- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹിത്യ വാരഫലവുമായി ഷാജി ജേക്കബ്; സാമൂഹ്യ വിമർശനവുമായി മാധവദാസ്: അനുഭവകഥ പറഞ്ഞ് ഗോപി കോട്ടമുറിക്കൽ; രാഷ്ട്രീയ പാഠങ്ങളുമായി മാത്യു കുഴൽനാടൻ: ആഴ്ചയിൽ ഏഴ് ദിവസവും ഇനി മറുനാടനിൽ പംക്തികൾ വായിക്കാം
മറുനാടൻ മലയാളിയുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇനി ആഴ്ചയിൽ ഏഴ് ദിവസവും വായനക്കാർക്ക് വായിക്കാൻ ഗൗരവമേറിയ പംക്തികളും ആരംഭിക്കുന്നു. സാഹിത്യ-സാമൂഹിക-മത-രാഷ്ട്രീയ വിമർശനങ്ങൾ അടക്കമുള്ള ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന പംക്തികളാകും മറുനാടനിൽ ആരംഭിക്കുക. കഴിഞ്ഞ ആഴ്ച ആരംഭിച്ച പത്രപ്രവർത്തകനും കോളമിസ്റ്റുമായ ഷാജി ജേക്കബിന്റെ സാ
മറുനാടൻ മലയാളിയുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇനി ആഴ്ചയിൽ ഏഴ് ദിവസവും വായനക്കാർക്ക് വായിക്കാൻ ഗൗരവമേറിയ പംക്തികളും ആരംഭിക്കുന്നു. സാഹിത്യ-സാമൂഹിക-മത-രാഷ്ട്രീയ വിമർശനങ്ങൾ അടക്കമുള്ള ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന പംക്തികളാകും മറുനാടനിൽ ആരംഭിക്കുക. കഴിഞ്ഞ ആഴ്ച ആരംഭിച്ച പത്രപ്രവർത്തകനും കോളമിസ്റ്റുമായ ഷാജി ജേക്കബിന്റെ സാഹിത്യ വാരഫലം ഇനി മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിക്കും. പ്രമുഖ അസ്‌ട്രോളജിസ്റ്റ് ജയശ്രീ എഴുതിക്കൊണ്ടിരിക്കുന്ന ജ്യോതിഷ പംക്തി ഇനി മുതൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കും. മറുനാടൻ മലയാളിയിൽ ഇടയ്ക്കിടെ എം മാധവദാസ് എന്ന തൂലികാ നാമത്തിൽ ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതുന്ന പ്രമുഖ പത്രപ്രവർത്തകൻ ഡെവിൾസ് അഡ്വക്കേറ്റ് എന്ന പേരിൽ ഇനി മുതൽ ചൊവ്വാഴ്ച ദിവസങ്ങളിൽ സാമൂഹ്യ വിമർശനാത്മകമായ ലേഖനങ്ങൾ എഴുതും. ഷാജി ജേക്കബിന്റെയും മാധവ ദാസിന്റെയും ജയശ്രീയുടെയും ലേഖനങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. അടുത്ത ആഴ്ച മുതൽ ഈ ലേഖനങ്ങൾ മുകളിൽ സൂചിപ്പിച്ച ദിവസങ്ങളിൽ ആയിരിക്കും പ്രസിദ്ധീകരിക്കുക.
ഇതിനകം പ്രസിദ്ധീകരിച്ച ലേഖനങ്ങളിലേക്കുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു:
- പ്രണയത്തിന്റെ മനുഷ്യാവകാശരേഖ - ഷാജി ജേക്കബ് / പുസ്തകവിചാരം
- ഉമ്മൻ ചാണ്ടി എന്ന സോഷ്യൽ ഫാസിസ്റ്റ് - എം മാധവദാസ് / ഡെവിൾസ് അഡ്വക്കേറ്റ്
- അശുഭഗ്രഹങ്ങളും നാലാംഭാവവും - നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ / വാരഫലം
മുൻ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ എന്നിവരുടെ കോളങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുന്നതാണ്. ഇവരെ കൂടാതെ കോളങ്ങൾ ആരംഭിക്കാനായി ഒട്ടേറെ പ്രമുഖരുമായി ചർച്ചകൾ നടന്നു വരുന്നു. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗോപി കോട്ടമുറിക്കൽ എഴുതുന്ന രാത്രിയുടെ വിശകലന ലേഖനങ്ങൾ ഏറെ ശ്രദ്ധനേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ച തന്നെ ഗോപിയുടെ ആദ്യ ലേഖനം പ്രസിദ്ധീകരിക്കും. ജെഎൻയുവിൽ നിന്നും ഡോക്ടറേറ്റ് എടുത്ത ശേഷം ന്യൂ ജനറേഷൻ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന യുവജന നേതാവായ മാത്യു കുഴനാടന്റെ രാഷ്ട്രീയ ലേഖനങ്ങളും ഉടൻ ആരംഭിക്കുന്നതാണ്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുന്ന കാഴ്ചകൾ എന്ന കോളവും ഈ ആഴ്ച മുതൽ പ്രസിദ്ധീകരിച്ച് തുടങ്ങും. കത്തോലിക്കാ സഭയുടെ കടുത്ത വിമർശകനായ ജോസഫ് പുലിക്കുന്നേലിന്റെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും പംക്തിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച് തുടങ്ങുന്നതാണ്.
