ലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ  ഗോപീകൃഷ്ണൻ. മുതിർന്ന പത്രാധിപന്മാരും റിപ്പോർട്ടർമാരും കോളമിസ്റ്റുകളുമൊക്കെയുള്ളപ്പോഴും ഗോപീകൃഷ്ണന്റെ സാന്നിധ്യം വേറിട്ടുനിൽക്കുന്ന ഒന്നാണ്. ഒരുപക്ഷെ ടോംസിനൊഴികെ ഒരു കാർട്ടൂണിസ്റ്റിനും മുൻപുലഭിക്കാത്ത ജനപ്രീതി ഗോപീകൃഷ്ണന് മലയാളത്തിലുണ്ട്. ടോംസുംഗോപിയും തമ്മിലാകട്ടെ വേളൂർ കൃഷ്ണൻകുട്ടിയും വി കെ എന്നും തമ്മിലുള്ള അന്തരവുമുണ്ട്. പലപ്പോഴും ഒരുദിവസത്തെ മാതൃഭൂമി പത്രത്തിന്റെ വായന പലരിലും അവശേഷിപ്പിക്കുന്ന ഏക ചിത്രവും ഗോപിയുടെ കാർട്ടൂൺ ആയിരിക്കും. തലക്കെട്ടും മുഖ്യവാർത്തകളും മറന്നാലും അതു മറക്കാൻ പലർക്കും കഴിയാറില്ല. രാഷ്ട്രീയപത്രപ്രവർത്തനത്തിന്റെ മുഖ്യധാരകളിലൊന്നായ കാർട്ടൂൺ, വരയും ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന മാദ്ധ്യമരൂപമായി മലയാളിയുടെ ദൈനംദിന പത്രവായനാബോധത്തിൽ ഇത്രമേൽ സ്വാധീനം മുൻപൊരിക്കലുമുണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാം. ഗോപീകൃഷ്ണനു മുൻപും പിൻപും എന്നു വിഭജിക്കാവുന്നവിധം പ്രകടമാണ് മലയാളപത്രങ്ങളിലെ പൊളിറ്റിക്കൽ കാർട്ടൂണിന്റെ ചരിത്രവും സംസ്‌കാരവും.

 [BLURB#1-VR] തീർച്ചയായും ഇന്ത്യൻ പത്രരംഗത്തെ കാർട്ടൂൺ കുലപതിയായിരുന്ന ആർ കെ ലക്ഷ്മണിനെപ്പോലുള്ളവരുടെ പദവിയിലേക്ക് ഗോപി എത്തിച്ചേർന്നിട്ടൊന്നുമില്ല. ഡൽഹി കീഴടക്കിയ മലയാളി കാർട്ടൂണിസ്റ്റുകളുടെ (ശങ്കർ മുതൽ അബുവും വിജയനും ഉണ്ണിയും രവിശങ്കറും വരെയുള്ളവർ) ആംഗല, ബൗദ്ധിക പരിവേഷങ്ങൾ ആർജ്ജിക്കാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടില്ല. സുധീർതലാംഗിനെപ്പോലെയോ അജിത് നൈനാനെപ്പോലെയോ ഉള്ള സമകാലികരായ കാർട്ടൂണിസ്റ്റുകളുടെ ശൈലിയിൽ കാരിക്കേച്ചറുകളുടെ സൗന്ദര്യവും രൂപത്തികവും നിർമ്മിതിയിലെ സാങ്കേതികമേന്മയും ഗോപിക്കപ്രാപ്യവുമാണ്. എങ്കിലും മലയാള പശ്ചാത്തലത്തിൽ അസാധാരണമായ രാഷ്ട്രീയമൂർച്ചയും നർമബോധവും പ്രകടിപ്പിച്ചും അപൂർവമായ ജനസമ്മതിയും കാലികപ്രസക്തിയും കൈവരിച്ചും നിലനിൽക്കുകയാണ് ഈ യുവാവിന്റെ കാർട്ടൂൺകല. മറ്റൊരു മലയാളപത്രത്തിലും ഇത്രമേൽ മൗലികതയുള്ള കാർട്ടൂണിസ്റ്റുകളില്ല എന്നു മാത്രമല്ല, അവരിൽ പലരും ഗോപിയെ അനുകരിച്ചാണ് ഇന്നിപ്പോൾ കാർട്ടൂൺ സങ്കല്പിക്കുന്നതുതന്നെ. ഇക്കൂട്ടത്തിൽ ഗോപിയുടെ മുൻ, പിൻതലമുറകളിലുള്ള സ്റ്റാഫ് കാർട്ടൂണിസ്റ്റുകൾ ഒരുപോലെയുണ്ട് എന്നതാണ് ഏറ്റവും വലിയ കൗതുകം.

