കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും നാണവും മാനവുമില്ലാത്ത രാഷ്ട്രീയ നേതാവാരാണ്? പാർട്ടിയേതാണ്? ഈയിടെ റെസിഡൻസ് അസോസിയേഷന്റെ ഒരു വിനോദയാത്രയിൽ നേരംപോകാനായി ഒരു സുഹൃത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ പ്രധാന ചോദ്യമായിരുന്നു അത്. അമ്പതംഗ സംഘത്തിൽ പ്രതീക്ഷിച്ചുപോലെതന്നെ 30ലേറെപ്പേരുടെ വോട്ടുകിട്ടി നമ്മുടെ മുഖ്യമന്ത്രി ഏറ്റവും മോശം നേതാവായി. (അതിൽ അത്ഭുതമൊന്നും വേണ്ട. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിലെ 16 മുഖ്യമന്ത്രിമാരെ വിലയിരുത്തി എൻ.ഡി.ടി.വി നടത്തിയ അഭിപ്രായ സർവേയിൽ ഏറ്റവും അവസാനം എത്തിയത് കേരളാമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.)

എന്നാൽ ഞെട്ടിച്ചത് നാണവും മാനവുമില്ലാത്ത പാർട്ടിയായി 45 വോട്ടുകൾവാങ്ങി സിപിഐ എത്തിയെന്നാതായിരുന്നു! ഇത്രയും ജനപിന്തുണ ആ 'വിപ്ലവപാർട്ടി'ക്കുണ്ടാവുമെന്ന് കരുതിയിട്ടില്ലായിരുന്നു. അതായത് സിപിഎമ്മുകാരനും ലീഗുകാരനും, ബിജെപിക്കാരനും കോൺഗ്രസുകാരനുമൊക്കെ കേരളത്തിൽ തീർത്തും അനാവശ്യമായ യാതൊരു വ്യക്തിത്വവുമില്ലാത്ത പാർട്ടിയായാണ് സിപിഐയെ കാണുതെന്ന് ചുരുക്കം. എന്നാൽ കേരളത്തിലെ എറ്റവും ഭാഗ്യംചെയ്ത പാർട്ടി എന്ന നിലയിലാണ് ഈ ലേഖകനൊക്കെ സിപിഐ കണ്ടത്. ആ പാർട്ടിയുടെ അവസ്ഥനോക്കൂ. ഒറ്റക്കുനിന്നാൽ ഒരു പഞ്ചായത്ത് വാർഡ്‌പോലും ജയിക്കാനുള്ള ആളില്ല, കൃത്യമായ നയവും പരിപാടിയുമില്ല ( പാർട്ടി പരിപാടിയില്ലാത്ത ഏക വിപ്ലവ പാർട്ടിയാണ് സിപിഐ) കാര്യപ്രാപ്തിയും ജനങ്ങളുമായി ബന്ധവുമുള്ള നേതാക്കളില്ല. കേരളത്തിൽ എസ്.ഡി.പി.ഐക്കും, വെൽഫയർപാർട്ടിക്കുംപോലും സിപിഐക്കാൾ വോട്ടുണ്ട്. ശക്തി ക്ഷയിച്ചുക്ഷയിച്ച് ഒന്നുമല്ലാതായ ഈ ഘട്ടത്തിൽപോലും ഐ.എൻ.എല്ലിന്, സിപിഐയുടെ തുല്യമായ ശക്തിയുണ്ട്.