മുൻ ഇന്ത്യാ ടുഡേ ലേഖകനും കാലടി സംസ്‌കൃത സർവ്വകലാശാല അദ്ധ്യാപകനുമായ ഷാജി ജേക്കബ് തന്റെ ആഴ്ചാ കോളത്തിലൂടെ എല്ലാ ആഴ്ചയിലും മലയാളികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്.
ചാനൽ വിമർശകൻ എന്ന നിലയിൽ ഷാജി ജേക്കബ് റിപ്പോർട്ടർ ചാനലിൽ എഴുതിയിരുന്ന കോളം വൻ വിവാദം സൃഷ്ടിച്ചിരുന്നു. കേരളസർവകലാശാലയിൽ ഗവേഷകവിദ്യാർത്ഥിയായിരുന്ന 1992-95 കാലത്താണ് ഷാജി ജേക്കബ് കലാകൗമുദി വാരികയിൽ തുടർച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങുന്നത്. രാഷ്ട്രീയ-സാഹിത്യ-സാമൂഹിക-കലാ-സാംസ്‌കാരിക മണ്ഡലങ്ങളെ മുൻനിർത്തി നിശിതമായ രാഷ്ട്രീയബോധത്തോടെ എഴുതിയവയായിരുന്നു ഈ രചനകളും വിവിധ രംഗങ്ങളിലെ പ്രഗത്ഭരുമായി നടത്തിയ അഭിമുഖങ്ങളും. സമകാലികമലയാളം വാരിക, മാദ്ധ്യമം ആഴ്ചപ്പതിപ്പ് എന്നിവയിലും മറ്റുപല ആനുകാലികങ്ങളിലും രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. വിശേഷിച്ചും മാദ്ധ്യമ, നോവൽപഠനങ്ങൾ. 2003 മുതൽ മൂന്നുവർഷം മലയാളം വാരികയിലും പിന്നീട് രണ്ടുവർഷം മാദ്ധ്യമത്തിലും ടെലിവിഷൻ നിരൂപണം പ്രതിവാരപംക്തിയായി എഴുതി. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമർശനരംഗത്തും സജീവമായ ഇക്കാലത്ത് വിവിധ വിഷയങ്ങളിൽ നൂറുകണക്കിനു രചനകൾ പുറത്തുവന്നു. മലയാളം, മാദ്ധ്യമം, ഇന്ത്യാടുഡെ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരവധി ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളെക്കുറിച്ച് റിവ്യൂ എഴുതി. സമകാല മാദ്ധ്യമ, സാഹിത്യപഠനരംഗങ്ങളിൽ ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ 2003-2013 കാലത്ത് രണ്ടു മേഖലകളിലുമായി പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
ചരിത്രത്തിന്റെ രാഷ്ട്രീയം: ആനന്ദിന്റെ ദർശനം (1997), നോവൽ: ചരിത്രത്തിന്റെ പാഠഭേദം (2003), ടെലിവിഷൻ : കാഴ്ചയും സംസ്‌കാരവും (2004), മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം (2006), നോവലും സംസ്‌കാരവും (2008), ജനപ്രിയസംസ്‌കാരം: ചരിത്രവും സിദ്ധാന്തവും (2008), വിപരീതങ്ങൾ (2012), മലയാളനോവൽ: ഭാവനയുടെ രാഷ്ട്രീയം (2013) പൊതുമണ്ഡലവും മലയാളഭാവനയും (2013) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളനോവൽ : ദേശഭാവനയും രാഷ്ട്രീയ ഭൂപടങ്ങളും (സാഹിത്യ അക്കാദമി, 2010), ആധുനികാനന്തര മലയാളസാഹിത്യവിമർശനം (2013) സാംസ്‌കാരികവിമർശവും മലയാളഭാവനയും (2014) എന്നിവ എഡിറ്റു ചെയ്തു. ശശിതരൂരിന്റെ നെഹ്‌റു, ഇന്ത്യയെകണ്ടെത്തൽ (2008) വിവർത്തനം ചെയ്തു. സംസ്‌കാരപഠനം : ചരിത്രം, സിദ്ധാന്തം, പ്രയോഗം (2007) എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാൾ.