1993 മുതൽ എട്ടുവർഷം കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായിരുന്നുവെങ്കിലും 2001 ൽ മാതൃഭൂമിയിൽ ചേർന്നതോടെയാണ് ഗോപീകൃഷ്ണൻ വലിയൊരു വായനാസമൂഹത്തിലെത്തുന്നത്. കേരള പ്രസ്അക്കാദമിയുടെ 'മീഡിയ' മാസികയിൽ ലോകവാർത്താ കാർട്ടൂണുകൾ തെരഞ്ഞെടുത്തവതരിപ്പിക്കുന്ന ഒരു കോളംതന്നെ ഇപ്പോൾ ഗോപീകൃഷ്ണനുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലവും ഗോപിയെ മറികടന്ന് ഒരു കാർട്ടൂണിസ്റ്റ് മലയാളത്തിലുണ്ടായിട്ടില്ല. കൂടുതൽ വലിയ പത്രത്തിലുണ്ടായിരുന്ന കാർട്ടൂണിസ്റ്റുകൾ പോലും ഗോപിക്കു മുന്നിൽ അസ്തപ്രജ്ഞരായി.

മറ്റുചില കാർട്ടൂണിസ്റ്റുകളെപ്പോലെ അമ്പരപ്പിക്കുന്ന രാഷ്ട്രീയദാസ്യങ്ങളോ മലക്കംമറിച്ചിലുകളോ ദ്വയാർഥപ്രയോഗത്തിലൂടെ സൃഷ്ടിക്കുന്ന അശ്ലീല ധ്വനികളോ വ്യക്ത്യധിക്ഷേപമോ സ്വഭാവഹത്യയോ ഗോപീകൃഷ്ണന്റെ രചനാലോകത്തിന്റെ ഭാഗമല്ല. ആദ്യകാല ശ്രീനിവാസൻ, സിദ്ദിഖ്-ലാൽ തിരക്കഥകൾ പോലെ, അവ അടച്ചും തുറന്നുമുള്ള ചിരികളും അവയ്ക്കുള്ളിലൊളിപ്പിച്ച മുനയുള്ള ചിന്തകളും കൊണ്ട് പ്രസന്നമാണ്. രാഷ്ട്രീയസംസ്‌കാരത്തിന്റെ അടിമുടി നർമഭരിതമായ പരിഹാസ, വിമർശനങ്ങളാണ് ഗോപിയുടെ മുഖ്യ മേഖല. ദൃശ്യമാദ്ധ്യമങ്ങളുടെ പ്രചാരം വിശേഷിച്ചും വാർത്താചാനലുകളുടെ വ്യാപനം നടക്കുന്ന കാലത്തും ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ ഒന്നിനൊന്ന് ജനപ്രിയമായി നിലനിൽക്കുന്നതിന്റെ കാരണമെന്താവാം? അത് നിശ്ചയമായും അവയുടെ ജനപ്രിയസംസ്‌കാര സ്വരൂപം തന്നെയാണ്.


