കൊളറാഡോ: ഓൺലൈൻ പരസ്യം കണ്ട് വസ്ത്രങ്ങൾ വാങ്ങാനെത്തിയ അപരിചിതയായ യുവതിയെ കുത്തിപരിക്കേൽപ്പിച്ച് വയറുകീറി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തത് താനാണെന്ന് കേസിൽ കുറ്റമാരോപിക്കപ്പെട്ട ഡൈനൽ കട്രീസെ ലെയ്ൻ സമ്മതിച്ചു. ഏഴു മാസം ഗർഭിണിയായ മിഷേൽ വിൽകിൻസിന്റെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസിലാണ് മുപ്പത്തിനാലുകാരിയായ ലെയ്‌നിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് മുമ്പ് കുഞ്ഞ് അന്ത്യശാസം വലിക്കുന്നത് താൻ കേട്ടുവെന്ന് ലെയ്‌നിന്റെ ഭർത്താവ് മൊഴി നൽകിയതോടു കൂടി ലെയ്‌നിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കും.

ക്രെയ്ഗ് ലിസ്റ്റ് എന്ന ഓൺലൈനിൽ പരസ്യം കണ്ടതിനെതുടർന്നാണ് കൊളറാഡോയിലെ ലോംഗ് മൗണ്ടിലുള്ള ലെയ്‌നിന്റെ വീട്ടിൽ ഇരുപത്താറുകാരിയായും ഏഴു മാസം ഗർഭിണിയുമായ മിഷേൽ കുട്ടികളുടെ വസ്ത്രം വാങ്ങാൻ എത്തുന്നത്. എന്നാൽ വീട്ടിലെത്തിയ ഇവരെ യാതൊരു പ്രകോപനവും കൂടാതെ ലെയ്ൻ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ച് തനിക്ക് അബോർഷൻ സംഭവിച്ചുവെന്ന് ലെയ്ൻ പറയുകയായിരുന്നു.

താൻ വീട്ടിലെത്തുമ്പോൾ ലെയ്ൻ രക്തത്തിൽ കുളിച്ചു നിൽക്കുകയായിരുന്നുവെന്നും ബാത്ത് ടബ്ബിൽ ഒരു കുഞ്ഞുമുണ്ടായിരുന്നുവെന്നും ഭർത്താവ് ഡേവിഡ് റിഡ്‌ലി പറഞ്ഞു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു റിഡ്‌ലി. അതേസമയം താൻ കാണുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും എന്നാൽ അധികം വൈകാതെ തന്നെ കുഞ്ഞ് അന്ത്യശ്വാസം വലിക്കുകയുമായിരുന്നുവന്ന് റിഡ്‌ലി മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ ലെയ്ൻ താൻ മറ്റൊരു യുവതിയുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നുവെന്ന് തുറന്നു പറഞ്ഞു. ലെയ്‌നും നിലവിൽ ഗർഭിണിയാണ്.

ഇവരുടെ സ്പ്ലിറ്റ് ലെവൽ വീടിന്റെ ബേസ്‌മെന്റിലായിരുന്നു മിഷേലിന് കുത്തേറ്റത്. അതുകൊണ്ടാണ് ലെയ്‌നിന്റെ ഭർത്താവ് വീട്ടിലെത്തിയിട്ടും കുത്തേറ്റ മിഷേലിനെ കണ്ടെത്താൻ സാധിക്കാഞ്ഞത്. മിഷേൽ 911 വിളിച്ച് എമർജൻസി സർവീസിനോട് തനിക്കു കുത്തേറ്റു എന്നു പറയുകയായിരുന്നു. 56 കിലോമീറ്റർ അകലെയുള്ള നോർത്ത് ഡെൻവറിൽ നിന്നും പൊലീസെത്തുമ്പോൾ ബോധം മറയുന്ന അവസ്ഥയിലായിരുന്നു മിഷേൽ. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. അതേസമയം ആശുപത്രിയിലെത്തിയ മിഷേലിനെ പരിശോധിച്ച ഡോക്ടർമാർ സിസേറിയൻ സർജറി നടത്തിയത് പരിചയ സമ്പന്നതയുള്ള ആരോ ആണെന്നു പറയുകയും ചെയ്തു. മികച്ച രീതിയിൽ സിസേറിയൻ നടത്തി തന്നെയാണ് കുഞ്ഞിനെ പുറത്തെടുത്തിരിക്കുന്നതെന്ന് ഫിസിഷ്യന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ സർജറിയെ തുടർന്ന് മിഷേൽ സുഖം പ്രാപിച്ചുവരികയാണ്.

അപരിചിതയായ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാനുണ്ടായ കാരണവും മറ്റും പൊലീസ് അന്വേഷിച്ചു വരികയാണ്. ലെയ്‌നിന് രണ്ടു കുട്ടികൾ വേറെയുണ്ട്. മറ്റൊരു കുട്ടി പത്തുവർഷം മുമ്പ് പത്തൊമ്പതു മാസം പ്രായമുള്ളപ്പോൾ മുങ്ങിമരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.