താടിയും ബുദ്ധിജീവിയും തമ്മിലുള്ള ബന്ധമേ സംരംഭകത്വവും കോളേജ് ഡ്രോപ് ഔട്ടും തമ്മിലുള്ളൂ.
വ്യാഖ്യാനമാവശ്യമെങ്കിൽ ബൗദ്ധികവൃത്തിക്കിടയിൽ ഷേവിങ് പോലുള്ള നിസാരകാര്യങ്ങൾക്ക് സമയം ചെലവഴിക്കാത്ത പ്രതിഭയുടെ അടയാളമാണ് താടി എന്നൊക്കെ വാദിക്കാം. എന്ന് കരുതി കുളിക്കാനും ഷേവ് ചെയ്യാനും സമയം കണ്ടെത്താനാകുന്നവർക്ക് ബൗദ്ധികവൃത്തികളിൽ ശോഭിക്കാൻ കഴിയില്ല എന്നൊരു സാമാന്യനിയമം ഊണ്ടാക്കാനാവില്ലല്ലോ. ലോകത്തെ വലിയ അളവിൽ സ്വാധീനിച്ച ചില സംരംഭകരുടെ കോളേജ് ഡ്രോപ് ഔട് പശ്ചാത്തലവും ഇതുപോലെയാണ്.

ഒരു പുത്തൻ ഉദ്യമവുമായി ഇറങ്ങിത്തിരിക്കുന്ന തുടക്കക്കാരിൽ അതത് മേഖലകളിലെ ഐക്കണുകൾ സ്വാധീനം ചെലുത്തുക തികച്ചും സ്വാഭാവികമാണ്. ഈ സ്വാധീനം അനുകരണങ്ങൾക്ക് വഴിവെക്കാനിടയുണ്ട്. സംരംഭകത്വത്തിനായി ഇറങ്ങിപ്പുറപ്പെടുന്നവരുടെ മുന്നിൽ സ്റ്റീവ്‌ജോബ്‌സ് മുതൽ മൈക്കൽ ഡെല്ലും സുക്കർബർഗും അടങ്ങിയ ഒരു നീണ്ട നിരതന്നെയുണ്ട്. ഇവരിലെല്ലാം പൊതുവായി കാണുന്ന പ്രത്യേകതകളിലൊന്ന് അവർ കോളേജ് ഡ്രോപ്ഔട്‌സ് ആണെന്നതാണ്.

സംരംഭകത്വത്തിന് പ്രത്യേകിച്ച് സാങ്കേതികരംഗങ്ങളിലെ സംരംഭത്തിന് കോളേജ് ഡ്രോപ് ഔട് എന്നത് ഒരു അടിസ്ഥാനയോഗ്യതയായി ധരിച്ചുവശാവുന്നതുവരെ ചെന്നെത്തിയിട്ടുണ്ട് കാര്യങ്ങൾ. ക്യാമ്പസ് വിട്ട് പുറത്തിറങ്ങി സംരംഭം തുടങ്ങുന്നവർക്ക് പീറ്റർ തിഎലിന്റെ സ്‌കോളർഷിപ്പ് വാഗ്ദാനം പോലുള്ള ഉദ്യമങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്, സംരംഭകത്വത്തിന്റെ അടിസ്ഥാന യോഗ്യത എന്ന നിലയിൽ ഡ്രോപ്ഔട്ടിനെ അവതരിപ്പിക്കുന്നതിലെ യുക്തിരാഹിത്യത്തെക്കുറിച്ചാണ്. ചുരുക്കത്തിൽ കോളേജ് ഡ്രോപ്ഔട്ട് എന്നത് സംരംഭകനാകാനുള്ള അയോഗ്യതയേയല്ല, മറിച്ച് സംരംഭകത്വത്തിനുള്ള യോഗ്യത നേടാനായി പഠനം പാതിവഴിയിലുപേക്ഷിക്കുന്നവർ ഒപ്പം ചിലകാര്യങ്ങൾ കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്

എത്രശക്തമാണ് നിങ്ങളുടെ പാഷൻ?