മലയാളിയുടെ ജനപ്രിയസംസ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് ഈ കാർട്ടൂണിസ്റ്റിന്റെ സർഗജീവിതം രൂപപ്പെടുന്നത്. അവയാകട്ടെ പാരഡിയോ പകർപ്പോ ആയി ഒരിക്കലും മാറുന്നുമില്ല. സിനിമ, ചലച്ചിത്രഗാനം, നാടൻപാട്ട്, പരസ്യം, പഴഞ്ചൊല്ല്, വിവാദ രാഷ്ട്രീയപ്രസ്താവനകൾ, പത്രവാർത്തകൾ, ടെലിവിഷൻ രൂപങ്ങൾ, കൗതുകവർത്തമാനങ്ങൾ തുടങ്ങിയവയെ നിമിത്തവും പശ്ചാത്തലവും സന്ദർഭവും സൂചനയും രൂപകവുമൊക്കെയാക്കി മാറ്റി ഗോപീകൃഷ്ണൻ മലയാളിയുടെ രാഷ്ട്രീയവ്യാജങ്ങളെയും കപടബിംബങ്ങളെയും ജനകീയവിചാരണ ചെയ്യുന്നു. വരയുടെ വടിവുകളെക്കാൾ വാക്കുകളുടെ ധ്വന്യാത്മകമായ സന്ദർഭോചിതത്വംകൊണ്ട് നർമവും പരിഹാസവും പേറുന്ന ആ കാർട്ടൂണുകൾ വിമർശനങ്ങളും വിയോജിപ്പുകളും നിലപാടുകളുമായി ഓരോ ദിവസവും മലയാളിയെ തേടിയെത്തുന്നു. ചിരിയും ചിന്തയും ഒരുപോലെ അവയിൽ തുളുമ്പിനിറയുന്നു. അങ്ങനെ മലയാളമാദ്ധ്യമചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഒരു രാഷ്ട്രീയവിമർശനരൂപവും ഗണവുമായി ഗോപീകൃഷ്ണന്റെ മാതൃഭൂമി കാർട്ടൂണുകൾ മാറുന്നു. അവയിൽനിന്നു തെരഞ്ഞെടുത്ത മുന്നൂറ്റമ്പതോളം കാർട്ടൂണുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗോപിയുടെ കാർട്ടൂൺ ജീവിതത്തിലെ ഏറ്റവും മികച്ച രചനകളുടെ സമാഹാരമല്ല ഇതെങ്കിൽപോലും താരതമ്യേന മികച്ച നിരവധി കാർട്ടൂണുകളുണ്ട് ഇതിൽ. ചിലതുനോക്കുക.

[BLURB#2-H] 2006-ലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചരിത്രപ്രസിദ്ധമായ തെരഞ്ഞെടുപ്പു പതനം പ്രമേയമാക്കുന്ന കാർട്ടൂൺ ഉദാഹരണം. മമ്മൂട്ടിച്ചിത്രമായ 'രാജമാണിക്യ'ത്തിലെ 'യെവൻ പുലിയാണ് കെട്ടാ' എന്നെഴുതിയ ഫ്‌ളക്‌സ്‌ബോർഡുകൾ കുറ്റിപ്പുറം മണ്ഡലത്തിലുടനീളം സ്ഥാപിച്ചാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ.ടി. ജലീൽ കാൽലക്ഷത്തോളം വോട്ടുകൾക്ക് കുഞ്ഞാപ്പയെ അട്ടിമറിച്ചതിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ആവിഷ്‌ക്കാരമായി മാറി, ഗോപീകൃഷ്ണന്റെ കാർട്ടൂൺ (പുറം 87). ഏ.ഡി.ബി. കരാറിനെക്കുറിച്ചു നടന്ന സംവാദങ്ങളിൽ വി എസ്. നടത്തിയ മലക്കംമറിച്ചിലാണ് ഗംഭീരമായ മറ്റൊരു കാർട്ടൂണായി മാറുന്നത് (പുറം 105). മൂന്നാർ ഓപ്പറേഷനിൽ വി എസ്. നിയോഗിച്ച മൂന്നു 'പൂച്ച'കളുടെ ദുർവിധിയാവിഷ്‌ക്കരിക്കുന്ന കാർട്ടൂൺ 'പൂച്ച പെറ്റു, പൂച്ച തിന്നു' എന്ന പ്രസിദ്ധമായ ചൊല്ലാണ് (പുറം 150). ഒ.വി. വിജയന്റെ ചിതാഭസ്മത്തെച്ചൊല്ലിയുണ്ടായ മതതർക്കമാണ് ഗോപിയുടെ ശ്രദ്ധേയമായ മറ്റൊരു രചന.