എന്നിട്ടും സിപിഐക്ക് കേരളീയ പൊതുസമൂഹത്തിൽ കിട്ടുന്ന അംഗീകാരം നോക്കുക. എന്തോ വലിയ സംഭവമായാണ് ഈ ഈർക്കിലി പാർട്ടിയെ മാദ്ധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണവർ. എൽ.ഡി.എഫ് ഭരണം വരുമ്പോൾ റവന്യൂ അടക്കം പ്രധാനപ്പെട്ട നാലുവകുപ്പുകളെങ്കിലും കൈയാളുന്ന പാർട്ടി! ( ഇ.കെ നായനാർ ഒരിക്കൽ പറഞ്ഞപോലെ അഞ്ച് ടെമ്പോയിൽ കൊള്ളാവുന്ന ആളുകളേ അതിലുള്ളൂ) അർഹിക്കുന്നതിന്റെ 25 ഇരട്ടിയിലധികം കിട്ടുന്ന ഒരു പാർട്ടിയെ ഭാഗ്യംചെയ്ത ജന്മങ്ങൾ അല്ലാതെ എന്താണ് പറയുക. ട്രെയിൻ യാത്രയിലും മറ്റുമായി ഒരുപാട് പേരെ പരിചയപ്പെടുകയും രാഷട്രീയമടക്കം തുറന്ന് ചർച്ചചെയ്യുകയും ചെയ്യുന്നവരാണല്ലോ മലയാളികൾ. അവിടെ നിങ്ങൾ എപ്പോഴെങ്കിലും ഒരു സിപിഐക്കാരനെ പരിചയപ്പെട്ടിട്ടുണ്ടോ. എന്നെങ്കിലുമൊരിക്കൽ സിപിഐയുടെ ഒരു സ്‌ക്വാഡോ എന്തെങ്കിലുമൊരു പ്രവർത്തനമോ നമ്മുടെ നാടുമായോ വീടുമായോ ബന്ധപ്പെട്ട് നടന്നതായി ഓർക്കുന്നുണ്ടോ? എന്തിന് സിപിഐ സ്ഥാപിച്ച ഒരു വെയിറ്റിംങ് ഷെഡ്ഡെങ്കിലും നമ്മളിൽ എത്രപേർ കണ്ടിട്ടുണ്ട്. ചില സമരങ്ങളിൽ അഞ്ചുപത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് നാം ടി.വിയിൽ കാണാറുണ്ട്. പിന്നെ ചാനൽ ചർച്ചകളും പ്രസ്താവനകളുമായി കുറേ നേതാക്കളും. സിപിഐ എന്ന പാർട്ടി കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നത് പുതുതലമുറക്കെങ്കിലും ഐതീഹ്യം മാത്രമാണ്. പിന്നെ എന്തുകൊണ്ടാണ് കേരളരാഷ്ട്രീയത്തിൽ സിപിഐക്ക് ഇത്ര പ്രാമുഖ്യം കിട്ടുന്നത്. അവിടെയാണ് മുന്നണി രാഷ്ട്രീയം എന്ന വാരിക്കുഴിയെപ്പറ്റി ബോധവാന്മാരാവുക. ഒപ്പം സരിതമുതൽ സൂരജ് വരെ പയറ്റുന്ന ബ്‌ളാക്ക്‌മെയിലിങ്ങ് രാഷ്ട്രീയവും.[BLURB#2-H]

വലിയേട്ടൻ കോംപ്ലക്‌സും, ബ്‌ളാക്ക്‌മെയിലിങ് രാഷ്ട്രീയവും

.എം.എസ് നമ്പൂതിരിപ്പാടിനെക്കൊണ്ട് കേരള ജനതക്ക് കിട്ടിയ ഒരേയൊരു ദ്രോഹം ഈ മുന്നണിരാഷ്ട്രീയം ഏന്ന ഏച്ചുകെട്ട് പരിചയപ്പെടുത്തിയതാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ടി.ജെ.എസ് ജോർജ് മുമ്പ് എഴുതിയത് ഓർക്കുന്നു. എട്ടുശതമാനത്തിനടുത്ത് വോട്ടുണ്ടായിട്ടും കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുന്നില്ല. എന്നാൽ വെറും ഒന്നര ശതമാനംപോലുമില്ലാത്ത സിപിഐക്ക് 13 സീറ്റുകൾ കിട്ടുന്നു.'വെള്ളിമൂങ്ങ' സിനിമയിൽ ബിജുമേനോന്റെ കഥാപാത്രം പറയുന്നതുപോലെ, ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കുടാതെ കേരളത്തിൽ രക്ഷയില്ല. ഈ മുന്നണിതന്നെയാണ് സിപിഐയുടെ ഏറ്റവും വലിയ ഭാഗ്യവും. വെറുതെ നിന്നുകൊടുത്താൽ മതി. സിപിഐ(എം)കാർ പണിയെടുത്ത് ജയിപ്പിച്ചോളും. എന്നിട്ട് ജയിച്ചുകയറിയിട്ട് മുട്ടിന് മുട്ടിന് സിപിഎമ്മിനെ തെറിപറയണം. അപ്പോൾ നല്ല മാദ്ധ്യമശ്രദ്ധയും കിട്ടും. അതെ മാദ്ധ്യമങ്ങളുടെ കരുത്താണ് സിപിഐയുടെ കരുത്ത്. വീരനും, ജോസഫും, ആർ.എസ്‌പിയും വിട്ടതോടെ സിപിഎമ്മിനെ നന്നായി ബ്‌ളാക്ക്‌മെയിൽചെയ്യാൻ സിപിഐക്ക് ആവുന്നു. ഈ ഘട്ടത്തിൽ സിപിഐകൂടി മറുകണ്ടം ചാടുകയാണെിൽ മാദ്ധ്യമങ്ങൾ അത് നന്നായി ആഘോഷിക്കുമെന്ന് അവർക്ക് നന്നായറിയാം. ഇടതുമുന്നണി തകർന്നുവെന്ന പ്രചാരണം വരാതിരിക്കാനാണ് സിപിഎമ്മും വിട്ടുവീഴ്ചക്ക് തയാറാവുന്നത്. അല്ലാതെ സിപിഐ ഈർക്കിലി പാർട്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന പിണറായി വിജയനോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

