വിജയമാഗ്രഹിക്കുന്ന ഏതൊരു സംരംഭകന്റെയും പ്രാഥമികമായ ഉത്തരവാദിത്തമാണ് ഒരു മികച്ച ബിസിനസ്പ്ലാൻ തയ്യാറാക്കുക എന്നത്. എന്നാൽ ബിസിനസ് പ്ലാൻ തയ്യാറാക്കിക്കഴിയുമ്പോൾ സംരംഭകന്റെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണ്, കാരണം തന്റെ ഭാവനാസൃഷ്ടി ഭൗതികസൃഷ്ടിയായി സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം സംരംഭകനുമേൽ വന്നുചേരുന്നു. പേപ്പറിലെ വിജയകരമായ പ്ലാൻ യാഥാർഥ്യവൽക്കരിക്കണമെങ്കിൽ ചില മേഖലകളിൽ സംരംഭകൻ ശ്രദ്ധയൂന്നേണ്ടതുണ്ട്

ബിസിനസ് സ്ട്രാറ്റജി അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ കൈക്കൊള്ളുക

ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്തെടുക്കുക എന്നത് സംരംഭകനെ സംബന്ധിച്ച് പരമപ്രധാനമാണ്. നിർണായകതീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരുമ്പോൾ സംരംഭകന് പലതരം സമ്മർദ്ദങ്ങളേയും സ്വാധീനങ്ങളേയും അഭിമുഖീകരിക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ തീരുമാനം കൈക്കൊള്ളേണ്ടത് ബിസിനസ് സ്ട്രാറ്റജിയെ അടിസ്ഥാനപ്പെടുത്തിയാവണം. ബിസിനസ്പ്ലാൻ എങ്ങനെ പ്രയോഗവൽക്കരിക്കാം എന്നതിന്റെ രത്‌നച്ചുരുക്കമാണ് സ്ട്രാറ്റജി. ദൈനംദിന ഉത്തരവാദിത്തങ്ങളുടെ നൂലാമാലകളിൽ മുഴുകുമ്പോഴും അടിസ്ഥാനസ്ട്രാറ്റജിയിൽ ഉറച്ചുനിൽക്കാൻ ബിസിനസ്പ്ലാൻ സംരംഭകനെ സഹായിക്കുന്നു.

ബിസിനസ് ഒബ്ജക്റ്റീവുകൾ വ്യക്തമായി നിർവചിക്കുക

ബിസിനസ് ഒബ്ജക്റ്റീവുകൾക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. ദീർഘകാല ഒബ്ജക്റ്റീവുകൾ മാത്രം നിർവചിച്ചാൽ പോരാ, കാരണം ബിസിനസ് ശരിയായ ദിശയിലാണ് ചലിക്കുന്നത് എന്നുറപ്പുവരുത്തുന്നത് സമയബന്ധിതമായ ഹ്രസ്വകാലനേട്ടങ്ങളെകൂടി അടിസ്ഥാനപ്പെടുത്തിയാണ്. ബിസിനസ് ഒബ്ജക്റ്റീവുകൾ സംരംഭകയാത്രയിലെ നാഴികക്കല്ലുകളാണ്, പിന്നിട്ട വഴികളും സഞ്ചരിക്കേണ്ട ദൂരവും അത് സംരംഭകനെ നിരന്തരം ഓർമപ്പെടുത്തുന്നു. സമയബന്ധിതമായ നാഴികക്കല്ലുകൾ നിശ്ചയിക്കാനും അവ നേടുന്നുണ്ടെന്ന് സമയാസമയങ്ങളിൽ ഉറപ്പുവരുത്താനും ബിസിനസ് പ്ലാൻ സംരംഭകനെ സഹായിക്കുന്നു.

മുൻഗണനകൾ നിശ്ചയിക്കുക, പുനർനിർണയിക്കുക

ബിസിനസ്സിൽ മുഗണനകൾ നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. വൈവിധ്യമാർന്നതും പരസ്പരവിരുദ്ധമായതുമായ ഒബ്ജക്റ്റീവുകൾ മുന്നിലുണ്ടാവുമ്പോൾ സംരംഭത്തിന്റെ ആന്തരിക ഘടകങ്ങളും ബാഹ്യമാർക്കറ്റ് ഘടകങ്ങളും കണക്കിലെടുത്ത് മുൻഗണനകൾ നിശ്ചയിക്കേണ്ടതുണ്ട്. സമയബന്ധിതമായി ബിസിനസ് ഒബ്ജക്റ്റീവുകൾ നേടാൻ ഇത് സംരംഭകനെ സഹായിക്കുന്നു. ചലനാത്മകമായ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മുൻൺഗണനകളെ പുനർനിർണയിക്കേണ്ടതായി വരും. ദീർഘകാല വീക്ഷണത്തിൽ നിന്ന് വ്യതിചലിക്കാതെ മുൻഗണനകൾ പുനർനിർണയിക്കാനും ബിസിനസ് പ്ലാൻ സംരംഭകനെ സഹായിക്കുന്നു.