വിജയന്റെ ജീവിതവും രാഷ്ട്രീയവും അതിസമർഥമായി ധ്വനിപ്പിക്കുന്ന ഗൗരവതരമായ ഒരാഖ്യാനം (പുറം 65). ഒ.വി. വിജയന്റെ കാർട്ടൂൺവരയെ വിസ്മയകരമായി പിന്തുടരുന്ന രചന. ഗോഡ്‌സിലയെ അനുസ്മരിപ്പിക്കുന്ന അമേരിക്കയിലെ തീവ്രവാദ ആക്രമണവും ഗുജറാത്തിലെ നരഹത്യക്കുശേഷം നരേന്ദ്ര മോദിയെ തള്ളിപ്പറയുന്ന വാജ്‌പേയിയുടെ ധർമ്മസങ്കടവും മുതൽ വടക്കൻപാട്ടിന്റെ പാരഡിയായി മാറുന്ന പിണറായി-മുരളീധരൻ ബാന്ധവവും മുരളിയെ മഹാത്മാഗാന്ധിയോടുപമിക്കുന്ന കരുണാകരനെ കൊന്നുകൊലവിളിക്കുന്ന രചനയും 'ഗോഡ്ഫാദർ' സിനിമയിലെ സംഘർഷരംഗത്തോടിണക്കി കരുണാകരന്റെ കുടുംബത്തർക്കം ചിത്രീകരിക്കുന്ന കാർട്ടൂണും വരെ ഇതു നീളുന്നു. നാടോടിക്കാറ്റ്, കടമറ്റത്തുകത്തനാർ തുടങ്ങിയ സിനിമാ, ടെലിവിഷൻ കൃതികളുടെ പാഠാന്തരമാണ് മറ്റുചില കാർട്ടൂണുകൾ മലയാളത്തിലെ എത്രയെങ്കിലും ജനപ്രിയമായ ചലച്ചിത്രരംഗങ്ങളും ഡയലോഗുകളും പരസ്യവാചകങ്ങളും രാഷ്ട്രീയപ്രയോഗങ്ങളും ഗോപീകൃഷ്ണൻ അങ്ങേയറ്റം ഔചിത്യത്തോടെ തന്റെ കാർട്ടൂണുകളിൽ സന്നിവേശിപ്പിക്കും.    
    
ഏറെ കാലികമാണ് ഈ കാർട്ടൂണുകൾ മിക്കതും. പക്ഷെ ഒരു രചനയുടെയും കാലസൂചന നൽകുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത തന്നെയാണ്. എങ്കിലും വരയ്ക്കപ്പെട്ട കാലത്തുനൽകിയ രാഷ്ട്രീയാനന്ദം ഒന്നുകൊണ്ടുമാത്രം ഈ കാർട്ടൂണുകൾ ഒരു സമാന്തരചരിത്രം നിർമ്മിക്കുകയും ഇന്നും പ്രസകതമാകുകയും ചെയ്യുന്നു.

ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ
കെ.ആർ. ഗോപീകൃഷ്ണൻ
മാതൃഭൂമി ബുക്‌സ്, 2013
വില : 425 രൂപ