- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് ചാരനെന്ന സംശയത്തിൽ പിടിക്കുമ്പോൾ ബൂട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും 20 രൂപയും; ബംഗ്ലാദേശ് രൂപീകരണത്തിലും നിർണ്ണായക ശക്തി; 1971ൽ ഇന്ത്യൻ യുദ്ധ വിജയത്തിലെ പ്രധാനി; ഇന്ത്യ പത്മശ്രീ നൽകിയ ലഫ്റ്റനന്റ് കേണൽ ഖ്വാസി സജ്ജാദ് അലി സാഹിറിന്റെ കഥ
ന്യൂഡൽഹി: ആരാണ് ലഫ്റ്റനന്റ് കേണൽ ഖ്വാസി സജ്ജാദ് അലി സാഹിർ. പത്മാ അവാർഡ് വിതരണത്തിന് ശേഷം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. രാജ്യത്തിന് നൽകിയ വിശിഷ്ട സേവനത്തിനും വിവിധ മേഖലകളിൽ വില മതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തികൾക്കുമുള്ള രാജ്യത്തിന്റെ ആദരം നേടിയ മുൻ പാക് ഉദ്യോഗസ്ഥനാണ് സാഹിർ.
മുൻ പാക് സൈനികനാണെങ്കിലും പാക്കിസ്ഥാനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യൻ സൈന്യത്തിന് നൽകിയ സംഭവനകൾ പരിഗണിച്ചാണ് ലഫ്. കേണൽ ഖ്വാസി സജ്ജാദ് അലി സാഹിറിനുള്ള ആദരം. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ച 1971 ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സുപ്രധാന പങ്കുവഹിച്ച വ്യക്തി. അദ്ദേഹത്തിന്റെ ഈ സംഭാവനകൾക്കും ത്യാഗങ്ങൾക്കുമാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
ഇന്ത്യയുടെ അന്നത്തെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് തന്റെ 71-ാം വയസിൽ സാഹിർ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹനാകുന്നത്. . 1971 മാർച്ചിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. കിഴക്കൻ പാക്കിസ്ഥാനിൽ പാക് സൈന്യത്തിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം പരിധിയുംവിട്ട സാഹചര്യത്തിലായിരുന്നു സാഹിറിന്റെ രാജ്യംവിടൽ. പിന്നീട് ഇന്ത്യയുടെ സുഹൃത്തായി. ബംഗ്ലാദേശിയും.
രാജ്യംവിട്ട് പാക്കിസ്ഥാനെതിരേ തിരിഞ്ഞ കുറ്റത്തിന് പാക്കിസ്ഥാനിൽ കഴിഞ്ഞ 50 വർഷമായി തനിക്ക് വധശിക്ഷ നിലവിലുണ്ടെന്നും അഭിമാനത്തോടെ സാഹിർ പറയുന്നു. 'വധശിക്ഷ' തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പല വേദികളിലും തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും പത്മശ്രീ നൽകി ഈ പഴയ പാക് സൈനികനെ ആദരിക്കുന്നത്.
ഏറെ ധീരത നിറഞ്ഞതായിരുന്നു സാഹിറിന്റെ ജീവിതം. 20-ാം വയസിലാണ് സാഹിർ പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. സിയാൽകോട്ട് മേഖലയിലായിരുന്നു സേവനം. കിഴക്കൻ പാക്കിസ്ഥാനെതിരേയുള്ള പടിഞ്ഞാറൻ പാക്കിസ്ഥാന്റെ സൈനിക നടപടികളിൽ കടുത്ത എതിർപ്പുണ്ടായിരുന്ന സാഹിർ അധികം വൈകാതെ തന്നെ രാജ്യം വിടുകയായിരുന്നു. അതിർത്തി കടന്നതിന് പിന്നാലെ സാഹിർ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. പാക് ചാരനെന്ന് കരുതി പിടികൂടിയ സാഹിർ പിന്നീട് ഇന്ത്യയുടെ അതിവിശ്വസ്തനായി.
ചാരനെന്ന് പറഞ്ഞ് പിടികൂടിയ മുൻ പാക് സൈനികനെ പത്താൻകോട്ടിലെത്തിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ബൂട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും 20 രൂപയുമാണ് സാഹിറിന്റെ കൈവശമുണ്ടായിരുന്നത്. ഈ സൈനിക രേഖകളിൽ നിന്ന് അതിർത്തിയിൽ പാക്കിസ്ഥാന്റെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഗുരുതരമായ സാഹചര്യവും ഇന്ത്യ തിരിച്ചറിഞ്ഞു. ഈ രേഖകളായിരുന്നു ഇന്ത്യൻ വിജയത്തിന്റെ കരുത്തും.
സാഹിർ പ്രശ്‌നകാരനല്ലെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തെ ഡൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ബംഗ്ലാദേശ്) അയക്കുകയും ചെയ്തു. സൈനിക രേഖയും സാഹിർ നൽകിയ സുപ്രധാന വിവരങ്ങളും യുദ്ധത്തിൽ പാക്കിസ്ഥാനെ അമർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് തുണയായി. പാക് സേനയ്ക്ക് നേരേ മുഖ്തി ബാഹിനിയുടെ (ബംഗ്ലാദേശ് സൈന്യം) ഗറില്ലാ യുദ്ധത്തിന് പരിശീലനം നൽകിയതും സാഹിറായിരുന്നു. ഇതും ഇന്ത്യൻ തന്ത്രമായിരുന്നു.
കിഴക്കൻ പാക്കിസ്ഥാന്റെ വിമോചനത്തിന് ശേഷം സാഹിർ ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി. ഇന്ത്യയിലെ വീർ ചക്രയ്ക്ക് സമാനമായി ബിർ പ്രോട്ടിക് ബഹുമതിയും സാഹിറിന് ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ പരമോന്നത സിവിൽ ബഹുമതിയായ സ്വാധിനത പദക് പുരസ്‌കാരത്തിനും സാഹിർ അർഹനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