ചിലസന്ദർഭങ്ങളിലെ തമാശകളെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞിട്ടുണ്ട്, 'ആ നിമിഷം അത് പറഞ്ഞില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല' എന്ന് തോന്നിപ്പോകുമെന്ന്. ഒരു തമാശയുടെ ടൈംലി ഡെലിവറിയേക്കാൾ എത്രയോ പ്രധാനമാണ് നിങ്ങളുടെ സംരംഭം, അതുകൊണ്ട് സംരംഭം തുടങ്ങാൻ ഇറങ്ങിത്തിരിക്കും മുൻപ്, ഇത് ഇപ്പോൾ തുടങ്ങിയില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്ന് തോന്നാൻ തക്കവണ്ണം ശക്തമാണോ നിങ്ങളുടെ പാഷൻ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പാഷനല്ല എന്ന സത്യം തിരിച്ചറിയുക, സംരംഭം തുടങ്ങുക എന്നതിനേക്കാൾ എത്രയോ വലിയ വെല്ലുവിളിയാണ് സംരംഭം തുടരുക എന്നത്. സംരംഭത്തിന്റെ തുടർച്ചയ്ക്ക് സദാ ജ്വലിക്കുന്ന അഭിനിവേശം അനിവാര്യമാണ്. അതിനാൽ തീരുമാനമെടുക്കും മുൻപ് സംരംഭത്തോടുള്ള നിങ്ങളുടെ പാഷൻ സുശക്തമാണെന്ന് ഉറപ്പുവരുത്തുക.

എന്താണ് നിങ്ങളുടെ മോട്ടീവ് - പ്രചോദകം

നിങ്ങളുടെ പാഷൻ ശക്തമാണെങ്കിലും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് ഇപ്പോൾ തന്നെ ഇറങ്ങിത്തിരിക്കേണ്ടത് അനിവാര്യമാണോ എന്നതാണ് ചോദ്യം. സ്വന്തം സംരംഭം തുടങ്ങാനായി പഠനം പാതിവഴിക്ക് ഉപേക്ഷിക്കുമ്പോൾ അതിന്റെ മോട്ടീവ് എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെയുള്ളിലെ പ്രതിഭയ്ക്ക് യാന്ത്രികമായ പഠനസമ്പ്രദായത്തോടുള്ള വിരക്തിയാവാം ഒരു കാരണം.. നിങ്ങളുടെയുള്ളിലെ വിജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്താൻ സിലബസിനാവാത്തതും ഒരു കാരണമാവാം. ബാലികേറാമല എന്ന് വിശേഷിപ്പിക്കാവുന്ന സിലബസ്, വിരസമായ ക്ലാസുകൾ, മുൾമുനയിൽ നിർത്തുന്ന അസൈന്മെന്റുകളും പരീക്ഷകളും… ഇങ്ങനെ തുടരുന്ന കോളേജ് കാലഘട്ടത്തിലാണ് നിങ്ങൾ സംരംഭകനാകാൻ തീരുമാനിക്കുന്നതെന്നിരിക്കട്ടെ പുറത്തേക്കുള്ള വഴി തിരഞ്ഞെടുക്കും മുൻപ് ഒരൊറ്റ കാര്യം പരിശോധിക്കണം നിങ്ങളുടെ സംരംഭത്തിന് ഗുണകരമാകുന്ന ഒന്നും നിങ്ങളുടെ അക്കാദമിക പഠനത്തിന് നൽകാനില്ലേ.? ഒരുപക്ഷേ, രണ്ടാം ഘട്ട വിലയിരുത്തലിൽ അത്തരമൊരു ഘടകം കണ്ടെത്താൻ നിങ്ങൾക്കായേക്കാം. കണ്ടെത്താനായില്ലെങ്കിൽ നിങ്ങളുടെ സംരംഭകയാത്രയിൽ നിങ്ങളുടെ തീരുമാനത്തെ സാധൂകരിക്കുന്ന, നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഏറ്റവും വലിയ ഘടകവും അതായിരിക്കും.

എങ്ങനെ കലാലയത്തിനുപുറത്ത് പഠനം തുടരും?

'വിജ്ഞാനസമ്പാദനത്തിനുള്ള മികച്ചമാർഗങ്ങൾ കലാലയത്തിനുപുറത്തുലഭ്യമായിക്കൊണ്ടിരിക്കേ ഔപചാരികവിദ്യാഭ്യാസം കൂടുതൽ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്' എന്ന് സീൻ പാർക്കറിനെപ്പോലെ ആത്മവിശ്വാസത്തോടെ പറയാൻ നിങ്ങൾക്കുമാകുന്നുണ്ടെങ്കിൽ നിങ്ങളുടെ തീരുമാനം ശരിയാണ്, മറിച്ച് പഠനത്തോടുള്ള വിരക്തിക്ക് ന്യായീകരണമായി സംരംഭകത്വമോഹം അവതരിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത്. നിങ്ങളുടെ സംരംഭവുമായി ബന്ധപ്പെട്ട വിജ്ഞാനം മാത്രമല്ല, പൊതുവിവരങ്ങളും നിരന്തരം സ്വായത്തമാക്കാനുള്ള വഴികൾ കലാലയത്തിനുപുറത്ത് കണ്ടെത്തുക. എപ്പോഴും ഒരു വിദ്യാർത്ഥിയായി തുടരേണ്ടത് സംരംഭത്തിന്റെ വിജയത്തിന് അനിവാര്യമാണ്.