ചുമതലകൾ വിഭജിക്കുക

'വൺമാൻ ഷോ' ബിസിനസ്സിൽ അസാധ്യമാണ്, ഏറിയോ കുറഞ്ഞോ മറ്റുള്ളവരുടെ സഹായം ബിസിനസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഒരു സംരംഭത്തിന്റെ നടത്തിപ്പിലെ വിവിധ ചുമതലകൾ മനസിലാക്കുകയും ഏറ്റവും അനുയോജ്യരായവർക്ക് അവ ഏൽപ്പിച്ചുകൊടുക്കുകയും ചേയ്യേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമാണ്. ഫലപ്രദമായ രീതിയിൽ ബിസിനസ് ചുമതലകൾ വിഭജിക്കാൻ ബിസിനസ് പ്ലാൻ സംരംഭകനെ സഹായിക്കുന്നു.

 വീഴ്ചകൾ മുൻകൂട്ടിക്കാണുക

വിജയകരമായ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുമ്പോൾ സംരംഭകയാത്രയിൽ വന്നേക്കാവുന്ന വീഴ്ചകളെപ്പറ്റിയുള്ള ഏകദേശചിത്രം കൂടി സംരംഭകനു ലഭിക്കുന്നു. അപ്രതീക്ഷിതമായ മൂലധനചെലവുകളും പ്രതീക്ഷയ്‌ക്കൊത്തുയരാത്ത വില്പനയും തങ്ങളുടെ സംരംഭകസ്വപ്നങ്ങളെ കരിച്ചുകളഞ്ഞു എന്ന് പരാതിപ്പെടുന്ന ധാരാളം സംരംഭകരെ കാണാനിടയായിട്ടുണ്ട്. സാമ്പത്തികപ്ലാനിന്റെ പ്രസക്തി ഇവിടെയാണ്. പ്രത്യക്ഷവും പരോക്ഷവുമായ മൂലധനചെലവുകളും പ്രവർത്തനചെലവുകളും ആദ്യമേ കണക്കുകൂട്ടാനാവണം. ബിസിനസ് ആരംഭിച്ചതിനുശേഷമുള്ള അപ്രതീക്ഷിത ആഘാതങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ബിസിനസ്പ്ലാൻ സഹായിക്കുന്നു

ബിസിനസ്സിന്റെ സമഗ്രചിത്രം രൂപീകരിക്കുക

ഏതൊരു ഉദ്യമത്തിന്റേയും വിജയത്തിന് സമഗ്രമായ ചിത്രം –BIG PICTURE- രൂപീകരിക്കേണ്ടത് അനിവാര്യമാണ്. സന്തുലിതമായ ഒരു പ്രവർത്തനശൈലി രൂപപ്പെടുത്താൻ ഇത് സംരംഭകനെ സഹായിക്കുന്നു. ബിസിനസിലെ നാനാവിധ ഘടകങ്ങളുടെ ക്രിയാത്മകമായ പ്രകടനത്തിലും അവയുടെ സന്തുലിതമായ സംയോജനത്തിലുമാണ് ബിസിനസിന്റെ വിജയം. നിർണായകഘട്ടങ്ങളിൽ, ബിസിനസ് ഘടകങ്ങളുടെ സൂക്ഷ്മവീക്ഷണത്തേക്കാളേറെ സംരംഭത്തിന്റെ ഉപരിതലവീക്ഷണം തീരുമാനങ്ങളെടുക്കാൻ സംരംഭകനെ സഹായിക്കും. ബിസിനസിന്റെ സമഗ്രചിത്രം ഇത് സാധ്യമാക്കുന്നു.

ബിസിനസ് പ്ലാൻ തയ്യാറാക്കുന്നതിലെ സൂക്ഷ്മത അത് പ്രയോഗവൽക്കരിക്കുന്നതിലും പുലർത്തേണ്ടതുണ്ട്. സംരംഭത്തിന്റെ സൂക്ഷ്മസ്ഥൂല ഘടകങ്ങളെ ബിസിനസ് പ്ലാനിനനുസരിച്ച് ക്രമീകരിക്കുമ്പോഴാണ് സംരംഭം വിജയകരമാകുന്നത്.

+91-9400155565
ajas@outlook.com
www.ajas.in