സിപിഐ(എം) സിപിഐ പ്രശ്‌നം റിപ്പോർട്ട്‌ചെയ്യുമ്പോൾ മലയാള മനോരമയുണ്ടാക്കിയ സവിശേഷ പദമാണ് വലിയേട്ടൻ. സിപിഐ(എം) എന്ന വലിയേട്ടൻ ഇപ്പോഴും സി.പിഐ പീഡിപ്പിക്കയാണെന്നേ മനോരമയും മാതൃഭൂമിയും എഴുതൂ. അത് ചാനലുകൾ ഏറ്റുപിടിക്കയും ചെയ്യും. അല്ലാതെ സിപിഐയിൽ ആളില്ലാത്തതല്ല പ്രശ്‌നം. എന്നാൽ യു.ഡി.എഫിലേക്ക് വന്നാലോ. മലബാറിലെ തങ്ങളുടെ കുത്തക സീറ്റുകളിൽ എക്കാലവും ഒറ്റക്ക് ജയിക്കാനുള്ള ആൾബലം ലീഗിനുണ്ട്. മുസ്ലിംലീഗില്ലെങ്കിൽ മലബാറിൽ ഒറ്റ സീറ്റുപോലും കോൺഗ്രസിന് കണികാണാൻ കിട്ടില്ലെന്നത് വസ്തുതയാണ്. എന്നിട്ടും ഇടതുമുന്നണിയിൽ സിപിഐ മൽസരിക്കുന്നതിന് തുല്യമായ സീറ്റേ ലീഗിന് കിട്ടാറുള്ളൂ. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിനേക്കാൾ സ്വാധീനമുള്ള കക്ഷി എന്ന നിലയിൽ കോഴിക്കോട് പാർലിമെന്റ് സീറ്റ് സത്യത്തിൽ ലീഗിന് അവകാശപ്പെട്ടതാണ്. അവരത് ചോദിച്ചില്ല എന്നുമാത്രമല്ല, യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെയും, മുല്ലപ്പള്ളി രാമചന്ദ്രനെയും കോൺഗ്രസുകാരേക്കാൾ ആത്മാർഥമായി പ്രവർത്തിച്ച് ജയിപ്പിക്കയും ചെയ്തു. മാണിയുടെ സ്ഥിതിയും ഇതു തന്നെ. തന്റെ സാമ്രാജ്യത്തിൽ മാണി അജയ്യനാണ്. എന്നിട്ടും സിപിഐക്കാൾ എത്ര കുറഞ്ഞ സീറ്റിലാണ് മാണി മൽസരിക്കുന്നത്. ( ഭരണം കിട്ടിയാൽ പരമാവധി പ്രധാനവകുപ്പുകൾ പിടിക്കുക,എന്നിട്ട് പരമാവധി കൈയിട്ട് വാരുക. അതാണ് ലീഗിന്റെയും മാണിയുടെയും തന്ത്രം) കോഴിക്കോട് നാദാപുരംപോലൊരു സിപിഎമ്മിന്റെ കോട്ട, സിപിഐക്കാണ് മുന്നണി ധാരണപ്രകാരം അവർ വിട്ടുകൊടുക്കുന്നത്. അവിടെ മരുന്നിനുപോലും സിപിഐ ഇല്‌ളെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. എന്നിട്ടും പ്രചാരണം എന്താണ്. സിപിഐ(എം) വലിയേട്ടൻ കളിക്കുന്നെന്ന്.[BLURB#1-H]