നിങ്ങൾ എന്തുമാത്രം അധ്വാനിയാണ് ?

ഹാർഡ് വർക്കല്ല സ്മാർട് വർക്കാണ് വേണ്ടതെന്ന മന്ത്രം ആകർഷണീയമാണ്, അത്യധ്വാനത്തിലല്ല, മറിച്ച് വിവേകപൂർവമായ അധ്വാനത്തിലാണ് സംരഭത്തിന്റെ വിജയം എന്നത് വാസ്തവവുമാണ്. എന്നാൽ ഹാർഡ് വർക്കിൽ മാത്രമല്ല, സ്മാർട് വർക്കിലും 'വർക്ക്' ഉണ്ടെന്ന് മറന്നുകൂടാ. നിങ്ങളുടെ കഴിവും പ്രതിഭയും എത്രതന്നെ മികച്ചതായിക്കൊള്ളട്ടെ, സ്വപ്നം എത്തിപ്പിടിക്കാനാവശ്യമായ ഊർജം ചെലവിടാനുള്ള സന്നദ്ധത നിങ്ങൾക്കുണ്ടായിരിക്കണം.

നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടോ ?

സ്വന്തം സംരംഭം എന്ന തീരുമാനം എടുത്തുചാട്ടമാകരുത്. വ്യക്തമായ തയ്യാറെടുപ്പിന്റെ പിൻബലത്തിലുള്ള ഒരു ചുവടുവെപ്പാവണം. സംരംഭത്തിന്റെ പ്രായോഗികവശങ്ങളെപ്പറ്റിയുള്ള സമഗ്രമായ ചിത്രം രൂപപ്പെടുത്തിയതിനു ശേഷമാവണം ക്യാംപസ് വിട്ട് സംരംഭകനാവാനിറങ്ങേണ്ടത്. ഫേസ്‌ബുക്കെന്ന ആശയത്തിന്റെ ബീജാവാപം നടന്നതിനു ശേഷമാണ് സുക്കർബർഗ് പുറത്തേക്കിറങ്ങിയത്, മൈക്കൽ ഡെല്ലാവട്ടെ, പഠനകാലത്തുതന്നെ തന്റെ സംരംഭം വിജയിപ്പിക്കുകയും അത് വിപുലമാക്കാൻ മുഴുവൻ സമയസാനിദ്ധ്യം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പഠനമുപേക്ഷിക്കുകയും ചെയ്തു. സംരംഭം തുടങ്ങാനും നടത്തിപ്പിനുമായുള്ള മൂലധനം, അനുബന്ധവിഭവങ്ങൾ, മനുഷ്യശേഷി, പിൻതുണ ഇവയൊക്കെയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സംരംഭകത്വത്തിലേക്ക് കാൽവെയ്ക്കും മുൻപ് കുതിപ്പും എടുത്തുചാട്ടവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക.

മുകളിൽ കുറിച്ചത് 'ആറ്റിലേക്കച്യുതാ ചാടൊല്ലെ ചാടൊല്ലെ' എന്ന ആഹ്വാനമല്ല, ഏതൊരു ചാട്ടവും ലക്ഷ്യം കാണണമെങ്കിൽ അനുവർത്തിക്കേണ്ട ചില അടിസ്ഥാനപരിശോധനകളെപ്പറ്റിയുള്ള ഓർമപ്പെടുത്തലാണ്. ഔപചാരികവിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളിലൊതുങ്ങാൻ സംരംഭകപ്രതിഭകളിൽ പലർക്കും വൈമുഖ്യമുണ്ടാവുമെന്ന വസ്തുതയെ സംരംഭകനാവാനുള്ള യോഗ്യതയാണ് കോളേജ് ഡ്രോപ് ഔട്ട് എന്ന അറ്റം വരെ കൊണ്ടുപോകരുതെന്നേ ഉദ്ദേശിച്ചുള്ളൂ.
ചുരുക്കത്തിൽ കോളേജ് ഡ്രോപ്ഔട്ട് സംരംഭകനാകാനുള്ള മിനിമം യോഗ്യതയല്ല; എന്നാൽ സംരംഭകനാകാൻ അതൊരു അയോഗ്യതയേയല്ല.

 (കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
ajas@outlook.com
www.ajas.in