മറുനാടൻ മലയാളിവായനക്കാർക്കുവേണ്ടി ഷാജി ജേക്കബ് എഴുതിത്തുടങ്ങുന്ന പുസ്തകവിചാരം എന്ന പംക്തി, മലയാളത്തിൽ നാനാമണ്ഡലങ്ങളിൽ പ്രസിദ്ധീകൃതമാകുന്ന മികച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തും. സാഹിത്യം, കല, യാത്ര, ആത്മകഥ, സിനിമ, മാദ്ധ്യമം എന്നിങ്ങനെ മലയാളിയുടെ വായനയിൽ തരംഗങ്ങളുണ്ടാക്കുന്ന ശ്രദ്ധേയമായ രചനകളുടെ സൂക്ഷ്മമായ അപഗ്രഥനമായി ഭാവനചെയ്യപ്പെടുന്ന ഈ പംക്തിയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമുളള വായനക്കാരുടെ അഭിപ്രായങ്ങൾ സാദരം ക്ഷണിക്കുന്നു.
കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ സീനിയർ ലേഖകനാണ് എം മാധവദാസ് എന്ന തൂലികാ നാമത്തിൽ ഡെവിൾസ് അഡ്വക്കേറ്റ് എന്ന കോളം എഴുതുന്നത്. ആരും തുറന്ന് പറയാൻ മടിക്കുന്ന വസ്തുക്കൾ തുറന്നെഴുതാൻ വേണ്ടി തന്നെയാണ് മാധവൻ മറുനാടനിലൂടെ തൂലിക ചലിപ്പിക്കുന്നത്. ഇതിന് മുമ്പ് മാധവനും മറുനാടനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ ഒക്കെ ഇത്തരം ഒട്ടേറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇനി മുതൽ മാധവദാസിന്റെ രൂക്ഷമായ പേന എല്ലാ ആഴ്ചയിലും മറുനാടനിൽ വായിക്കാം.
ഒരു ബഹുരാഷ്ട്രകമ്പനിയുടെ നിയമോപദേശകയായ എറണാകുളം സ്വദേശിയായ ജയശ്രീ ജീവിതാന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയതാണ് ജ്യോതിഷപ്രവചനം. ഒന്നരപ്പതിറ്റാണ്ട് നീണ്ട ആത്മീയ പഠനങ്ങൾക്ക് ശേഷം ദൈവീകശക്തി എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുടികൊള്ളുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ്, ആ ആന്തരികശക്തിയെ ഉപാസിക്കാൻ തുടങ്ങിയതിലൂടെയാണ് ജയശ്രീ മനുഷ്യഭാവങ്ങളെയും അവരുടെ വർത്തമാനത്തെയും ഭാവിയേയും മനനസ്സിലാക്കാൻ തുടങ്ങിയത്. വിശുദ്ധഗ്രന്ഥങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ തീർത്തും യുക്തിവിചാരം മാത്രം അടിസ്ഥാനമാക്കി മനസ്സിന്റെ മുറിവുണക്കുന്നതിൽ വിദഗ്ദ്ധയാണവർ. മന്ത്രങ്ങളുടെയോ പൂജാവിധികളുടെയോ സഹായമില്ലാതെ തന്നെ ദൈവീകജ്ഞാനനത്തിന്റെ സഹായത്താൽ ജീവിതത്തിന്റെ പ്രായോഗികപാത കണ്ടെത്താൻ തന്നെ തേടിയെത്തുന്നവരെ സഹായിക്കുന്നതിലൂടെയാണ് ജയശ്രീ ശ്രദ്ധേയയായത്. ജയശ്രീയുടെ വാരഫലം എന്ന കോളം എല്ലാ ആഴ്ചയും വായിക്കാം.