നിലനിൽപ്പ് സിപിഐ(എം) വിരുദ്ധതയിൽ

കലതും വിറ്റുതുലച്ചും ധൂർത്തടിച്ചും തറവാട് വരെ പണയത്തിലായശേഷം, അതുവരെ ശത്രുക്കളായിരുന്ന മരുമക്കളെ സ്വന്തം തറവാട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഗൃഹഭരണം എൽപ്പിച്ച് കടക്കണെയിൽനിന്ന് തടിയൂരുന്ന പഴയ കാരണവന്മാരെ പോലെയാണ് പന്ന്യനടക്കമുള്ള സിപിഐ നേതാക്കൾ. വല്ലാതെ ശോഷിച്ചുപോയ സ്വന്തം പാർട്ടി അവർക്ക് ഇപ്പോൾ കൊണ്ടുനടക്കാൻപോലും പറ്റാതായിരിക്കുന്നു. അതിനാലാണ് ലയനം, ലയനം എന്നുപറഞ്ഞ് ഇപ്പോൾ സിപിഎമ്മിന്റെ പിറക നടക്കുന്നത്. സ്വാഭാവികമായും അങ്ങനെയൊരു ലേഖനം സിപിഐ മുഖപത്രമായ ജനയുഗത്തിൽ വരുമ്പോൾ, സിപിഐ(എം) നേതൃത്വം നടപ്പില്‌ളെന്ന് മറുപടി പറയും. ഉടനെ പന്ന്യനും ബിനോയും വാളെടുക്കും. സോളാർ സമരം പിൻവലിക്കാൻ സിപിഐ അടക്കമുള്ള ഇടതുമുന്നണിയല്ലേ തീരുമാനിച്ചത്. അന്ന് അതേപ്പറ്റി ഒന്നും മിണ്ടാതെ മിഴി പൂട്ടിയിരുന്ന് ഇപ്പോൾ പറയുന്ന അഡ്ജസ്റ്റ്‌മെന്റ് സമരങ്ങൾക്ക് ഞങ്ങളില്‌ളെന്ന്. (സോളാർ സമരം തട്ടിപ്പായിരുന്നെന്ന് ആർക്കാണ് അറിയാത്തത്) ഈ ആളില്ലാപാർട്ടി കൊണ്ടു നടക്കുന്നതിനേക്കാൾ വലിയ അഡ്ജസ്റ്റ്‌മെന്റ് എന്താണുള്ളത്.

സിപിഎമ്മിനോടുള്ള അടങ്ങാത്ത അസൂയയും പകയുമായാണ് ഒരോ ശരാശരി സിപിഐ നേതാവും ജീവിക്കുന്നതുതന്നെ. സിപിഐ(എം) സ്ഥാനാർത്ഥിക്ക് അവർ വോട്ടുപോലും ചെയ്യാറില്‌ളെന്നത് പരസ്യമായ രഹസ്യമാണ്. ( സി.പി. എം പാർട്ടികോൺഗ്രസ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ എൽപ്പിച്ചെന്ന് ബിനോയ് വിശ്വം ആരോപിച്ചത് നോക്കുക. പി.സി ജോർജുപോലും ഇത്തരമൊരു നുണ പറയുമോ) .സത്യത്തിൽ അവരുടെ ഈ അവസ്ഥക്ക് കാരണം അവർ തന്നെയാണ്. കോൺഗ്രസിന്റെ മൂടുതാങ്ങാൻപോയതോടെ വലതു കമ്യൂണിസ്‌ററുകൾ എന്നഒരിക്കലും മായത്ത ചാപ്പ അവർക്കുമേൽ വീണുപോയി. അടിയന്തരവസ്ഥക്കാലത്ത് കോൺഗ്രസിന് പിന്തുണകൊടുത്തതടക്കമുള്ള വങ്കത്തരങ്ങളാണ് സിപിഐയെ ജനങ്ങളിൽനിന്ന് വിശിഷ്യാ യുവാക്കളിൽനിന്ന് അകറ്റിയത്. (ആ സഹശയന സുഖം ഇടക്കിടെ സിപിഐ നൊട്ടിനുണയുന്നതായും കാണാം.) ഇനി ഇങ്ങനെ അനുദിനം ശോഷിച്ച് ഇല്ലാതായിക്കൊണ്ടിരിക്കയാണെങ്കിലും നേതാക്കളുടെ അഹങ്കാരത്തിനും ജാടക്കും കുറവില്ല. ജനങ്ങളെ വെറുപ്പിക്കുന്നതിൽ മൽസരിക്കയാണ് പന്ന്യനും, കാനം രാജേന്ദ്രനും, ബിനോയ് വിശ്വവുമൊക്കെ.

