണിപ്പുർ രൂപംകൊണ്ടത് 1978ൽ. കമ്യൂണിസ്റ്റ് ആശയങ്ങളിൽ മണിപ്പുരിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന് വാദിച്ച് വിഘടനവാദി നേതാവായ ബിശ്വേഷർ സിങ്ങാണ് സംഘടന സ്ഥാപിച്ചത്.
സംഘടനയുടെ രാഷ്ട്രീയ ഘടകമായ റെവലൂഷനറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്) 1989ൽ നിലവിൽ വന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ സംഘടനകളെ ലക്ഷ്യമിട്ട് ഇന്ത്യ മുൻപ് 3 തവണ മ്യാന്മറിൽ മിന്നലാക്രമണം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