നേതൃദാരിദ്രത്തിനിടയിലും അഹങ്കാരം യഥേഷ്ടം

വെളിയംഭാർഗവും, സി.കെ ചന്ദ്രപ്പനും ശേഷം കടുത്ത നേതൃ ദാരിദ്രത്തിലുമാണ് സിപിഐ. സി. എൻ ജയദേവനെയും, വി എസ് സുനിൽകുമാറിനെയും, രാജ്യസഭാംഗം എംപി അച്യുതനെയും പോലുള്ള ഏതാനും നേതാക്കളെ മാറ്റിനിർത്തിയാൽ ജന പിന്തുണയുള്ള ഒറ്റ നേതാവുമില്ല. ഭരണപാടവത്തിന്റെ കാര്യത്തിലും അതിദയനീയമാണ് സിപിഐ. തിരുവനന്തപുരം എംപിയായിരുന്നിട്ട് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ കഴിയാതിരുന്നയാളാണ് സാക്ഷാൻ പന്ന്യൻ. അതുവച്ച് നോക്കുമ്പോൾ ശശി തരൂരിനൊക്കെ കൈ കൊടുത്തുപോവും. (അക്കാലത്ത് പന്ന്യൻ ഒരു പൊതുചടങ്ങിൽ നടത്തിയ സഭ്യേതര പ്രസംഗവും യൂ ട്യൂബിലുണ്ട്) കെ.പി രാജേന്ദ്രൻ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവരൊക്കെ മന്ത്രിമാരെന്ന നിലയിൽ കാര്യപ്രാപ്തിയിൽ വലിയ ബാധ്യതയായിരുന്നു. ഇതിൽ കെ.പി രാജേന്ദ്രനെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നു. വലിയ ബുദ്ധിജീവിയാണെന്ന് നടിക്കയും എന്നാൽ അഞ്ചുപൈസയുടെ പ്രായോഗിക ബുദ്ധിയുമില്ലാത്ത ബിനോയ്വിശ്വമാണ് സിപിഐയുടെ കേരള ഡാങ്കേ. മന്ത്രിയായിരുന്നപ്പോൾ ബിനോയുടെ അഹാരത്തിന്റെയും ജാടയുടെയും കഥകൾ എഴുതിയാൽ തീരില്ല. ഒരിടത്തും സമയത്തിന് വരില്ല. വന്നാലോ പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞ് നേരംപോക്കും. ചെറിയ പടങ്ങൾപോലും പത്രത്തിൽവരാുത്താൻ പത്രാധിപന്മാർക്ക് വിളിയാണ്.അവസാനം 'ഇന്ന് ബിനോയ് വിശ്വത്തിന്റെ പരിപാടിയുണ്ട്. ഫോണിന് സൈര്യമുണ്ടാവില്ല' എന്ന് പത്രാധിപന്മാർ പറയുന്ന അവസ്ഥയുണ്ടായി!

ബിനോയ് പത്രാധിപരായിരുന്ന കാലത്തെ കാര്യം പറയാനുമില്ല. ജനയുഗമെന്ന സിപിഐ പത്രം തകർച്ചയിൽനിന്ന് തകർച്ചയിലേക്കത്തെി. തുച്ച ശമ്പളത്തിന് പണിയെടുക്കുന്ന ജീവനക്കാരെ മൊത്തം വെറുപ്പിച്ചു. ഒറ്റജീവനക്കാരെയും സ്ഥിരപ്പെടുത്താത്ത കേരളത്തിലെ ഏക പത്രം ജനയുഗമായിരിക്കും.പലരേയും യാതൊരുമാനദണ്ഡവും പാലിക്കാതെ നിഷ്‌ക്കരുണം പിരിച്ചുവിട്ടത് ഈ തൊഴിലാളിവർഗ നേതാവ് നോക്കിനിന്നു. ഇന്നും ബസിനുകൂലിപോലും കിട്ടാത്ത രീതിയിൽ ദയനീയമാണ് ജനയുഗത്തിലെ ജീവനക്കാരുടെ അവസ്ഥ. എന്നാലും ഉന്നതങ്ങളിലെ ധൂർത്തിന് യാതൊരു കുറവുമില്ല. പഴഞ്ചൻ കമ്പ്യൂട്ടറുകളും ഒടിഞ്ഞ കസേരകളുമാണെങ്കിലും തൊഴിലാളികൾ സമയത്തിന് വരുന്നുണ്ടോയെന്ന് നോക്കാൻ പലേടത്തും ബയോമെട്രിക്ക് പഞ്ചിങ് സംവിധാനമുണ്ട്. ജീവനക്കാരുടെ പ്രശ്‌നം പഠിക്കാൻ സ്വകാര്യഏജൻസിക്ക് കരാർകൊടുത്തും ജനയുഗം മാതൃകയായി.[BLURB#3-VR]

എവിടെ പ്രസംഗിക്കാൻ അവസ്ഥയുണ്ടായാലും അവിടെ സിപിഎമ്മിനിട്ടൊന്നു കുത്തി വാർത്തയിൽ നിറഞ്ഞു നൽക്കുകയെന്ന നമ്പറാണ് കാനം രാജേന്ദ്രന്റെത്.മുമ്പ് കെ.ഇ. ഇസ്മായിലിനായിരുന്നു ഈ അസുഖം ഉണ്ടായിരുന്നത്. മൂക്കാതെ പഴുത്ത ഡിവൈഎഫ്ഐ എന്നൊക്കെപ്പറഞ്ഞ് സിപിഎമ്മുകാരെ വെറുപ്പിച്ചതിന്റെ ഫലം കിട്ടി. പട്ടാമ്പിപോലൊരു ഇടതുപക്ഷാഭിമുഖ്യമുള്ള മണ്ഡലത്തിൽ രണ്ടുതവണ ക്‌ളീനായങ്ങുതോറ്റു. ഇപ്പോൾ ഡയലോഗടി നിർത്തി. പിണറായിയുടെ പരനാറി പ്രയോഗത്തിൽ ' അതിലപ്പുറമായിരുന്നു പറണ്ടേതെന്നും പിണറായി പറഞ്ഞത് കുറഞ്ഞുപോയെന്നാണ്' കെ.ഇ സഖാവ് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റുകിട്ടാത്തത് കാനത്തിന്റെയും ഭാഗ്യം.

ഇനി സിപിഐക്കൊണ്ട് ഇടതുമുന്നണിക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്ന് നോക്കുക. എപ്പോൾ മുന്നണി വികസിപ്പിക്കുന്ന കാര്യം പറഞ്ഞാലും തങ്ങളുടെ രണ്ടാംസ്ഥാനംപോവുമെന്നതിനാൽ ഉടക്കിടും.എൽ.ഡി.എഫ് എന്ന നഷ്ടക്കച്ചവടം പിരിച്ചുവിട്ട് ഒറ്റക്ക് മൽസരിക്കാനുള്ള ബുദ്ധി എന്ന് പിണറായി വിജയന് തോനുന്നോ അതോടെ തീരും സിപിഐയുടെ കളി. അല്ലാത്തിടത്തോളം കാലം മുന്നണി സിന്ദാബാദ്.

വാൽക്ഷഷ്ണം: സിപിഐയിലേക്ക് പുതുതായി ആളുകൾ കടന്നുവരുന്നില്ല എന്നു തീർത്തും പറയാനാവില്ല. ചിലർ കടന്നുവരുന്നുണ്ട്. സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ. ഗ്രൂപ്പിസംതൊട്ട് മണൽമാഫിയാ ബന്ധവും ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളിൽ സിപിഐ(എം) നടപടിയെടുത്ത ചിലർ ഇപ്പോൾ സിപിഐയിലുണ്ട്. ഒന്ന് ചീയുമ്പോഴാണല്ലോ, മറ്റൊന്നിന് വളമാവുക.